തന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക്, പ്രത്യേകിച്ച് അമ്മയ്ക്കും അമ്മമാര്‍ക്കുമെല്ലാം, അവരുടെ ബാലാമണിയാണ് താനിപ്പോഴുമെന്ന് നടി നവ്യ നായര്‍.
ഒരു നടിക്ക് എപ്പോഴും നല്ലത്, സ്ഥിരം ഇമേജ് ബ്രേക്ക് ചെയ്യുന്നതാണെന്നും എന്നാല്‍ ബാലാമണി ഇമേജ് അവിടെ ഉണ്ടായിക്കോട്ടെയെന്നും നവ്യ പറഞ്ഞു. മനോരമ ആഴ്ച്ച പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നവ്യ.
‘ജീവിതത്തില്‍ ഇമേജിനൊന്നും വലിയ കാര്യമില്ല. ഇന്നലത്തെക്കാള്‍ ബെസ്റ്റ് ഇന്ന് കൊടുക്കാന്‍ കഴിയുക അതാണ് പ്രധാനം. ഞാന്‍ എന്റെ കലയില്‍ വിശ്വസിക്കുന്നു. അത് തിരിഞ്ഞു കടിക്കില്ല. ജീവിതത്തിലേക്ക് പലരും കടന്നുവരും. നമ്മള്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചാലും മനുഷ്യനെ മനസിലാക്കാനാവില്ല. വലിയ തിരിച്ചടികള്‍ തന്നിട്ട് അവര്‍ ഇറങ്ങിപ്പോകും. ചെറുവിരല്‍ പോലും അനക്കാനാകാതെ നോക്കി നില്‍ക്കാനേ നമുക്കു കഴിയൂ,’ നവ്യ പറയുന്നു.
ഇപ്പോള്‍ സര്‍വം സമര്‍പ്പിച്ചിരിക്കുന്നത് കലയിലാണെന്നും നൃത്തത്തില്‍ ഓരോരോ പുതിയ കാര്യങ്ങള്‍ പഠിക്കുന്നുവെന്നും അത് കുറച്ചുപേരെ പഠിപ്പിക്കുന്നുണ്ടെന്നും നടി പറഞ്ഞു. അതിന്റെ സന്തോഷം വലുതാണെന്നും സിനിമയില്‍ ഒരു മുഴുനീള നര്‍ത്തകിയുടെ വേഷം തന്റെ വലിയ സ്വപ്നമാണെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഒരു കഥ വന്നിട്ടുണ്ടെന്നും ചിലപ്പോള്‍ അത് യാഥാര്‍ഥ്യമാകുമെന്നും നടി പറഞ്ഞു.