നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് പിടിക്കാനുള്ള ഭ്രാന്തമായ ഓട്ടത്തിലാണ് ഭരണകക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക്ക് അലയന്‍സെന്നും (എന്‍. ഡി. എ) ആര്‍.ജെ.ഡി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ഓരോ കുടുംബത്തിലേയും ഒരു സ്ത്രീക്ക് പുതിയ തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി ഓഗസ്റ്റ് 29നാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്.
‘മഹിളാ റോസ്ഗാര്‍ യോജന’, എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി സെപ്റ്റംബര്‍ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. നവംബര്‍ 14ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 243 സീറ്റുകളില്‍ 202 എണ്ണവും നേടി വിജയിച്ചതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ നീക്കം.
സംരംഭം ആരംഭിക്കുന്നതിനുള്ള ആദ്യ ഗഡുവായി ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് പതിനായിരം രൂപ നല്‍കേണ്ടതായിരുന്നു. ഇതാണ് പുരുഷന്മാരുടെ അക്കൗണ്ടിലേക്ക് അയച്ചത്. ഈ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബീഹാര്‍ റൂറല്‍ ലൈവ്‌ലി ഹുഡ് പ്രമോഷന്‍ സൊസൈറ്റി അഥവാ ജീവിക പ്രൊജക്റ്റ് മാനേജര്‍ കത്തയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഈ പദ്ധതി വനിതാ അംഗങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും സാങ്കേതിക പിഴവ് മൂലം പതിനായിരം രൂപ മറ്റ് അക്കൗണ്ടുകള്‍ക്ക് അയച്ചതാണെന്നുമാണ് കത്തില്‍ പറയുന്നത്. അതിനാല്‍ ഈ പണം ഒരു പ്രത്യേക അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ദര്‍ഭംഗ ജില്ലയിലെ ജാലെ ബ്ലോക്കിലുള്ള ജീവികയുടെ പ്രൊജക്റ്റ് മാനേജര്‍ ഡിസംബര്‍ 5ന് എഴുതിയതാണ് ഈ കത്ത്. ഇത് അഹിയാരി ബെര്‍ഹാംപൂര്‍ പഞ്ചായത്തുകളിലെ രണ്ട് പേർക്കാണ് അയച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ കത്തിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടുകളടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് ആര്‍.ജെ.ഡിയുടെ ആരോപണം.
‘ബീഹാറില്‍ പട്ടിണി, പണപെരുപ്പം, തൊഴിലില്ലായ്മ, കുടിയേറ്റം എന്നിവയൊക്കെ വളരെ കൂടുതലാണ്. പുരുഷന്മാരുടെ അക്കൗണ്ടില്‍ വന്ന ആ പണം അപ്പോള്‍ തന്നെ ചെലവായിട്ടുണ്ടാവും. അവരിൽ പലര്‍ക്കും പണം തിരികെ നല്‍കാന്‍ കഴിയില്ല,’ പാര്‍ട്ടി അഭിപ്രായപെട്ടു.
സമാനമായ ക്രമക്കേടുകള്‍ ഈ വര്‍ഷം ജൂലൈയില്‍ മഹാരാഷ്ട്രയിലും കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മജ്ഹി ലഡ്കി ബഹിന്‍ യോജന പ്രകാരം 14,298 പുരുഷന്മാര്‍ക്ക് പ്രതിമാസ പേ ഔട്ടുകള്‍ ലഭിച്ചതായി സര്‍ക്കാര്‍ അവലോകനത്തില്‍ കണ്ടെത്തി. ഇതിലൂടെ ഖജനാവിന് നഷ്ടമായത് 21.44 കോടിയാണ്.
Content Highlight : NDA government scheme for women; Men are the beneficiaries: RJD alleges