പൃഥ്വിരാജിന്റെ രാഷ്ട്രീയത്തിന് കേന്ദ്രം കൊടുത്ത മറുപടിയാണ് നാഷണൽ അവാർഡ്: രൂപേഷ് പീതാംബരൻ
Malayalam Cinema
പൃഥ്വിരാജിന്റെ രാഷ്ട്രീയത്തിന് കേന്ദ്രം കൊടുത്ത മറുപടിയാണ് നാഷണൽ അവാർഡ്: രൂപേഷ് പീതാംബരൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th September 2025, 2:50 pm

സ്ഫടികം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ നടനും സംവിധായകനുമാണ് രൂപേഷ് പീതാംബരൻ. 2012ൽ പുറത്തിറങ്ങിയ തീവ്രം എന്ന ചിത്രത്തിലൂടെ സംവിധാന കുപ്പായവും അണിഞ്ഞു.

ഇപ്പോൾ പൃഥ്വിരാജിന്റെ സിനിമയായ ആടുജീവിതം നാഷണൽ അവാർഡിൽ പരിഗണിക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് രൂപേഷ് പീതാംബരൻ.

‘ഇനി മിക്കവാറും പൃഥ്വിരാജ് ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമോ? വേറെ പ്രൊഡ്യൂസേഴ്‌സ് ആണെങ്കിൽ നിങ്ങൾ നോമിനേഷന് അയച്ചോ എന്റെ പേര് വെക്കേണ്ട എന്ന് പറയും. അതുറപ്പായിട്ടും അയാൾ പറയും.

എന്താ കാരണമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അയാൾ ആയാളുടെ രാഷ്ട്രീയം സിനിമയിലൂടെ പറഞ്ഞപ്പോൾ എല്ലാവർക്കും പൊട്ടി… തിരിച്ച് അവർ അങ്ങനെയൊരു കൗണ്ടർ അടിച്ചു. അതാണ് സംഭവിച്ചത്.

ബാൻഡിറ്റ് ക്വീൻ എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് സെൻസർ കൊടുത്തില്ല. പിന്നീട് അതിന് സ്റ്റേറ്റോ നാഷണലോ എന്തോ ക്ലെയിം കിട്ടിയപ്പോൾ ശേഖർ കപൂർ അത് റിജക്ട് ചെയ്തു. ട്രൂ ക്രിയേറ്റീവ് ആർട്ടിസ്റ്റിന്റെ മനോഭാവം ആണ്,’ രൂപേഷ് പീതാംബരൻ പറയുന്നു. ജിഞ്ചർ മീഡിയയിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷത്തെ ദേശീയ അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പല തരത്തിലുള്ള വിവാദങ്ങളും ഉടലെടുത്തിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദീപ്തോ സെന്നിനുമാണ് ലഭിച്ചത്. മലയാള ചിത്രം ആടുജീവിതത്തെ ജൂറി പാടെ തഴഞ്ഞതും വിവാദങ്ങൾക്ക് വഴിവെച്ചു.

ആടുജീവിതത്തെ തഴഞ്ഞതിന് കാരണം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ആണെന്ന ആരോപണം ഉയർന്നിരുന്നു.

എമ്പുരാൻ റിലീസിന് പിന്നാലെ ചിത്രത്തെ തേടി പല വിവാദങ്ങളും ഉടലെടുത്തു. ഇന്ത്യയെ നടുക്കിയ ഗുജറാത്ത് കലാപത്തെ കാണിച്ചതും അതിന് കാരണക്കാരയാവരെ ഇന്ത്യ ഭരിക്കുന്നതായി ചിത്രീകരിച്ചതും സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു.

മോഹൻലാൽ ഒടുവിൽ മാപ്പുമായി രംഗത്തെത്തുകയും ചിത്രം റീ സെൻസർ നടത്തുകയും ചെയ്തതിന് ശേഷമാണ് വീണ്ടും തിയേറ്ററിൽ എത്തിയത്.

Content Highlight:  National Award is the Center’s response to Prithviraj’s politics says Roopesh Peethambaran