എനിക്കിനി ഒരു പടവും ഇല്ലെങ്കിലും കോംപ്രമൈസ് ചെയ്ത് അത്തരം റോളുകള്‍ ചെയ്യില്ല; തിരിച്ചുവരവില്‍ ഇന്‍ഡസ്ട്രി സ്വാഗതം ചെയ്തിട്ടില്ല: നവ്യ
Malayalam Cinema
എനിക്കിനി ഒരു പടവും ഇല്ലെങ്കിലും കോംപ്രമൈസ് ചെയ്ത് അത്തരം റോളുകള്‍ ചെയ്യില്ല; തിരിച്ചുവരവില്‍ ഇന്‍ഡസ്ട്രി സ്വാഗതം ചെയ്തിട്ടില്ല: നവ്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd May 2023, 6:14 pm

തിരിച്ചുവരവില്‍ ഇന്‍ഡസ്ട്രി സ്വീകരിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്നും, ജനങ്ങള്‍ തന്നെ സ്വീകരിച്ചപ്പോള്‍ ഇന്റസ്ട്രി കൂടി സ്വീകരിക്കുകയാണുണ്ടായതെന്നും നടി നവ്യ നായര്‍. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ കൂടുതലും അമ്മ, ചേച്ചി റോളുകളിലേക്കാണ് കാസ്റ്റ് ചെയ്യപ്പെടുന്നതെന്നും അത്തരം റോളുകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്നും ക്ലബ് എഫ്.എം ന് നല്‍കിയ അഭിമുഖത്തില്‍ നവ്യ വ്യക്തമാക്കി.

‘ഇന്‍ഡസ്ട്രി എന്നെ സ്വീകരിച്ചുവെന്ന് പറയാന്‍ പറ്റില്ല. കാരണം ജനങ്ങള്‍ സ്വീകരിച്ചപ്പോള്‍ ഇന്‍ഡസ്ട്രികൂടി സ്വീകരിക്കുകയാണുണ്ടായത്. കല്യാണം കഴിഞ്ഞ നടിമാര്‍ക്ക് ഇന്‍ഡസ്ട്രിയില്‍ മാര്‍ക്കറ്റ് കുറവാണ്. കല്യാണം കഴിച്ച ഒരു നടി ഇനി തിരിച്ചുവരുമെന്നുപോലും ആളുകള്‍ കരുതില്ല. ഇപ്പോള്‍ ആ സാഹചര്യം കുറച്ചൊക്കെ മാറി.

കല്യാണം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും സിനിമ ചെയ്യണോ വേണ്ടയോ എന്നുള്ളതൊക്കെ ഓരോരുത്തരുടെയും തീരുമാനത്തിന്റെ ഭാഗമാണെന്നൊക്കെ ആളുകള്‍ മനസ്സിലാക്കി തുടങ്ങി. ഇനി അഥവാ തിരിച്ചുവന്നാല്‍ തന്നെ ഞങ്ങള്‍ നായികമാരായഭിനയിച്ച നായകന്മാരുടെ ചേച്ചിയായും അമ്മയായുമുള്ള വേഷങ്ങളൊക്കെയാണ് കൂടുതലും ലഭിക്കുക.

ഞങ്ങള്‍ക്കാര്‍ക്കും അതിനുള്ള പ്രായമായിട്ടായിരിക്കില്ല അത്. ഞാന്‍ അഭിനയിച്ച നായകന്മാരുടെ അമ്മയായി അഭിനയിക്കാന്‍ എനിക്കൊട്ടും താല്‍പര്യമില്ല. എനിക്കൊരു പടം പോലുമില്ലെങ്കിലും അത്തരം വിട്ടുവീഴ്ചക്കള്‍ക്ക് ഞാന്‍ തയ്യാറല്ല’, നവ്യ പറഞ്ഞു.

‘ഒരുത്തി’ സിനിമയുടെ നിര്‍മ്മാതാക്കള്‍ മൂന്ന് സ്ത്രീകളാണെന്നും അവര്‍ മുഴുവന്‍ സമയവും ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടാവുമായിരുന്നെന്നും നവ്യ പറഞ്ഞു. തനിക്ക് പരാജയപ്പെടുമോയെന്നുള്ള പേടിയുണ്ടായിരുന്നെന്നും, പിന്നീട് പരാജയപ്പെടുന്നത് നോര്‍മല്‍ ആണെന്ന തിരിച്ചറിവാണ് ‘ഒരുത്തി’ യിലൂടെ സിനിമയിലേക്ക് തിരിച്ചുവരാന്‍ പ്രേരിപ്പിച്ചതെന്നും നവ്യ പറഞ്ഞു.

‘സ്വാഭാവികമായി മള്‍ട്ടിടാസ്‌ക് ചെയ്ത് നല്ല ശീലമായതുകൊണ്ടായിരിക്കാം സ്ത്രീകള്‍ക്ക് പല കാര്യങ്ങളിലും നല്ല ശ്രദ്ധയുണ്ടായിരിക്കും. മൂന്ന് നിര്‍മ്മാതാക്കളുള്ളത് കൊണ്ട് തന്നെ അവരവര്‍ ചെയ്യേണ്ട ജോലികള്‍ അവര്‍ തന്നെ പരസ്പരം വീതിച്ചു കൊടുത്തിരുന്നു.

ഒരാള്‍ സ്‌ക്രിപ്റ്റിലാണെങ്കില്‍, വേറൊരാള്‍ സാമ്പത്തിക ഇടപാടുകളിലും മറ്റൊരാള്‍ അഭിനേതാക്കളോടുള്ള ആശയവിനിമയത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനില്‍ എല്ലാവര്‍ക്കും തുല്യപങ്കാളിത്തമുണ്ടായിരുന്നു’, നവ്യ പറഞ്ഞു.

നവ്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ജാനകി ജാനേ’. നവാഗതനായ അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സൈജു കുറുപ്പും ജോണി ആന്റണിയുമാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: Navya Nair about her comeback to malayalam movies