നേറ്റീവ് ബാപ്പ  സംഗീതത്തിന്റെ രാഷ്ട്രീയം
Discourse
നേറ്റീവ് ബാപ്പ സംഗീതത്തിന്റെ രാഷ്ട്രീയം
ന്യൂസ് ഡെസ്‌ക്
Saturday, 5th January 2013, 1:06 pm

ഇസ്ലാമോഫോബിയക്കും ഭരണകൂടത്തിന്റെ മുസ്ലീം വേട്ടക്കും എതിരെ കേവലം ഒരു പാട്ട് എന്നതിന് അപ്പുറം പതിവ് “ഇക്കിളി”സംഗീത ബോധത്തില്‍ നിന്നും മാറി പൊളിറ്റിക്കല്‍ ഹിപ് ഹോപ്പ് രീതി സ്വീകരിച്ചു എന്നതാണ്  സ്വതന്ത്ര സംഗീതത്തെ ആസ്വദിക്കുന്ന ഒരാള്‍ എന്ന രീതിയില്‍ എനിക്ക് “മാപ്പിള ലഹള ” പ്രതീക്ഷ നല്‍കുന്നത്. ജീവന്‍ എഴുതുന്നു

 


ഇന്റി മ്യൂസിക് / ജീവന്‍

സംഗീതം സ്വാതന്ത്ര്യം ആണ്. ഭരണകൂടങ്ങള്‍ക്കെന്നും ഭീഷണിയായിരുന്നു സ്വതന്ത്ര സംഗീത ലോകം. നമ്മുടെ സമൂഹത്തിലെ  ഇസ്ലാമോഫോബിയുടെ നേര്‍ചിത്രമാണ് “നേറ്റീവ് ബാപ്പ” പാടി തീര്‍ക്കുന്നത്. തീര്‍ച്ചയായും ഈ പാട്ടിനൊപ്പം പാട്ടിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

പാട്ടിന്റെ അര്‍ത്ഥങ്ങള്‍ക്ക് അപ്പുറം അത് മുന്നോട്ടു വെക്കുന്ന ഒരു രാഷ്ട്രീയ വീക്ഷണം. എങ്ങനെ സ്വതന്ത്ര സംഗീതം ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധമാവുന്നു എന്നത് ഇനിയെങ്കിലും സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്.

സ്വതന്ത്ര സംഗീതം അഥവാ ഇന്‍ഡീ മ്യൂസിക്

സ്വതന്ത്ര സംഗീതം എന്നത് സാധാരണ നിര്‍വചിക്കാറുള്ളതു മുഖ്യധാരാ സംഗീതലോകത്തില്‍ നിന്നും വിഭിന്നമായി പോപ്പ് മ്യൂസിക്കിന്റെയും സമൂഹത്തിലെ ഒരു ഉന്നത വിഭാഗത്തെ മാത്രം ചുറ്റിപറ്റി നില്‍ക്കുന്ന ശാസ്ത്രീയ സംഗീതത്തിന്റെയും ചുറ്റുപാടുകളില്‍ നിന്നും രീതികളില്‍ നിന്നും അത് പ്രതിനിധാനം ചെയ്യുന്ന ഒരു സംസ്‌കാരത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന സംഗീത ശാഖകള്‍ എന്ന നിലക്കാണ്.[]

പ്രധാനമായും ഇന്‍ഡി മ്യൂസിക്കില്‍ എണ്ണാറുള്ളത് റോക്ക്, ഫോക്, മെറ്റല്‍, ഹിപ് ഹോപ്, ജാസ്സ്, ബ്ലൂസ്, കണ്ട്രി മ്യൂസിക് എന്നിവയാണ്. എന്നാല്‍ ഇതില്‍ മറ്റു ഗെന്രെ കളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഹിപ് ഹോപ്പിന്റെ ചരിത്രം.

