ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ ഇനി പിച്ചച്ചട്ടിയുമായി സമീപിക്കുമെന്ന് ഒരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പകരം അവരുമായി വ്യാപാരം ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന തുല്ല്യ പങ്കാളികളായാണ് അവര്‍ പാകിസ്ഥാനെ കാണുന്നതെന്നും ഷെഹബാസ് ഷരീഫ് പറഞ്ഞു. സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യങ്ങളെല്ലാം തന്നെ അവരുമായി ഞങ്ങള്‍ വ്യാപാരം, വാണിജ്യം, ഗവേഷണം, വികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ നിക്ഷേപം നടത്തണമെന്നും പരസ്പരം സഹകരണത്തേ നേട്ടം കൊയ്യണമെന്നുമാണ് വിശ്വസിക്കുന്നത്. അവര്‍ ഇനി ഒരിക്കലും പാകിസ്ഥാന്‍ പിച്ചച്ചട്ടിയുമായി അവരുടെ മുമ്പില്‍ പോകുമെന്ന് കരുതുന്നില്ല,’ ഷെഹബാസ് ഷെരീഫ് പറഞ്ഞു.
സൗദി അറേബ്യ, ചൈന, തുര്‍ക്കി, ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്ഥാന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷെഹബാസിന്റെ പരാമര്‍ശം.
അതേസമയം പ്രസംഗത്തിനിടെ താനും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനിറുമാണ് ഈ ആശ്രിതത്വത്തിന്റെ ഭാരം അവസാനമായി ചുമലിലേറ്റിയതെന്നും ഇനി വരുന്നവര്‍ക്ക് അതിനുള്ള സാഹചര്യമുണ്ടാകില്ലെന്നും ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്റെ സാമ്പത്തിക വെല്ലുവിളി പരിഹരിക്കുന്നതിനുള്ള മാര്‍ഗമായി രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളും മാനുഷിക വിഭവശേഷിയും മികച്ച സംരഭങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
‘ അല്ലാഹു നമ്മളെ അനുഗ്രഹിച്ച് പ്രകൃതി വിഭവങ്ങളും മാനുഷിക വിഭവങ്ങളും നല്‍കിയിട്ടുണ്ട്. അതിനെ പൂര്‍ണമായി ഉപയോഗിച്ച് ലാഭം തരുന്ന സംരഭങ്ങള്‍ വിന്യസിക്കുകയാണ് വേണ്ടത്,’ ഷെരീഫ് പറഞ്ഞു.