എന്നെ ഞാനാക്കിയത് ആ മനുഷ്യന്‍, അന്ന് ഞാന്‍ ഒരുപാട് കരഞ്ഞു: നവ്യ നായര്‍
Malayalam Cinema
എന്നെ ഞാനാക്കിയത് ആ മനുഷ്യന്‍, അന്ന് ഞാന്‍ ഒരുപാട് കരഞ്ഞു: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th July 2025, 10:04 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അവര്‍ക്ക് കഴിഞ്ഞു. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യയുടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളില്‍ ഒന്നാണ്.

ഇപ്പോള്‍ സംവിധായകന്‍ സിബി മലയിലിനെ കുറിച്ചും ഇഷ്ടം സിനിമയിലേക്ക് വന്നതിന്റെ ഓര്‍മകളും പങ്കുവെക്കുകയാണ് നവ്യ. തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തതിന് ശേഷം സിബി മലയിലും അദ്ദേഹത്തിന്റ പങ്കാളിയും കൂട്ടികൊണ്ടു പോയി തന്റെ മുടി മുറിച്ചുവെന്നും ഒരുപാട് മുടിയുള്ളത് മുറിച്ചുകളഞ്ഞതിനാല്‍ താന്‍ കരഞ്ഞുവെന്നും അവര്‍ പറയുന്നു.

ഒരു സംവിധായന്‍ എന്നതിലുപരി തനിക്ക് വളരെ അടുപ്പമുള്ള വ്യക്തിയാണ് സിബി മലയിലെന്നും അദ്ദേഹത്തിനെയും പങ്കാളിയെയും അങ്കിള്‍, ആന്റി എന്നാണ് താന്‍ വിളിക്കാറുള്ളതെന്നും നവ്യ പറഞ്ഞു. തന്നെ താനാക്കി മാറ്റിയത് സിബി മലയിലാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ഇഷ്ടം സിനിമയിലേക്ക് എന്നെ തെരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ചെന്നൈയിലേക്ക് വിളിച്ചുകൊണ്ടുപോയി. അവിടെ ഒരു പാര്‍ലറില്‍ വെച്ച് എന്റെ മുടി മുറിച്ചു. എനിക്ക് കുറെ മുടി ഉണ്ടായിരുന്നു. മുടിവെട്ടി കഴിഞ്ഞപ്പോള്‍ ഞാന്‍ ഭയങ്കര കരച്ചിലായിരുന്നു. പിന്നെ സിബി അങ്കിളും, ആന്റിയും കൂടെ പോയി എനിക്ക് ഡ്രസൊക്കെ ട്രൈ ചെയ്യിച്ചു.

അങ്കിള്‍ ആന്റി എന്നൊന്നും ഞാന്‍ ഒരു സംവിധായകനെയും ഇതുവരെ വിളിച്ചിട്ടില്ല. വേറൊരു ഡയറക്ടറിന്റെ ഭാര്യയോടും എനിക്ക് പേര്‍സണലി അത്ര അടുപ്പം ഉണ്ടോ എന്ന് അറിയുകയുമില്ല. സിനിമയില്‍ ഇന്ന് ഞാന്‍ ഞാനായി നില്‍ക്കാന്‍ കാരണം അദ്ദേഹമാണ്. എന്റെ പേര് ധന്യ എന്നായിരുന്നു. അത് നവ്യ എന്ന് ഇട്ടത് മുതല്‍ എനിക്കൊരു ജീവിതം നല്‍കി, എനിക്കൊരു ഐഡന്റിറ്റി നല്‍കി. ഇന്ന് എന്നെ ഞാനാക്കി ഈ വേദിയില്‍ നിര്‍ത്തിയത് സിബി അങ്കിള്‍ എന്ന ആ വലിയ മനുഷ്യനാണ്,’ നവ്യ പറയുന്നു.

Content highlight: Navya  nair talks about Sibi Malayil and her first film, Ishtam