ഇടുക്കി കാടുകളറിയാന്‍ നാലു ദേശീയോദ്യാനങ്ങള്‍
Travel Diary
ഇടുക്കി കാടുകളറിയാന്‍ നാലു ദേശീയോദ്യാനങ്ങള്‍
ന്യൂസ് ഡെസ്‌ക്
Friday, 12th April 2019, 6:26 pm

 

പൊന്നുടോമി

വനസമ്പത്തിനാല്‍ നിറഞ്ഞുനില്‍ക്കുന്ന കേരളത്തില്‍ എത്ര ദേശിയോദ്യാനങ്ങള്‍ അറിയാമോ. കേരളത്തില്‍ അഞ്ച് ദേശീയോദ്യാനങ്ങളാണ് ഉള്ളത്.
സൈലന്റ് വാലി, ഇരവികുളം, , പാമ്പാടും ചോല, മതികെട്ടാന്‍ചോല, ആനമുടിച്ചോല എന്നിവയാണ് ഈ ദേശീയോദ്യാനങ്ങള്‍. അഞ്ചില്‍ നാലു ദേശീയോദ്യാനങ്ങളും സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണെന്നതാണ് മറ്റൊരു കൗതുകം. ഈ ദേശിയോദ്യാനങ്ങളെ അടുത്തറിഞ്ഞ് യാത്രകള്‍ ചെയ്യാം.

സൈലന്റ് വാലി
ഇന്തോ-ആസ്‌ത്രേലിയന്‍ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ്വാലിയെന്നാണ് ഭൂമിശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയാണ് സൈലന്റ് വാലി ദേശീയോദ്യാനം . ഉഷ്ണമേഖലാ മഴക്കാടുകളും ലോകത്ത് മറ്റെവിടെയും കാണാന്‍ സാധ്യമല്ലാത്ത അപൂര്‍വയിനം പക്ഷി മൃഗാദികളും വൃക്ഷലതാദികളും കൊണ്ട് സമ്പന്നമാണ് ഇവിടം .സൈരന്ധ്രി എന്നൊരു പേരുകൂടിയുണ്ട് ഈ വനത്തിന്.
സാധാരണ വന പ്രദേശങ്ങളില്‍ കാണാറുളള ചീവീടുകളുടെ അഭാവമാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രത്യേകത. ഈ ദേശീയോദ്യാനത്തില്‍ അപൂര്‍വമായി കണ്ടു വരുന്ന സിംഹവാലന്‍ കുരങ്ങുകളെ സംരക്ഷിച്ചുപോരുന്നു.

പതിനൊന്നോളം ഹെയര്‍പിന്‍ വളവുകള്‍ ഉള്ള അട്ടപ്പാടി ചുരം കടന്നുവേണം സൈലന്റ് വാലിയിലേക്ക് പ്രവേശിക്കാന്‍ . മുക്കാലി ഫോറസ്റ്റ് ഓഫീസാണ് സൈലന്റ് വാലിയുടെ പ്രവേശന കവാടം. ഇക്കോ ഡവലപ്‌മെന്റ്‌റ് കമ്മിറ്റിയുടെ വാഹനത്തില്‍ ഗൈഡിന്റെ കൂടെ സഞ്ചാരികളെ ബഫര്‍ സോണിലൂടെ 24 കിലോമീറ്റര്‍ കൊണ്ട് പോകും. ഈ യാത്രയില്‍ ചിലപ്പോള്‍ വന്യജീവികളെ അടുത്തുകാണാനുള്ള അവസരവും ലഭിക്കും.
വയനാട് ചുരമിറങ്ങി നേരെ ഇടുക്കിയ്ക്ക് വിടാം. കാരണം ഇനിയുള്ള നാല് നാഷണല്‍ പാര്‍ക്കും സ്ഥിതിചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്.

 

ഇരവികുളം

ഇരവികുളം പോകാത്ത സഞ്ചാരികള്‍ കുറവായിരിക്കും. മൂന്നാറില് നിന്ന് 17 കിലോമീറ്റര്‍ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവില്‍ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവില്‍ 2000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനംകൂടിയാണ്. 1978ലാണ് ഇരവികുളം ദേശീയോദ്യാനമായി ഉയര്‍ത്തപ്പെട്ടത്.
പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ താഴ്വരകൂടിയാണിവിടം. നീലകുറിഞ്ഞിപൂക്കുന്ന കാലത്ത് നീലപട്ടുടുത്ത് അതിമനോഹരിയായി നില്‍ക്കുന്ന രാജമലയെ കാണാന്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തും.