ഹിപ് ഹോപ്പിന്റെ രാഷ്ട്രീയപരമായതും സാമൂഹ്യപ്രധാനവുമായ വേരുകളില്‍ നിന്നും മാറി കേവലം “പാര്‍ട്ടി മ്യൂസിക്” എന്ന നിലയിലേക്ക് മുഖ്യധാര സംഗീതത്തിന്റെ തണലുപറ്റി അത് അതിന്റെ വേരുകളില്‍ നിന്നും അടര്‍ന്നു പോയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

പരുക്കന്‍ ശബ്ദങ്ങളില്‍ ഭാഷയുടെ റൈമിങ്ങ് (Rhyming) മാത്രം ഉപയോഗിച്ച് കറുത്ത വര്‍ഗക്കാരന്റെ ദേശീയത പാടിയ “ലാസ്റ്റ് പോയറ്റിന്റെ ” രാഷ്ട്രീയത്തില്‍ നിന്നും അത് ഏറെ മാറിയിരിക്കുന്നു.

പൊളിറ്റിക്കല്‍ ഹിപ് ഹോപ്

അസ്ഥിത്വ വാദത്തിന്റെ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ അമേരിക്കന്‍ ജനത ഹിപ്പിസത്തിന് വഴിമാറിക്കൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാലമായിരുന്നു 60കള്‍. ഭരണകൂടത്തെയും ഒരു നാടിന്റെ സവര്‍ണ ബോധങ്ങളെയും ചുറ്റിപറ്റി നില്‍ക്കുന്ന  മുഖ്യധാരാ സംഗീത ബോധത്തില്‍ നിന്നും മോചിതമായി ഒരു പറ്റം സംഗീതജ്ഞര്‍ തങ്ങളുടേതായ സംഗീതവുമായ് സമൂഹത്തെ വെല്ലുവിളിച്ച കാലം.

ജിമ്മി ഹെണ്ട്രിക്‌സും ബോബ് ഡിലനും പിങ്ക് ഫ്‌ലോയിഡും ബീറ്റില്‍സും ലെഡ് സെപ്ലിനും തുടങ്ങി പല അത്ഭുതങ്ങളും നിറഞ്ഞു നിന്ന കാലം. ഒരു പുതിയ സംഗീത സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും തുടക്കം കൂടിയായിരുന്നു അത്.

1969ല്‍ നടന്ന ആദ്യ വുഡ് സ്‌റ്റോക്ക് ഫെസ്‌റ്റൊടെ ഒരു പക്ഷെ നില നിന്നിരുന്ന സംഗീത ബോധങ്ങളെ, അഥവാ സവര്‍ണ സംഗീത ബോധങ്ങള്‍ തകിടം മറിയുകയായിരുന്നു.

ഈ ഒരു നവോത്ഥാനം ആണ് 70 കളിലെ ഹിപ് ഹോപ്പുകള്‍ക്കും പൊളിറ്റിക്കല്‍ ഹിപ് ഹോപ് എന്ന sub genre നും ഒക്കെ വഴി വെക്കുന്നത്.സംഗീതത്തില്‍ പുതിയ രീതികള്‍ക്കുള്ള തുടക്കമായിരുന്നു ഇത്.

ഒരു പക്ഷെ മുന്നേ ബ്ലൂസിലൂടെ മാത്രം വന്ന അമേരിക്കയിലെ കറുത്ത വര്‍ഗക്കാരന്റെ ശബ്ദമായ് “ലാസ്റ്റ് പോയെറ്റ്‌സ്”(“Last poets”). കറുത്തവന്റെ ദേശീയത ഉയര്‍ത്തിക്കൊണ്ട് ബ്ലൂസിന്റെ ശൈലിയില്‍ നിന്നും വ്യത്യസ്തമായ കുറച്ചുകൂടി ശക്തമായ രീതി.

80 കളില്‍ “പബ്ലിക് എനിമി”(Public enemy),  90 കളില്‍ ഇടതു പക്ഷ രാഷ്ട്രീയമുയര്‍ത്തി “റെയിജ് എഗൈന്‍സ്റ്റ് മെഷീന്‍” (Rage against machine) പോലെ അമേരിക്കയെ ഭീഷണിപ്പെടുത്തിയ മെറ്റല്‍  ബാന്റുകളോടൊപ്പം വേദിയും രാഷ്ട്രീയവും പങ്കുവച്ചുകൊണ്ട്  “ദ കൂപ്പ്” (The coupe).

