സ്വര്‍ണ ശേഖരമുള്ള ട്രെയിന്‍ നാസികള്‍ ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
Daily News
സ്വര്‍ണ ശേഖരമുള്ള ട്രെയിന്‍ നാസികള്‍ ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Tuesday, 1st September 2015, 8:23 am

train വാര്‍സോ: നാസികള്‍ ജൂതരില്‍ നിന്നു പിടിച്ചെടുത്ത സ്വര്‍ണനിക്ഷേപങ്ങളുമായി 1945ല്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ ട്രെയിന്‍ ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയതായി സൂചന. യൂറോപ്യന്‍ രാജ്യമായ പോളണ്ടിന്റെ തെക്കു പടിഞ്ഞാറ് വാല്‍ബ്രിസ്‌ക് നഗരത്തിലെ ഒരു കുന്നില്‍ ചെരിവിലാണ് ഈ ട്രെയിന്‍ ഒളിപ്പിച്ചുവെച്ചതെന്നാണ് നിഗമനം.

നാസികളുടെ സ്വര്‍ണം അടങ്ങിയ ട്രെയിന്‍ പോളണ്ടിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നിധി തേടി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. ഇതോടെ പോളിഷ് അധികൃതര്‍ റെയില്‍വെ ലൈനിലു സമീപമുള്ള ഈ പ്രദേശത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു.

സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ നാസി ട്രെയിന്‍ തങ്ങള്‍ കണ്ടെത്തിയതായി ഒരു പോളണ്ട് സ്വദേശിയും ഒരു ജര്‍മന്‍ സ്വദേശിയും അഭിഭാഷകര്‍ മുഖേന പോളിഷ് അധികൃതരെ അറിയിക്കുകയായിരുന്നു. പ്രദേശവാസികളില്‍ നിന്നും സ്വര്‍ണശേഖരമുള്ള ട്രെയിനിനെ കുറിച്ചറിഞ്ഞ ആളുകള്‍ മെറ്റല്‍ ഡിറ്റക്ടറുകളുമായും നിലം കുഴിക്കുന്ന യന്ത്രങ്ങളുമായും ഇവിടേക്ക് കടന്നുവരികയാണ്. അങ്ങനെയെത്തിയവരില്‍ ജര്‍മ്മനിയില്‍ നിന്നുള്ളവരുമുണ്ട്.

ഇതോടെ ട്രെയിന്‍ ഉണ്ടെന്നുപറയപ്പെടുന്ന പ്രദേശത്തിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഈ ട്രെയിനിലുള്ളത് സ്വര്‍ണശേഖരമല്ല ഇതന്വേഷിച്ചു വരുന്നവരെ കൊ നശിപ്പിക്കാനുള്ള വന്‍ സ്‌ഫോടക വസ്തുക്കളാകാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ട്രെയിന്‍ ഒളിപ്പിച്ചുവെച്ചുവെന്നു പറയപ്പെടുന്ന സ്ഥലത്ത് കുഴിബോംബുകളും കെണികളും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ അന്വേഷിച്ചെത്തുന്നവരെ കാത്തിരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

70 വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ ഈ ട്രെയിന്‍ അപ്രത്യക്ഷമാകുകയായിരുന്നു. 1950 കളിലാണ് ഈ ട്രെയിനിനെക്കുറിച്ച് സ്ലോവികോവ്‌സ്‌കിയെന്നയാള്‍ കേള്‍ക്കുന്നത്. അന്നുമുതല്‍ ഇതു കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു അദ്ദേഹം.

ട്രെയിന്‍ ഈ പ്രദേശത്ത് ഒളിപ്പിക്കുന്നത് കാണാനിടയായ ഒരു കുടുംബത്തെ നാസികള്‍ കൊലപ്പെടുത്തിയതായി അദ്ദേഹം അന്വേഷണത്തില്‍ കണ്ടെത്തി. ട്രെയിന്‍ ഒളിപ്പിച്ചുവെച്ച സ്ഥലത്തെ പ്രവേശന കവാടം വരെ താന്‍ എത്തിയതായും അതുകാരണം തനിക്ക് വന്‍ഭീഷണി നേരിടേണ്ടിവന്നതായും അദ്ദേഹം പറയുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ യജ്ഞത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുമെന്ന തരത്തില്‍ നിരവധി ഭീഷണികള്‍ തനിക്കു നേരിടേണ്ടി വന്നതായും അദ്ദേഹം പറയുന്നു.