ഷെഹല റാഷിദിനെതിരായ സീ ന്യൂസിന്റെ വാര്‍ത്താ പരിപാടി അടിസ്ഥാനമില്ലാത്തത്; വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ എന്‍.ബി.ഡി.എസ്.എ ഉത്തരവ്
national news
ഷെഹല റാഷിദിനെതിരായ സീ ന്യൂസിന്റെ വാര്‍ത്താ പരിപാടി അടിസ്ഥാനമില്ലാത്തത്; വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ എന്‍.ബി.ഡി.എസ്.എ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th April 2022, 9:11 am

ന്യൂദല്‍ഹി: ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഷെഹല റാഷിദിനെതിരായി പ്രക്ഷേപണം ചെയ്ത വാര്‍ത്താ പരിപാടി സീ ന്യൂസ് പിന്‍വലിക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി (എന്‍.ബി.ഡി.എസ്.എ).

2020 നവംബര്‍ 30ന് രാത്രി 11:30ന് ഷെഹല റാഷിദിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സീ ന്യൂസില്‍ അവതരിപ്പിച്ച വാര്‍ത്താ പരിപാടി പക്ഷപാതപരവും വസ്തുനിഷ്ഠമല്ലാത്തതുമായിരുന്നെന്നും, സംഭവത്തെ ഒരു ഭാഗത്തുകൂടെ മാത്രമാണ് നോക്കിക്കണ്ടതെന്നും എന്‍.ബി.ഡി.എസ്.എ നിരീക്ഷിച്ചു.

സീ ന്യൂസിന്റെ എല്ലാ യുട്യൂബ്, വെബ്‌സൈറ്റ്, മറ്റ് ലിങ്കുകള്‍ എന്നിവയില്‍ നിന്നും പരിപാടിയുടെ വീഡിയോ നീക്കം ചെയ്യണമെന്നും എന്‍.ബി.ഡി.എസ്.എ ഉത്തരവിട്ടിട്ടുണ്ട്.

സീ ന്യൂസിലെ മുഖ്യ അവതാരകന്‍ സുധീര്‍ ചൗധരി അവതരിപ്പിച്ച പരിപാടിക്കെതിരെ പരാതിയുമായി ഷെഹല റാഷിദ് എന്‍.ബി.ഡി.എസ്.എയെ സമീപിക്കുകയായിരുന്നു.

ഷെഹലയുടെ മാതാവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന പിതാവ് അബ്ദുല്‍ റാഷിദ് ഷോറയുമായി സുധീര്‍ ചൗധരി അഭിമുഖം നടത്തിയിരുന്നു. അഭിമുഖത്തില്‍ ഷെഹലയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അബ്ദുല്‍ റാഷിദ് ഷോറ നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഷെഹലക്കെതിരെ ഒരു അടിസ്ഥാനവും തെളിവുമില്ലാത്ത ആരോപണങ്ങള്‍ സുധീര്‍ ചൗധരി ടി.വി പരിപാടിയിലൂടെ ഉന്നയിക്കുകയായിരുന്നു.

ഷെഹലയുടെ മാതാവിനെയും സഹോദരിയെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പരിപാടിയില്‍ ഉയര്‍ന്നിരുന്നു.

താന്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിങ് നല്‍കിയെന്നും സുധീര്‍ ചൗധരി പരിപാടിയില്‍ പറഞ്ഞതായി ഷെഹല എന്‍.ബി.ഡി.എസ്.എക്ക് മുമ്പാകെ വ്യക്തമാക്കി.

മാര്‍ച്ച് 31നായിരുന്നു സീ ന്യൂസിനെതിരായി എന്‍.ബി.ഡി.എസ്.എ ഉത്തരവ് പുറപ്പെടുവിച്ചത്.

Content Highlight: NBDSA Expresses “Strong Disapproval” Of Zee News Program Against Shehla Rashid, directs removal Of Video Links