ഇന്ത്യയില്‍ ആകെയുള്ള വരയാടുകളില്‍ പകുതിയിലേറെയും സംരക്ഷിക്കപ്പെടുന്നത് ഇരവികുളത്താണ്. വരയാടുകളെ കൂടാതെ വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നിവയെയും ഇവിടെ കാണാം. വരയാടുകളുടെ പ്രജനന കാലത്ത് ഇവിടം അടച്ചിടും.
മറ്റ് വിവരങ്ങള്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മൂന്നാര്‍ ഓഫീസ്- 04865-231587

 

 

പാമ്പാടുംചോല
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് പാമ്പാടും ചോല. 2003 ല്‍ ആണ് ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് .ഇടുക്കി ജില്ലയിലെ മറയൂരിലാണ് സ്ഥിതിചെയ്യുന്നത്. മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടി, ടോപ്പ് സ്റ്റേഷന്‍ വഴി പാമ്പാടുംചോലയില്‍ എത്താം.
ചെറുതും വലുതുമായ മലകളും ചെറിയ അരുവികളും നിറഞ്ഞതാണ് ഈ ദേശിയോദ്യാനം. ചോലപ്പുല്‍മേട് ആവാസവ്യവസ്ഥ യാണ് ഇവിടുത്തെ പ്രത്യേകത. കരടി, കാട്ടുപോത്ത് തുടങ്ങി നിരവധി വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയായ ഇവിടേയ്ക്കുള്ള യാത്ര ഏതൊരു വിനോദസഞ്ചാരികള്‍ക്കും മികച്ചൊരു അനുഭവം നല്കുമെന്നുറപ്പ്.

ഇക്കോടൂറിസവുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നവര്‍ക്ക് താമസിക്കാന്‍ വനംവകുപ്പിന്റെ ട്രീ ഹട്ടുകള്‍ ലഭ്യമാണ്.
ബുക്കിംഗിനും മറ്റ് അന്വേഷണങ്ങള്‍ക്കുമായി- 04865-231587 എന്ന നമ്പറില്‍ ബന്ധപ്പെടാം.

 

 

മതിന്‍കെട്ടാന്‍ ചോല
കേന്ദ്രസര്‍ക്കാര്‍ ഒരു പതിറ്റാണ്ട് മുമ്പ് ദേശീയോദ്യാനമാക്കി പ്രഖ്യാപിച്ച മതികെട്ടാന്‍ചോല കേരള തമിഴ്നാട് അതിര്‍ത്തിയിലായി ശാന്തന്‍പാറ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നിരവധി സൗകര്യങ്ങളാണ് അധികൃതര്‍ ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാത്രവുമല്ല. ട്രക്കിംഗ്, വനത്തിനുള്ളിലെ താമസം എന്നിവ അവിസ്മരണീയമായ അനുഭവങ്ങളാണ് ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് നല്‍കുക .

കൊടും വനത്തിനകത്ത് ആറു കിലോമീറ്റര്‍ കാല്‍നടയാത്രയും മൂന്നു കിലോമീറ്റര്‍ ഓഫ്റോഡ് വാഹനഡ്രൈവിങ്ങുമാണു ട്രക്കിങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശീയരായ ആദിവാസി വിഭാഗത്തിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയംഗങ്ങളും ട്രക്കിങ്ങിന് എത്തുന്ന സഞ്ചാരികള്‍ക്കൊപ്പം യാത്രയിലുണ്ടാകും.

150 രൂപാ മുടക്കിയാല്‍ ദേശീയ ഉദ്യാനത്തിലെ അമിനിറ്റി സെന്ററില്‍ താമസ സൗകര്യവും ലഭ്യമാണ്. തമിഴ്നാട്ടിലെ ഖുറാങ്ങിണി വനമേഖലയുടേയും, ബോഡി തേനി മേഖലയുടേയും വിദൂര ദൃശ്യം മതികെട്ടാന്‍ ചോലക്കുള്ളിലെ കാറ്റുമലയില്‍ നിന്നാല്‍ കണ്ട് ആസ്വദിക്കാം. ആനയിറങ്കല്‍ ജലാശയത്തിന്റെ വിദൂര ഭംഗിയും സഞ്ചാരികള്‍ക്ക് ഇവിടെനിന്ന് ആസ്വദിക്കുവാന്‍ കഴിയും.

 

ആനമുടിച്ചോല
മൂന്നാറില്‍ നിന്ന് രാജമലക്കവല, മറയൂര് വഴി കാന്തലൂര് എത്തി അവിടെ ഫോറസ്റ്റ് ഓഫീസില് നിന്ന് അനുവാദം വാങ്ങി ആനമുടിച്ചോലയുടെ കാടുകളിലേയ്ക്ക് പ്രവേശിക്കാം.

ജുറാസിക് പാര്‍ക്ക് ചിത്രം കണ്ടവര്‍ക്ക് ആനമുടിയില്‍ എത്തിയാല്‍ ഏതാണ്ട് ജുറാസിക് യുഗത്തില് എത്തിയ ഫീലായിരിക്കും. കാരണം ആ യുഗത്തിലെ പ്രമുഖ സസ്യയിന പന്നല്‍ മരങ്ങള്‍ നിറഞ്ഞ കേരളത്തിലെ വനമേഖലകളില്‍ പ്രമുഖമാണ് ആനമുടിച്ചോല. ഈ കാടിന്റെ ഏറ്റവും വലിയ സവിശേഷതയും ഇതാണ്.

പശ്ചിമഘട്ടത്തിലെ ചോലവനങ്ങളും മഴക്കാടുകളും നിറഞ്ഞ ഇവിടേയ്ക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടേയും മനം നിറയ്ക്കും. ഇവിടെ ട്രെക്കിംഗിനും സൗകര്യമുണ്ട്. കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാര്‍ ഡിവിഷനാണ് ഇതിന്റെ മേല്‍നോട്ടത്തിന്റെ ചുമതല.
കൂടുതല് വിവരങ്ങള്ക്ക് 04865-231587 എന്ന നമ്പറില്‍ ബന്ധപ്പെടാം