തസ്‌കര വീരനില്‍ തുടങ്ങിയ കോംബോ ഇനി അടൂര്‍ ചിത്രത്തിലും; മമ്മൂട്ടി-നയന്‍താര ജോഡി വീണ്ടും ഒന്നിക്കുന്നു?
Malayalam Cinema
തസ്‌കര വീരനില്‍ തുടങ്ങിയ കോംബോ ഇനി അടൂര്‍ ചിത്രത്തിലും; മമ്മൂട്ടി-നയന്‍താര ജോഡി വീണ്ടും ഒന്നിക്കുന്നു?
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 3rd January 2026, 8:18 am

മലയാള സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് മമ്മൂട്ടി-നയന്‍താര കോംബോ. 2005 ല്‍ പ്രമോദ്, പപ്പന്‍ സംവിധാനം ചെയ്ത തസ്‌കര വീരന്‍ കഴിഞ്ഞ ദിവസം പാക്കപ്പ് ആയ ബിഗ് ബജറ്റ് ചിത്രം പാട്രിയറ്റ് വരെ എത്തി നില്‍ക്കുന്നതാണ് ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍.

രാപ്പകല്‍

ഇതിന് പിന്നാലെ മമ്മൂട്ടി കമ്പനി നിര്‍മിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരള ബോക്‌സ് ഓഫീസ് എന്ന സിനിമാപേജുകളടക്കമാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

 

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അടൂരിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നതെന്ന പ്രത്യേകതയാണ് ചിത്രത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നത്. കളങ്കാവല്‍ എന്ന ജിതിന്‍.കെ.ജോസ് സംവിധാനത്തിലൊരുങ്ങിയ ഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണെന്നതും പ്രത്യേകതയാണ്.

1987 ല്‍ പുറത്തിറങ്ങിയ അനന്തരത്തിലൂടെയാണ് മമ്മൂട്ടിയെ അടൂര്‍ ആദ്യമായി തന്റെ നായകനാക്കുന്നത്. ഇതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഒരുക്കിയ മതിലുകളും(1990), വിധേയനും(1994) മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളാണ്. വരാനിരിക്കുന്ന ചിത്രം തകഴിയുടെ രണ്ടിടങ്ങഴി നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

Photo: Manorama News

 

ആദ്യമായി ഒരുമിച്ചഭിനയിച്ച ചിത്രമായ തസ്‌കര വീരനിലൂടെ മമ്മൂട്ടിയുടെ നായികയായെത്തിയ നയന്‍താര അതേവര്‍ഷം തന്നെ കമല്‍ സംവിധാനം ചെയ്ത രാപകല്‍ സിനിമയിലും മമ്മൂട്ടിക്കൊപ്പം വേഷമിട്ടിരുന്നു. പിന്നീട് പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം 2015 ല്‍ പുറത്തിറങ്ങിയ ഭാസ്‌കര്‍ ദി റാസ്‌കലിലൂടെയാണ് നയന്‍താര മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ തിരിച്ചെത്തുന്നത്.

തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രത്തിന് ശേഷം 2016 ല്‍ എ.കെ.സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമത്തില്‍ അഭിനയ പ്രാധാന്യമുള്ള വേഷത്തിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഒരിടവേളക്ക് ശേഷം ഒരുമിച്ചെത്തുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിലും താരം വേഷമിടുമെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

Content Highlight: Nayanthara to join in Adoor-Mammootty film

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.