സ്ത്രീകളോടുള്ള സമീപനത്തിലെ മാറ്റം ഈ സിനിമയിലും കാണാം; എല്ലാവരുടെയും കരുതല്‍ അനുഭവിച്ച നിമിഷം ആയിരുന്നു അത്: നവ്യ നായര്‍
Malayalam Cinema
സ്ത്രീകളോടുള്ള സമീപനത്തിലെ മാറ്റം ഈ സിനിമയിലും കാണാം; എല്ലാവരുടെയും കരുതല്‍ അനുഭവിച്ച നിമിഷം ആയിരുന്നു അത്: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st October 2025, 4:20 pm

സ്ത്രീകളോടുള്ള സമീപനങ്ങളില്‍ സമൂഹത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം പാതിരാത്രിയെന്ന സിനിമയിലും കാണാമെന്ന് നടി നവ്യ നായര്‍. സ്‌ക്രീനില്‍ മാത്രമല്ല, ലൊക്കേഷനിലും ആ കരുതലുണ്ടായിരുന്നുവെന്നും നവ്യ പറഞ്ഞു.

പുഴുവിനുശേഷം രത്തീന സംവിധാനം ചെയ്ത സിനിമയാണ് പാതിരാത്രി. ചിത്രത്തില്‍ നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നവ്യ.

‘ഷൂട്ടിങ് ആരംഭിച്ചതിന്റെ പിറ്റേന്ന് എനിക്കു പീരീഡ്സ് ഉണ്ടായി. ഓട്ടവും ചെറിയൊരു മല്‍പിടിത്തവും ചിത്രീകരിക്കേണ്ട ദിവസമാണ്. ഞാന്‍ എന്റെ അവസ്ഥ സംവിധായികയോട് പറഞ്ഞു. രത്തീന ക്രൂവിലുള്ളവരോട് സംസാരിച്ചു. നേരത്തേ നിശ്ചയിച്ച സീനുകള്‍ മാറ്റിവച്ച് എനിക്ക് ആവശ്യമായ വിശ്രമം നല്‍കി, വേറെ രംഗങ്ങള്‍ ചിത്രീകരിച്ചു.

എല്ലാവരുടെയും കരുതല്‍ ഞാന്‍ അനുഭവിച്ച നിമിഷം ആയിരുന്നു അത്. സംവിധായിക വനിത ആയതുകൊണ്ടു മാത്രമല്ല, സ്ത്രീയോടുള്ള ആളുകളുടെ സമീപനത്തില്‍ മാറ്റം വന്നതിന്റെ കൂടി തെളിവായിരുന്നു അത്.

ആര്‍ത്തവം എന്നത് ഗോപ്യമായ സംഗതിയല്ലെന്ന് എല്ലാവരും ഉള്‍ക്കൊണ്ടു കഴിഞ്ഞുവെന്നും അതിന് പുതിയ തലമുറയിലെ കുട്ടികള്‍ക്കാണ് സല്യൂട്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. ഈ സിനിമയെക്കുറിച്ച് ആദ്യം സംസാരിക്കുന്നത് ഒരു ഒക്ടോബര്‍ മാസത്തിലാണെന്നും കഥ ഇഷ്ടപ്പെട്ടതോടെ ഒരുത്തീ നിര്‍മിച്ച കെ.വി. അബ്ദുല്‍ നാസറിനോട് താന്‍ തന്നെ സംസാരിച്ചിരുന്നുവന്നെും നടി പറഞ്ഞു. പിന്നെ സിനിമ പെട്ടെന്ന് ഓണാകുകയായിരുന്നുവെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

നവ്യ ആദ്യമായി മുഴുനീളെ പൊലീസ് വേഷത്തിലെത്തിയ സിനിമയാണ് പാതിരാത്രി. ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തിയ സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content highlight: Navya Nair says that the change in society’s attitudes towards women can also be seen in the film Parthirathri