ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാന്‍ തങ്ങള്‍ പ്രയത്‌നിക്കുമെന്ന് ആവര്‍ത്തിച്ച് ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്. വര്‍ക്കിങ് കമ്മറ്റി യോഗത്തില്‍ ഈ വിഷയമടക്കം നിരവധി പ്രമേയങ്ങള്‍ പാര്‍ട്ടി പാസാക്കി.
‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനുള്ള അചഞ്ചലമായ തങ്ങളുടെ പ്രതിബദ്ധത പ്രവര്‍ത്തക സമിതി ഐക്യകണ്‌ഠേന ആവര്‍ത്തിച്ചു. ഈ വിഷയം ജനങ്ങളുടെ അന്തസ്സിന്റെ കൂടി പ്രശ്‌നമാണ്. അധികം കാലതാമസമില്ലാതെ ഇത് പരിഹരിക്കണം,’ പാര്‍ട്ടി പാസാക്കിയ ഏഴ് പ്രമേയങ്ങളില്‍ ഒന്ന് പറയുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കും വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ പാര്‍ട്ടി, സംസ്ഥാന പദവി ഉടന്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
ഒമര്‍ അബ്ദുള്ള | Photo: Facebook
നവംബര്‍ പത്തിന് ന്യൂ ദല്‍ഹിയില്‍ നടന്ന ആക്രമണത്തെയും വര്‍ക്കിങ് കമ്മിറ്റി അപലപിച്ചു.
‘ദല്‍ഹിയിലെ ഭീകരാക്രമണത്തില്‍ വര്‍ക്കിങ് കമ്മിറ്റി ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുകയും അപലപിക്കുകയും ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ആക്രമണങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല. ഇത്തരം പ്രവര്‍ത്തികളെ തീര്‍ച്ചയായും നേരിട്ടേ മതിയാകൂ,’ നാഷണല്‍ കോണ്‍ഫറന്‍സ് പറഞ്ഞു.
ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി. ഒരു പരിഷ്‌കൃത സമൂഹത്തില്‍ അക്രമത്തിന് സ്ഥാനമില്ല, അത്തരം ഹീനമായ പ്രവൃത്തികളെ നേരിടണം,’ പാര്‍ട്ടി പറഞ്ഞു.
നവംബര്‍ 14 ന് നൗഗാം പൊലീസ് സ്റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തെ കുറിച്ച് ഉയര്‍ന്ന തലത്തില്‍ അന്വേഷണം വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
ജമ്മു കശ്മീര്‍ ജനതയുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കണമെന്നും യോഗത്തില്‍ പാര്‍ട്ടി ആഹ്വാനം ചെയ്തു. ജമ്മു കശ്മീരിലെ ജനങ്ങള്‍ങ്ങള്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ കൊടിയ പീഡനങ്ങള്‍ നേരിടുന്നതായ റിപ്പോര്‍ട്ടുകളില്‍ പാര്‍ട്ടി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിച്ചാല്‍ പഹല്‍ഗാം, ദല്‍ഹി സ്‌ഫോടനം പോലുള്ള ഭീകരാക്രമണങ്ങള്‍ വീണ്ടും ഉണ്ടാകില്ലെന്നും സുരക്ഷയുടെ ഉത്തരവാദിത്തം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനായിരിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.
‘ഞങ്ങള്‍ക്ക് സുരക്ഷാ ചുമതല ഉള്ളപ്പോഴാണോ പഹല്‍ഗാമിലും ദല്‍ഹിയിലും ആക്രമണങ്ങളുണ്ടായത്? ഞാന്‍ ആറ് വര്‍ഷം മുഖ്യമന്ത്രിയായിരുന്നു… ഉത്തരവാദിത്തം ഞങ്ങള്‍ക്ക് കൈമാറുക, തുടര്‍ന്ന് എന്ത് സംഭവിക്കുമെന്ന് നോക്കാം,’ ഒമര്‍ അബ്ദുള്ള പറഞ്ഞു.
പാര്‍ലമെന്റിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും നല്‍കിയ വാഗ്ദാനം പാലിക്കുക എന്നതാണ് ഈ പ്രശ്‌നത്തിനുള്ള ഏക പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അതിര്‍ത്തി നിര്‍ണയം, തെരഞ്ഞെടുപ്പ്, പുനസ്ഥാപനം. എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയായിരിക്കും സംസ്ഥാന പദവി പുനസ്ഥാപിക്കുകയെന്ന് സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. അതില്‍ ഘട്ടങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി. പിന്നെ എന്തിനാണ് മൂന്നാം ഘട്ടം വൈകുന്നത് എന്നതിനെ സംബന്ധിച്ച് യോഗത്തില്‍ സുദീര്‍ഘമായ ചര്‍ച്ച നടന്നിരുന്നു,’ ഒമര്‍ അബ്ദുള്ള പറഞ്ഞു.
‘ആദ്യം ചെയ്യേണ്ടത് പുനസ്ഥാപന നിയമം അക്ഷരം പ്രതി പാലിക്കുക എന്നതാണ്. എന്നാല്‍ അത് നടപ്പാകുന്നില്ല. ഞങ്ങളൊരിക്കലും അധികാരപരിധി ലംഘിക്കുന്നില്ല. പക്ഷേ, ഞങ്ങളുടെ അധികാരപരിധിയില്‍ കൈകടത്തലുകള്‍ നടക്കുന്നു. ബുള്‍ഡോസറുകള്‍ എന്റെ നിര്‍ദേശപ്രകാരമല്ല പ്രവര്‍ത്തിപ്പിക്കുന്നത്. ആ ഉദ്യോഗസ്ഥനെ ഞാന്‍ നിയമിച്ചിട്ടില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: National Conference again demands restoration of special status for Jammu and Kashmir