ഗയ: മെഗാ റാലിയെന്ന് വിശേഷിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സങ്കല്‍പ് റാലിയെ പരിഹസിച്ച് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മന്‍ജി.
ഞായറാഴ്ച നടത്തിയ സങ്കല്‍പ്പ് റാലി വമ്പന്‍ പരാജയമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മെഗാ റാലിയെന്ന് പറഞ്ഞു നടത്തിയ റാലിയില്‍ ആളുകള്‍ എത്തിയില്ലെന്നും ആളുകള്‍ എത്താത്തത് മോദിയേയും ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തവണത്തെ മോദിയുടെ പ്രസംഗത്തിന് അത്ര എനര്‍ജി പോരെന്ന് പറഞ്ഞായിരുന്നു ജിതന്‍ രാമിന്റെ ട്രോള്‍.
അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ ഭൗതിക ശരീരം സ്വീകരിക്കാന്‍ പോകാതെ ബി.ജെ.പി റാലിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രി അവിടെ ചെല്ലേണ്ടതായിരുന്നെന്നും രാജ്യത്തിന് വേണ്ടി ജീവന്‍ കളഞ്ഞ ജവാനെക്കാളും അദ്ദേഹത്തിന് വലുത് രാഷ്ട്രീയ പ്രചരണ റാലികളാണെന്നും ജിതന്‍ രാം കുറ്റപ്പെടുത്തി.
സങ്കല്‍പ് റാലിയില്‍ ആളുകള്‍ കുറഞ്ഞതില്‍ രൂക്ഷ പരിഹാസവുമായി ലാലു പ്രസാദ് യാദവും രംഗത്തെത്തിയിരുന്നു. മോദിയും നിതീഷ് കുമാറും സര്‍ക്കാറിനെ വരെ ഉപയോഗിച്ച് മാസങ്ങളോളം പ്രചരണം നടത്തിയിട്ടും ഒരു മുറുക്കാന്‍ കടയില്‍ കാണുന്ന ആള്‍ക്കൂട്ടത്തെ മാത്രമേ ഇവര്‍ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞുള്ളുവെന്നായിരുന്നു ഇന്നലെ ലാലു ട്വിറ്ററില്‍ കുറിച്ചത്.
ഗാന്ധി മൈതാനില്‍ കോണ്‍ഗ്രസ് സമാന രീതിയിലുള്ള ജന്‍ അകന്‍ക്ഷ റാലി നടത്തിയതിന് തൊട്ടു പിന്നാലെയാണ് ബി.ജെ.പിയും റാലി നടത്താന്‍ തീരുമാനിച്ചത്. 2010ന് ശേഷം മോദിയും നിതീഷ് കുമാറും ആദ്യമായി വേദി പങ്കിടുകയെന്ന പ്രത്യേകതയും റാലിക്കുണ്ടായിരുന്നു.
എന്നാല്‍ ബി.ജെ.പി പ്രതീക്ഷിച്ചതിന്റെ പകുതി പോലും ആളുകള്‍ റാലിക്ക് എത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നതിന് പിന്നാലെ ചില ഫോട്ടോകള്‍ പ്രചരിപ്പിച്ച് ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ ഈ നടപടിയേയും ലാലു പരിഹസിച്ചിരുന്നു.
പരിപാടിയുടെ സംഘാടകര്‍ റാലിക്ക് വന്‍ ജനപിന്തുണ ഉണ്ടാക്കാന്‍ ബുദ്ധിപരമായി ക്യാമറ ട്രിക്കുകള്‍ ഉപയോഗിച്ചെന്നും ആളുകളെ പറ്റിക്കാതെ സൂം ചെയ്യാത്ത ദൃശ്യങ്ങള്‍ കൂടെ പൊതുജനത്തിന് കാണിക്കണമെന്നും ലാലു ബി.ജെ.പിയോടാവശ്യപ്പെട്ടിരുന്നു.
