ജോലിക്കിടയിലും എന്നേയും വീടിനേയും മാനേജ് ചെയ്യാന്‍ വിദഗ്ധ, എങ്ങനെ സാധിക്കുന്നുവെന്ന് ഫഹദ്; നസ്രിയയുടെ മറുപടി
Entertainment news
ജോലിക്കിടയിലും എന്നേയും വീടിനേയും മാനേജ് ചെയ്യാന്‍ വിദഗ്ധ, എങ്ങനെ സാധിക്കുന്നുവെന്ന് ഫഹദ്; നസ്രിയയുടെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd December 2022, 4:24 pm

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരദമ്പദികളാണ് നസ്രിയയും ഫഹദ് ഫാസിലും. വിവാഹശേഷം പല വേദികളിലും നസ്രിയയെ പറ്റി ഫഹദ് പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. അത്തരം ഒരു പ്രശംസക്ക് മറുപടി നല്‍കുകയാണ് നസ്രിയ. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ഫഹദിന്റെ പരാമര്‍ശം അവതാരകന്‍ പറയുകയായിരുന്നു.

ജോലിക്കിടയിലും തന്റെ വീടിനേയും ജീവിതത്തേയും അവള്‍ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് അറിയണമെന്നുണ്ട്, അതില്‍ അവളൊരു വിദഗ്ധയാണെന്ന് ഫഹദ് പറഞ്ഞുവെന്നാണ് അവതാരകന്‍ പറഞ്ഞത്. ഇത് കേള്‍ക്കാന്‍ നല്ല സുഖമാണെന്നാണ് നസ്രിയ പറഞ്ഞത്.

‘ഞാനൊരു മള്‍ട്ടി ടാസ്‌കറാണ് ( ചിരിക്കുന്നു ), വെറുതെ തമാശ പറഞ്ഞതാണ്. സത്യം പറയുകയാണെങ്കില്‍ നാം ചെയ്യുന്നത് വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് മാനേജ് ചെയ്യാന്‍ പറ്റും. എന്റെ വീട് മാനേജ് ചെയ്യുന്നതും ഫഹദിന്റെ ജീവിതം മാനേജ് ചെയ്യുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു. സമയമില്ല എന്ന് പറഞ്ഞ് ഞാന്‍ ഇതില്‍ നിന്നും ഒഴിഞ്ഞുമാറാറില്ല,’ നസ്രിയ പറഞ്ഞു.

അണ്ടേ സുന്ദരാനികി എന്ന ചിത്രമായിരുന്നു നസ്രിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. വിവേക് അത്രയ സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 10ന് ആയിരുന്നു തിയേറ്ററില്‍ റിലീസ് ചെയ്തത്.

നാനിയായിരുന്നു നായകന്‍. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അണ്ടേ സുന്ദരാനികിയില്‍ അവതരിപ്പിച്ചത്. നദിയ മൊയ്തു, ഹര്‍ഷ വര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു.

ട്രാന്‍സ് ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമായ ട്രാന്‍സില്‍ ഫഹദായിരുന്നു നായകനായി എത്തിയത്.

Content Highlight: Nazria is responding to a compliment by fahad faasil