പൊളിറ്റിക്കല്‍ ഹിപ്  ഹോപ്പിന്റെ രീതി പതിവ് ഹിപ് ഹോപ്പ് രീതികളില്‍ നിന്നും വ്യത്യസ്തമായി അതിന്റെ രാഷ്ട്രീയം തുറന്നടിച്ചു പറയുക എന്നതാണ്. ഒരേ താളക്രമത്തില്‍ പോവുന്ന സംഗീതത്തോടൊപ്പം വിമര്‍ശനങ്ങള്‍ ആക്ഷേപഹാസ്യമായോ അല്ലെങ്കില്‍ തുറന്നുപറച്ചില്‍ കൊണ്ടോ വാക്കുകളുടെ റൈമിങ്ങ് (rhyming) ഉപയോഗിച്ചുള്ള സംഗീതം.

അതിന്റെ സംഗീതത്തോട് താദാത്മ്യം പ്രാപിച്ചുകൊണ്ട് തന്നെ ഭാഷയുടെയും അക്ഷരങ്ങളുടെയും കൃത്യമായ ഉപയോഗത്തോടെ പാടുന്നത് ആശയം എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടിയാണ്. “കൊള്ളേണ്ട  പോലെ കൊള്ളിക്കുക” എന്നതാണ് പൊളിറ്റിക്കല്‍ ഹിപ് ഹോപ് ചെയ്യുന്നത്.

“When the revolution comes
When the revolution comes
When the revolution comes some of us will probably catch it on TV, with chicken hanging from our mouths. You”ll know its revolution cause there won”t be no commercials
When the revolution comes” ( ലാസ്റ്റ് പോയെറ്റ് വെന്‍ -When the revolution comes )
(വിപ്ലവങ്ങള്‍ വരുമ്പോള്‍
വിപ്ലവങ്ങള്‍ വരുമ്പോള്‍
വിപ്ലവങ്ങള്‍ വരുമ്പോള്‍ നമ്മളില്‍ ചിലര്‍ അത് ടി.വി യില്‍ കണ്ടുകൊണ്ടിരിക്കും, വായില്‍ തിരുകിയ ഇറച്ചികഷണങ്ങളുമായി, നിങ്ങള്‍ തിരിച്ചറിയും, ഇത് വിപ്ലവം ആണ്.. കാരണം ഇടയില്‍ പരസ്യങ്ങള്‍ (കച്ചവടവല്‍ക്കരണം) ഉണ്ടാവില്ല… വിപ്ലവങ്ങള്‍ വരുമ്പോള്‍)

മാപ്പിള ലഹളയുടെ “നേറ്റീവ് ബാപ്പ”യും പിന്തുടര്‍ന്നത് ഇതേ ശൈലിയാണ്. ഒരു രീതിയില്‍ പോവുന്ന അതിന്റെ താളക്രമത്തോടൊപ്പം മാമുക്കോയ എന്ന മനുഷ്യന്റെ സാധാരണമായ ശബ്ദത്തെ ശക്തമായ ഭാഷയിലൂടെയും അതിന്റെ റൈമിങ്ങ് (rhyming) രീതികളിലൂടെയും ആക്ഷേപഹാസ്യത്തിന്റെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് നിര്‍ത്തുന്നു.

“പിന്നെ ഓന്റെ പെട്ടീല് ഓളു കൊടുത്ത അരിയുണ്ടയ്ക്കും ബോണ്ടയ്ക്കും പഴംപൊരിക്കും പകരം ബേറൊരു സാധനോണ്ട്. ബോംബ്. ..ബോംബേയ്..” (മാപ്പിള ലഹള നേറ്റീവ് ബാപ്പ)

