[share]
[] ന്യൂദല്‍ഹി: 61ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമക്ക് അഭിമാന നേട്ടം. മികച്ച നടനുള്ള പുരസ്‌കാരം ഹിന്ദി നടന്‍ രാജ്കുമാറിനൊപ്പം മലയാളത്തിന്റെ പ്രിയ നടന്‍ സുരാജ് വെങ്ങാറമൂട് സ്വന്തമാക്കി.
വ്യത്യസ്ഥതയില്ലാത്ത ഹാസ്യം കൊണ്ട് സ്ഥിരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന സുരാജിന്റെ അവാര്‍ഡ് നേട്ടം ഏവരെയും അദ്ഭുതപ്പെടുത്തി. ഡോ. ബിജു സംവിധാനം ചെയ്ത “പേരില്ലാത്തവര്‍” എന്ന സിനിമയിലെ അഭിനയത്തിനാണ് സുരാജിനെ അംഗീകാരം തേടിയെത്തിയത്. നഗര മാലിന്യം വൃത്തിയാക്കുന്ന അച്ചന്റെയും മകന്റെയും കഥ പറയുന്ന സിനിമയാണ് പേരില്ലാത്തവര്‍.
“ശാഹിദ്” എന്ന ഹിന്ദി സിനിമയിലെ അഭിനയത്തിനാണ് രാജ്കുമാര്‍ റായിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. “ശാഹിദി”ന്റെ സംവിധായകന്‍ അന്‍സല്‍ മേത്തക്കാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്.
ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത “ഷിപ്പ് ഓഫ് തീസ്യൂസ്” ആണ് മികച്ച ചിത്രം. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് “ഭാഗ് മില്‍ഖാ ഭാഗി”നും ലഭിച്ചു.
മലയാളി നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത “ലയേഴ്‌സ് ഡൈസ്” എന്ന ഹിന്ദി ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം ഗീതാഞ്ജലി ഥാപ്പക്ക് ലഭിച്ചു. ഈ സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനായി മലയാളിയും ഗീതുവിന്റെ ഭര്‍ത്താവുമായ രാജീവ് രവി അര്‍ഹനായതും കേരളത്തിന് ചേര്‍ത്തുവെക്കാവുന്ന നേട്ടമാണ്.
മലയാളിയായ രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്ത ബംഗാരു തല്ലിയാണ് മികച്ച തെലുങ്കു ചിത്രം.
ഇത്തവണ മികച്ച നടനടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചിട്ടുള്ളത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരവും “പേരറിയാത്തവര്‍” സ്വന്തമാക്കി. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത “സ്വപാന”ത്തിനാണ് മികച്ച റീ റെക്കോര്‍ഡിംഗിനുള്ള അവാര്‍ഡ്.
അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത “നോര്‍ത് 24 കാതം” ആണ് മികച്ച മലയാളം സിനിമ.
തനിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം മിമിക്രി നടന്മാര്‍ക്ക് സമര്‍പ്പിക്കുന്നതായി സുരാജ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ ഡോ. ബിജുവിനോട് കടപ്പാടുണ്ട്. ഹാസ്യമാണ് തന്റെ ജീവാത്മാവും പരമാത്മാവും. അതില്‍ നിന്നും മാറുകയില്ല. മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കും- സുരാജ് പറയുന്നു.
തന്റെ സിനിമയില്‍ സുരാജ് അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നുവെന്നും സിനിമയുടെ സംവിധായകന്‍ ഡോ. ബിജു പറഞ്ഞു.
