എത്ര പേരുടെ കരിയറില്‍ അങ്ങനെ പറയാന്‍ ഒരു സിനിമയുണ്ടാകും; അത് എനിക്ക് സംഭവിച്ചത് നിയോഗമാണ്: നവ്യ നായര്‍
Malayalam Cinema
എത്ര പേരുടെ കരിയറില്‍ അങ്ങനെ പറയാന്‍ ഒരു സിനിമയുണ്ടാകും; അത് എനിക്ക് സംഭവിച്ചത് നിയോഗമാണ്: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th October 2025, 4:01 pm

നന്ദനം തനിക്ക് ലഭിച്ചത് ഒരു നിയോഗമായാണ് താന്‍ കാണുന്നതെന്ന് നടി നവ്യാ നായര്‍. ഗുരുവായൂരപ്പന് തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ആ സിനിമ സംഭവിച്ചതെന്നും അതുകൊണ്ടാണ് ആ കഥാപാത്രവും സിനിമയുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ ആ സിനിമയാണ് എന്റെ ബാക്ക് ബോണ്‍. എത്ര പേരുടെ കരിയറില്‍ അങ്ങനെ പറയാന്‍ ഒരു സിനിമയുണ്ടാകും. പറയാന്‍ പറ്റില്ല. കുറച്ച് സിനിമകള്‍ ഉണ്ടാകും, ചിലപ്പോള്‍ കുറച്ച് കാലം കഴിയുമ്പോള്‍ അവരെ ഓര്‍മയുണ്ടാകും പക്ഷേ അവര്‍ അഭിനയിച്ച സിനിമകളോ കഥാപാത്രമോ ഓര്‍മയുണ്ടാകണമെന്നില്ല.

എന്നാല്‍ ഒരു കഥാപാത്രത്തിന്റെ പേര് എടുത്ത് പറഞ്ഞ് ഇപ്പോഴും മറ്റുള്ളവര്‍ ഓര്‍ക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങളെ ഉണ്ടാകുകയുള്ളു. അങ്ങനെയൊരു കഥാപാത്രം എനിക്ക് കിട്ടി. അതില്‍ ഞാന്‍ ഭാഗ്യവതിയാണ്,’ നവ്യ പറയുന്നു.

രഞ്ജിത്തിന്റെ സംവിധാനത്തില്‍ നവ്യ നായര്‍, പൃഥ്വിരാജ്, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, രേവതി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2002 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് നന്ദനം. ഭാവന സിനിമയുടെ ബാനറില്‍ രഞ്ജിത്ത്, സിദ്ദിഖ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മിച്ചത്.

പാതിരാത്രിയാണ് നവ്യയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. റത്തീന ഒരുക്കുന്ന ചിത്രത്തില്‍ സൗബിനും നവ്യയും പൊലീസ് വേഷത്തിലാണ് അഭിനയിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പാതിരാത്രി.

Content highlight: Navya Nair says that the movie Nandanam is a blessing for her