വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപം ബുധനാഴ്ച നടന്ന വെടിവയ്പ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ് സൈനിക കൊല്ലപ്പെട്ടു. 20കാരിയായ സാറാ ബെക്‌സ്‌ട്രോമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സൈനികന്‍ ഗുരുതരാവസ്ഥയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാന്‍ പൗരന്റെ ആക്രമണത്തിലായിരിന്നു നാഷണല്‍ ഗാര്‍ഡുകള്‍ക്ക് പരിക്കേറ്റത്.
2021ല്‍ യു.എസിലെത്തിയ 29 കാരനായ അഫ്ഗാന്‍ പൗരന്‍ റഹ്‌മാനുള്ള ലകന്‍വാളാണ് പ്രതിയെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ മുമ്പ് അഫ്ഗാനിസ്ഥാനില്‍ സി.ഐ.എയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് സമീപത്തുള്ള ഫെഡറല്‍ കെട്ടിടങ്ങള്‍ അടച്ചുപൂട്ടുകയും ആക്രമണ കാരികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.
‘നാഷണല്‍ ഗാര്‍ഡില്‍ ഒരാളായ വെസ്റ്റ് വിര്‍ജീനിയയിലെ സാറാ ബെക്‌സ്‌ട്രോം… വളരെയധികം ബഹുമാനിക്കപ്പെടുന്ന, ചെറുപ്പക്കാരിയായ വ്യക്തി… അവര്‍ ഇപ്പോള്‍ അന്തരിച്ചു. അവര്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ല. മറ്റൊരു സൈനികന്‍ ഇപ്പോള്‍ ജീവന് വേണ്ടി പോരാടുകയാണ്.
അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ നല്ല വാര്‍ത്തകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ, മുന്‍ ഭരണകൂടം ഇവിടെ എത്തിച്ച ഒരു അഫ്ഗാന്‍ പൗരനാണ് പ്രതിയെന്ന് ഡി.എച്ച്.എസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ അയാള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. അവര്‍ വലിയ വില നല്‍കേണ്ടി വരും. സൈനിരുടെ കൂടെ ഞാന്‍ എപ്പോഴുമുണ്ട്,’ ട്രംപ് പറഞ്ഞു.
.@POTUS announces that U.S. Army Specialist Sarah Beckstrom of Summersville, West Virginia, one of the National Guardsmen savagely attacked yesterday in Washington, D.C., has just passed away.
നവംബര്‍ 26ന് വൈറ്റ് ഹൗസില്‍ നിന്ന് ഏതാനും ബ്ലോക്കുകള്‍ അകലെ, 17ാം സ്ട്രീറ്റ് എന്‍.ഡബ്ല്യു, ഐ സ്ട്രീറ്റ് എന്‍.ഡബ്ല്യു എന്നീ സ്ഥലങ്ങളില്‍ സമീപമാണ് വെടിവയ്പ്പ് നടന്നത്. വൈറ്റ് ഹൗസ് ജീവനക്കാര്‍ ഉപയോഗിക്കുന്ന ഐസന്‍ഹോവര്‍ എക്‌സിക്യൂട്ടീവ് ഓഫീസ് കെട്ടിടം ഈ പ്രദേശത്ത് ഉള്‍പ്പെടുന്നു.
വെടിവയ്പ്പിനെത്തുടര്‍ന്ന് വൈറ്റ് ഹൗസ്, മെയിന്‍ ട്രഷറി കെട്ടിടം, ഫ്രീഡ്മാന്‍സ് ബാങ്ക് എന്നീ കെട്ടിടങ്ങളാണ് അടച്ച് പൂട്ടിയതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പട്രോളിങ് നടത്തുകയായിരുന്ന സാറാ ബെകസ്‌ട്രോമിനും 24 കാരനായ ആന്‍ഡ്രൂ വോള്‍ഫിനുമെതിരെ ഒരു തോക്കുധാരി വെടിയുതിര്‍ക്കുകായിരുന്നു.
Content Highlight: National Guard soldier injured in shooting near White House on Wednesday dies