ദേശീയ പാത വികസനം: മന്ത്രിസഭയില്‍ ഭിന്നത
Kerala
ദേശീയ പാത വികസനം: മന്ത്രിസഭയില്‍ ഭിന്നത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th May 2010, 9:51 am

തിരുവനന്തപുരം: ദേശീയപാത വികസവുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭയില്‍ ഭിന്നത. പാതയുടെ വീതി കുറക്കുന്ന കാര്യത്തിലാണ് രണ്ട് മന്ത്രിമാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ദേശീയ പാതയുടെ വീതി 45 മീറ്ററില്‍ നിന്ന് 30 മീറ്ററായി കുറക്കണമെന്ന സര്‍വ്വകക്ഷി യോഗത്തിലെ ആവശ്യത്തെയും ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചതിനെയും ഈ മന്ത്രിമാര്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ശക്തമായി വിമര്‍ശിക്കുകയുണ്ടായി.

തദ്ദേശ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി, ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ എന്നിവരാണ് റോഡ് വീതി കുറക്കുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയത്. മന്ത്രി എളമരം കരീമിന്റെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു. റോഡിന്റെ വീതി കുറക്കണമെന്ന ആവശ്യം ദേശീയ പാത വികസനത്തിനുള്ള കേന്ദ്ര സഹായം നഷ്ടപ്പെടുത്തുമെന്നും അത് ഭാവിയിലെ വികസന പദ്ധതിയെ ബാധിക്കുമെന്നും മന്ത്രിമാര്‍ യോഗത്തില്‍ വ്യക്തമാക്കി.

ദേശീയ പാത വികസനത്തില്‍ മന്ത്രി സഭക്ക് പുറമെ എല്‍ ഡി എഫിലും സി പി ഐ എമ്മിനുള്ളില്‍ തന്നെയും അഭിപ്രായ വത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദേശീയ പാത ബി ഒ ടി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് എല്‍ ഡി എഫ് അനുമതി നല്‍കുകയായിരുന്നു. ജനങ്ങളില്‍ നിന്ന് ചുങ്കം പിരിച്ച് നടത്തുന്ന ബി ഒ ടി റോഡ് വികസനത്തെ എല്‍ ഡി എഫ് എതിര്‍ത്തിരുന്നെങ്കിലും കേന്ദ്ര സഹായം നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ് പിന്നീട് അനുമതി നല്‍കുകയായിരുന്നു.

അതേ സമയം പാതയുടെ വീതി 30 മീറ്ററായി കുറക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വീണ്ടും സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

ജനസാന്ദ്രത കൂടിയ കേരളത്തില്‍ 45 മീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പദ്ധതിക്കായി ചുരുങ്ങിയത് 350,000 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. രാജ്യത്തെ മൊത്തം ജനസാന്ദ്രത ഒരു കിലോമീറ്ററിന് 324 പേര്‍ എന്ന നിലയിലാണെങ്കില്‍ കേരളത്തില്‍ അത് 819 ആണ്. രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇത്രയും പേരെ കുടിയൊഴിപ്പിച്ച പാത വികസിപ്പിച്ചാല്‍ അത് വന്‍ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.