തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിക്ക് ആരംഭിച്ച് ഇന്ന് രാത്രി 12 മണി വരെയാണ് പണിമുടക്ക്. പണിമുടക്ക് കേരളത്തിൽ സമ്പൂർണമാണ്.
ബസ്, ടാക്‌സി ജീവനക്കാരും പങ്കുചേർന്നതിനാൽ കേരളത്തില്‍ പണിമുടക്ക് സമ്പൂര്ണമാണ്. നിലവിൽ സ്വകാര്യ വാഹനങ്ങളല്ലാതെ മറ്റൊരു വാഹനങ്ങളും നിരത്തിലില്ല. കടകളൊക്കെയും തന്നെ അടച്ചിട്ടിരിക്കുകയാണ്. ചുരുക്കം ഓട്ടോകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ വരുന്ന യാത്രക്കാര്‍ക്കായി തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ സജീകരിച്ചിട്ടുണ്ട്.
പണിമുടക്കിനെ തുടർന്ന് കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. അതേസമയം സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാൽ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി.
ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്‍പ്പന അവസാനിപ്പിക്കുക തുടങ്ങിയ 17 ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതില്‍ തൊഴിലാളിവിരുദ്ധമായ നാല് ലേബര്‍കോഡുകള്‍ പിന്‍വലിക്കണമെന്നതാണ് പ്രധാന ആവശ്യം. ബി.എം.എസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
സി.ഐ.ടിയു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ഹിന്ദ് മസ്ദൂര്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച തുടങ്ങിയ പത്ത് തൊഴിലാളി സംഘടനകളാണ് ദേശീയ പണിമുടക്കില്‍ അണിചേരുക.
വിവിധ മേഖലകളിൽ നിന്നായി 25 കോടിയിലധികം തൊഴിലാളികൾ രാജ്യവ്യാപക പണിമുടക്കിൽ പങ്കുചേരുമെന്നാണ് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നത്.
പാർലമെന്റ് പാസാക്കിയ നാല് പുതിയ തൊഴിൽ നിയമങ്ങളോടുള്ള തൊഴിലാളി സംഘടനകളുടെ എതിർപ്പ് ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളി സംഘടനകളെ ഇല്ലാതാക്കുകയും, ജോലി സമയം വർദ്ധിപ്പിക്കുകയും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകളെ പിഴകളിൽ നിന്ന് സംരക്ഷിക്കുകയും, തൊഴിലാളികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് നാല് പുതിയ തൊഴിൽ നിയമങ്ങളെന്നാണ് ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നത്.
ഇതിന് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, ജോലികൾക്ക് പുറം കരാർ കൊടുക്കുന്നത്, കരാർ തൊഴിലാളികളെ നിയമിക്കുന്നത് അടക്കമുള്ള വിഷയങ്ങളും പണിമുടക്കുന്ന തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നീക്കം തൊഴിൽ സുരക്ഷയ്ക്കും ന്യായമായ വേതനത്തിനും ഭീഷണിയാണെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്.