അന്നൊക്കെ എനിക്ക് സൗബിനെ കാണുമ്പോള്‍ തന്നെ ദേഷ്യമായിരുന്നു, അത്രക്ക് ബുദ്ധിമുട്ടിച്ചിട്ടുണ്ട്: നവ്യ നായര്‍
Malayalam Cinema
അന്നൊക്കെ എനിക്ക് സൗബിനെ കാണുമ്പോള്‍ തന്നെ ദേഷ്യമായിരുന്നു, അത്രക്ക് ബുദ്ധിമുട്ടിച്ചിട്ടുണ്ട്: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th October 2025, 9:05 pm

കരിയറിലെ ആദ്യത്തെ പൊലീസ് വേഷവുമായി എത്തുകയാണ് നവ്യ നായര്‍. റെത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രിയിലാണ് നവ്യ ആദ്യമായി കാക്കിയണിഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. ഫസ്റ്റ് ലുക്ക് മുതല്‍ ചിത്രം സിനിമാപ്രേമികളുടെ ശ്രദ്ധ ആകര്‍ഷിച്ചു. നവ്യ നായര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും പാതിരാത്രിയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സൗബിന്‍ അഭിനേതാവാകുന്നതിന് മുമ്പ് അയാളെ തനിക്ക് അറിയാമായിരുന്നെന്ന് പറയുകയാണ് നവ്യ നായര്‍. അസിസ്റ്റന്റ് ഡയറക്ടറായി നില്‍ക്കുന്ന സമയം മുതല്‍ താന്‍ സൗബിനെ ശ്രദ്ധിക്കുമായിരുന്നെന്നും പാണ്ടിപ്പടയിലും അദ്ദേഹം എ.ഡിയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. നവ്യയെ താന്‍ ആ സിനിമയുടെ സമയത്ത് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് സൗബിന്‍ പറഞ്ഞു.

‘പടത്തിന് വേണ്ടി ഒരുപാട് കോസ്റ്റിയൂം ഡിസൈന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ ആകെ കുറച്ചേ ഉപയോഗിച്ചുള്ളൂ. ഒരുപാട് കോസ്റ്റ്യൂം ബാക്കിയായിരുന്നു. അതെല്ലാം എവിടെ ഉപയോഗിക്കുമെന്ന് റാഫിക്കയോട് ചോദിച്ചപ്പോള്‍ ഒരൊറ്റ പാട്ടില്‍ എല്ലാം ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നവ്യയെക്കൊണ്ട് ആ കോസ്റ്റ്യൂമെല്ലാം ഉപയോഗിപ്പിച്ചു.

‘അറിയാതെ ഇഷ്ടമായ്’ എന്ന പാട്ടിലായിരുന്നു എല്ലാ കോസ്റ്റ്യൂമും ഉപയോഗിച്ചത്. ഒരു ഷോട്ടില്‍ നടന്നുവരുന്ന നവ്യയെക്കൊണ്ട് മൂന്ന് വട്ടം കോസ്റ്റ്യൂം മാറ്റിച്ചിട്ടുണ്ട്. അത്രയും ഡ്രസ്സ് ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം ഉപയോഗിക്കണമെന്ന് പറയുമ്പോള്‍ നമുക്ക് വേറെ വഴിയില്ലല്ലോ. അതുകൊണ്ടാണ് അന്ന് അങ്ങനെ ചെയ്യേണ്ടി വന്നത്,’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.

‘ആ സമയത്ത് സൗബിനെ കാണുമ്പോള്‍ എനിക്ക് ദേഷ്യം വരുമായിരുന്നു. ഒരു കോസ്റ്റ്യൂം ഇട്ട് കുറച്ച് കഴിയുമ്പോഴേക്ക് അടുത്തത് കൊണ്ടുവരും. അത് മാറ്റും, വേറെ കൊണ്ടുവരും. അങ്ങനെ ചെയ്ത് നല്ലവണ്ണം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇപ്പോഴാണ് ആ കഥകളെല്ലാം വെളിപ്പെടുത്താന്‍ ഒരു അവസരം കിട്ടിയത്,’ നവ്യ നായര്‍ പറയുന്നു.

പുഴുവിന് ശേഷം റെത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രിയുടെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. നൈറ്റ് പട്രോളിങ്ങിനിടെ രണ്ട് പൊലീസുകാര്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആന്‍ അഗസ്റ്റിന്‍, സണ്ണി വെയ്ന്‍, ആത്മീയ രാജന്‍, കന്നഡ താരം അച്യുത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Navya Nair shares the experience with Soubin Shahir during Pandippada movie