മാമുക്കോയയുടെ ശബ്ദത്തില്‍ ആവര്‍ത്തിച്ചു പറയുന്ന ഇത്തരം വരികള്‍ ഒരു ബാപ്പയുടെ നിസ്സഹായത ആണ് പങ്കു വെക്കുന്നതെങ്കില്‍ ഇടയില്‍ വരുന്ന ഇംഗ്ലീഷ് വരികളിലൂടെ ഭരണകൂട ഭീകരതയുടെയും മാധ്യമങ്ങള്‍ അടക്കം കൊണ്ടാടുന്ന ഇസ്ലാമിക് ഫോബിയയുടെയും നേരെ പൊളിറ്റിക്കല്‍ ഹിപ് ഹോപ്പിന്റെ ഏറ്റവും ശക്തമായ ശൈലി ഉപയോഗിച്ചുകൊണ്ട് തന്നെ വിമര്‍ശനത്തിന്റെ നടുവിരല്‍ ഉയര്‍ത്താനും “നേറ്റീവ് ബാപ്പ” മടിക്കുന്നില്ല.

No skepticism in my lyricism
I raise an iron fist against terrorism
Islam is peace in the definition
People are brainwashed by the television (എന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ടതില്ല
ഞാനായിരിക്കുമാദ്യം തീവ്രവാദത്തിനെതിരെ ഉരുക്കുമുഷ്ടി ഉയര്‍ത്തുന്നത്
ഇസ്ലാം എന്നാല്‍ സമാധാനമാണ്
ടെലിവിഷന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.)

മകനെ തീവ്രവാദി ആയി ചിത്രീകരിച്ചപ്പോള്‍ തള്ളിപ്പറഞ്ഞ ഉമ്മയും പത്രങ്ങളില്‍ തീവ്രവാദിയായി കാണുന്ന മകന്റെ ഫോട്ടോയെ കുറിച്ച് പറയുന്ന ബാപ്പയും! തട്ടവും തീവ്രവാദവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്ന വിചിത്രമായ ഭരണകൂടവും!

ഇസ്ലാമോഫോബിയക്കും ഭരണകൂടത്തിന്റെ മുസ്ലീം വേട്ടക്കും എതിരെ കേവലം ഒരു പാട്ട് എന്നതിന് അപ്പുറം പതിവ് “ഇക്കിളി”സംഗീത ബോധത്തില്‍ നിന്നും മാറി പൊളിറ്റിക്കല്‍ ഹിപ് ഹോപ്പ് രീതി സ്വീകരിച്ചു എന്നതാണ്  സ്വതന്ത്ര സംഗീതത്തെ ആസ്വദിക്കുന്ന ഒരാള്‍ എന്ന രീതിയില്‍ എനിക്ക് “മാപ്പിള ലഹള ” പ്രതീക്ഷ നല്‍കുന്നത്.

സ്വതന്ത്ര സംഗീതത്തിന്റെ വഴി മുഖ്യധാരാ സംഗീതത്തിന്റെയും സിനിമാ പാട്ടുകളുടെയും മേല്‍ക്കോയ്മ പേറി നടക്കുന്ന മധ്യവര്‍ഗ “പുരോഗമന” കേരളീയ മനസ്സുകളില്‍ എത്രത്തോളം സ്വാധീനം ചെലുത്തും എന്ന ആശങ്കയും..! ഇതോടൊപ്പം ഉണ്ട്. ഇനിയെങ്കിലും ഇത്തരം പുതിയ സംഗീത രീതികള്‍ രാഷ്ട്രീയമായി ഉയര്‍ന്ന മലയാളികള്‍ തെരഞ്ഞെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇത് ഒരു ബോംബ് തന്നെയാണ്.. തീര്‍ച്ചയായും പൊട്ടിക്കേണ്ട ബോംബ്.. ! നേറ്റീവ് ബാപ്പ പാടിയത് തന്നെയാണ് അവരുടെ സംഗീതത്തിന്റെ രാഷ്ട്രീയവും..

“I am a rebel” is a sound of a loyal
Coz, the rebel is the only loyal..!

ഞാന്‍ വിമതനാണ് എന്നത് വിശ്വസ്തമാണ്
കാരണം, വിമതര്‍ മാത്രമാണ് വിശ്വസ്തര്‍…