ന്യൂദല്‍ഹി: രാജ്യത്തെ നക്‌സലുകള്‍ക്ക് കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. 2026 മാര്‍ച്ച് 31ഓടെ ഇന്ത്യയിലെ നക്‌സലിസത്തെ ഉന്മൂലനം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി ഛത്തീസ്ഗഢിലെ ബസ്തറില്‍ പറഞ്ഞു.
ആയുധം വെച്ച് കീഴടങ്ങണമെന്നും അല്ലെങ്കില്‍ ശക്തമായ മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
‘നക്‌സലുകള്‍ക്ക് രാജ്യത്ത് അതിജീവിക്കാനുള്ള ഏക മാര്‍ഗം എന്നുപറയുന്നത് ആയുധം വെച്ച് കീഴടങ്ങുക എന്നതാണ്. ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തണമെന്ന് ചിലര്‍ പറയുന്നു.
എന്നാല്‍ ഞാന്‍ ചോദിക്കുന്നത് എന്താണ് ചര്‍ച്ച ചെയ്യാന്‍ ഉള്ളത് എന്നാണ്? ആകര്‍ഷകമായ കീഴടങ്ങല്‍ നയമാണ് നക്‌സലൈറ്റുകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
നിങ്ങള്‍ ആയുധം ഉപേക്ഷിക്കൂ. ബസ്തറിലെ സമാധാനം തകര്‍ക്കാന്‍ നക്‌സലുകള്‍ ആയുധമെടുക്കുകയാണെങ്കില്‍ സുരക്ഷാ സേനയും സി.ആര്‍.പി.എഫും ഛത്തീസ്ഗഢ് പൊലീസും ഒരുമിച്ച് തിരിച്ചടിക്കും.
രാജ്യത്ത് നിന്നും നക്‌സലിസത്തെ ഉന്മൂലനം ചെയ്യാന്‍ അവസാനതീയതിയായി 2026 മാര്‍ച്ച് 31 എന്ന് തീരുമാനിച്ചിരിക്കുകയാണ്’, അമിത് ഷാ ബസ്തര്‍ ദസറ ആഘോഷത്തിനിടെ പറഞ്ഞു.
ബസ്തറിനെ നക്‌സലിസമെന്ന ചുവപ്പ് ഭീകരതയില്‍ നിന്നും മോചിപ്പിക്കാന്‍ സുരക്ഷാസേനയ്ക്ക് ശക്തി നല്‍കണമെന്ന് ദന്തേശ്വരിയോട് പ്രാര്‍ത്ഥിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
‘എല്ലാ ആദിവാസി ഗ്രാമങ്ങളിലും വൈദ്യുതി, ജലവിതരണം, റോഡ്, ടോയ്‌ലറ്റ്, ഇന്‍ഷൂറന്‍സ്, സൗജന്യ അരി, നെല്ല് സംഭരിക്കുന്നതിനുള്ള പദ്ധതി എന്നിവ നടപ്പാക്കിയിട്ടുണ്ട്, എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം ബസ്തര്‍ പിന്നിലാണ്.
നക്‌സലിസത്തിലേക്ക് തിരിയുന്ന യുവാക്കള്‍ നിങ്ങളുടെ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് അവരെ നിങ്ങളാണ് ബോധ്യപ്പെടുത്തേണ്ടത്.