ജീവിതത്തില്‍ ആദ്യമായി ഞാന്‍ ജീന്‍സ് ഇടുന്നത് ഇഷ്ടത്തില്‍ അഭിനയിക്കുമ്പോള്‍: നവ്യ നായര്‍
Malayalam Cinema
ജീവിതത്തില്‍ ആദ്യമായി ഞാന്‍ ജീന്‍സ് ഇടുന്നത് ഇഷ്ടത്തില്‍ അഭിനയിക്കുമ്പോള്‍: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th July 2025, 4:44 pm

മലയാളികക്ക് പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. 2001ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയെന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ മികച്ച നടിമാരുടെ ലിസ്റ്റിലേക്ക് നവ്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.

ഇഷ്ടം എന്ന സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നവ്യ നായര്‍. തന്റെ ജീവിതത്തില്‍ ആദ്യമായി ജീന്‍സ് ഇടുന്നതും കൂളിങ് ഗ്ലാസ് വെക്കുന്നതും ഹീല്‍ ഉള്ള ചെരിപ്പിടുന്നതുമെല്ലാം ഇഷ്ടം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണെന്ന് നവ്യ നായര്‍ പറയുന്നു.

ഓഡീഷന്‍ വഴിയാണ് താന്‍ ഇഷ്ടത്തിലേക്ക് എത്തിയതെന്നും സംവിധായകന്‍ സിബി മലയില്‍ തന്നെക്കൊണ്ട് ചിത്രത്തിലെ ചില സീനുകള്‍ ചെയ്യിപ്പിച്ച് നോക്കിയെന്നും നവ്യ നായര്‍ പറഞ്ഞു.

‘എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായൊരു ജീന്‍സ് ഇടുന്നതും പാന്റ്‌സ് ഇടുന്നതും കൂളിങ് ഗ്ലാസ് വെക്കുന്നതും ഹീലുള്ള ചെരുപ്പിടുന്നതുമെല്ലാം ഇടുന്നതുമെല്ലാം ഇഷ്ടം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ്. തൃശൂര്‍ ലൂസിയ പാലസിലായിരുന്നു ഇഷ്ടത്തിന്റെ ഓഡീഷന്‍. അന്ന് സിബി അങ്കിള്‍ എന്നോട് ചിത്രത്തിലെ ചില സീനുകള്‍ എല്ലാം അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞു.

ഇന്നസെന്റ് അങ്കിളായിട്ടുള്ള കോമ്പിനേഷന്‍ സീനെല്ലാം അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞു. കോളേജില്‍ സീനിയര്‍ ആയി പഠിച്ച ഒരാളെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നു. പവി എന്നാണ് അദ്ദേഹത്തിന്റെ പേര്. വര്‍ഷങ്ങള്‍ക്ക് ശേഷം അയാളെ കാണുമ്പോള്‍ എങ്ങനെയായിരിക്കും ഹായ് പറയുക, അതേപോലെ ഹായ് പറയാനൊക്കെ എന്നോട് പറഞ്ഞു. അതൊക്കെയായിരുന്നു എനിക്ക് തന്നെ സീനുകള്‍.

അതൊക്കെ ഞാന്‍ അഭിനയിച്ചു കാണിച്ചു. അതിന് ശേഷം ഞാന്‍ സ്‌കൂളില്‍ ഡാന്‍സും മോണോ ആക്റ്റും ഒക്കെ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്നോട് മോണോ ആക്ട് ചെയ്തു കാണിക്കുമോ എന്ന് ചോദിച്ചു. ഞാന്‍ പെര്‍ഫോം ചെയ്ത് കാണിച്ചപ്പോള്‍ നന്നായെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഇഷ്ടത്തിലേക്ക് എത്തുന്നത്,’ നവ്യ നായര്‍ പറയുന്നു.

Content Highlight: Navya Nair Talks About Ishtam Movie