നേതൃസ്ഥാനത്ത് നിന്ന് പുറത്തായതല്ല വീടിന്റെ ജപ്തിയാണ് പ്രധാനം; നാട്ടിക എം.എല്‍.എ മുകുന്ദന്‍
Kerala
നേതൃസ്ഥാനത്ത് നിന്ന് പുറത്തായതല്ല വീടിന്റെ ജപ്തിയാണ് പ്രധാനം; നാട്ടിക എം.എല്‍.എ മുകുന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2025, 1:23 pm

തൃശൂര്‍: ജില്ലാ കമ്മറ്റിയില്‍ നിന്ന് പുറത്തായതിന് പിന്നാലെ സി.പി.ഐ തേതൃത്വത്തിനെതിരെ നാട്ടിക എം.എല്‍.എ സി.സി. മുകുന്ദന്‍. പാര്‍ട്ടി പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യാറുണ്ടെന്നും വ്യക്തിരകമായ അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകാമെന്നും സി.സി. മുകുന്ദന്‍ പറഞ്ഞു. മാത്രമല്ല പാര്‍ട്ടി നേതൃസ്ഥാനം നഷ്ടമായതിലല്ല മുന്‍ഗണനയെന്നും ജപ്തിഭീഷണിയിലുള്ള തന്റെ വീടിന്റെ അവസ്ഥയാണ് പ്രധാനമെന്ന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോവേണ്ട ആവശ്യമില്ലെന്നും പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കകത്ത് മുമ്പ് ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹും പറഞ്ഞു. 2021ല്‍ എം.എല്‍.എ ആയതുമുതല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ മസൂദ് കെ. വിനോദിനെ മാറ്റിത്തരണമെന്ന് മുകുന്ദന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യ പരിഗണിക്കാതിരുന്നത് എം.എല്‍.എയെ ചൊടിപ്പിച്ചിരുന്നു.

വി.എസ്. സുനില്‍ കുമാര്‍ മന്ത്രിയായിരിക്കുമ്പോളും എം.എല്‍.എ ആയിരിക്കുമ്പോളും മസൂദ് ആയിരുന്നു പി.എ. പി.എ ആയി പാര്‍ട്ടി നിയമിച്ച വ്യക്തി തന്റെ ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്‌തെന്ന് എം.എല്‍.എയുടെ പരാതിയുണ്ടായിരുന്നു.

ഇതിനിടെ പാര്‍ട്ടി നിയമിച്ച പി.എയും എം.എല്‍.എ നിയോഗിച്ച ഓഫീസ് അസിസ്റ്റന്റും തമ്മില്‍ പൊരുത്തക്കേടുകളുണ്ടാകുകയും പഴയ പി.എയെ മാറ്റണമെന്നും ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുകുന്ദന്‍ നിയമസഭയ്ക്ക് കത്ത് അയച്ചു. തുടര്‍ന്ന് പി.എ മസൂദ് സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.

മാത്രമല്ല മസൂദിനെതിരെ കര്‍ശന വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. കേസ് കോടതിയില്‍ എത്തിയതോടെ മൊഴി മാറ്റാന്‍ എം.എല്‍.എക്കുമേല്‍ പാര്‍ട്ടി ഉന്നത തലത്തില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ എം.എല്‍.എ വഴങ്ങിയില്ല. ജില്ലാ സമ്മേളനം അവസാനിച്ചപ്പോള്‍ ജില്ലയിലെ എം.എല്‍.എമാരെല്ലാം ജില്ലാ കൗണ്‍സിലില്‍ അംഗങ്ങളായി തെരഞ്ഞെടുത്തില്ലങ്കിലും സി.സി. മുകുന്ദന്‍ പുറത്തായി. മുകുന്ദനെ ഒഴിവാക്കിയതിന്റെ വ്യക്തമായ കാരണങ്ങള്‍ പറഞ്ഞിട്ടില്ല.

Content Highlight: Nattika MLA C.C. Mukundan spoke about his removal from the party leadership post