എനിക്കെതിരെ നടപടിയുണ്ടായി എന്നത് മാധ്യമസൃഷ്ടി, പ്രവര്‍ത്തനം തുടരും: നാസര്‍ ഫൈസി കൂടത്തായി
Kerala News
എനിക്കെതിരെ നടപടിയുണ്ടായി എന്നത് മാധ്യമസൃഷ്ടി, പ്രവര്‍ത്തനം തുടരും: നാസര്‍ ഫൈസി കൂടത്തായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th September 2025, 5:53 pm

കോഴിക്കോട്: സമസ്ത കേരള ജംഇയത്തുല്‍ ഖുതുബയില്‍ നിന്ന് രാജിവെച്ചതില്‍ പ്രതികരണവുമായി നാസര്‍ ഫൈസി കൂടത്തായി. തനിക്കെതിരെ സംഘടനാപരമായി നടപടി ഉണ്ടായിട്ടില്ലെന്നും താന്‍ രാജി വെക്കുകയാണ് ചെയ്തതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. തനിക്കെതിരെ നടപടിയുണ്ടായി എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരായ പ്രമേയം യോഗത്തില്‍ വായിച്ചു എന്നത് ശരിയാണെന്നും എന്നാല്‍ പ്രമേയത്തിന്മേല്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയാലും പ്രവര്‍ത്തനം തുടരും. സമസ്ത കേരള മഹല്ല് ഫെഡറേഷന്റെ ഓര്‍ഗനൈസിങ് സെക്രട്ടറി ആയതോടെ ജോലിഭാരം കൂടിയിട്ടുണ്ട്. താന്‍ പിന്തുടരുന്നത് സമസ്തയുടെ ആശയാദര്‍ശങ്ങളാണ്.

പ്രശ്നം അവസാനിക്കരുതെന്ന് കരുതുന്നവരാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. സാദിഖലി തങ്ങളെയും ജിഫ്രി മുത്തുക്കോയ തങ്ങളെയും വിമര്‍ശിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്,’ മാധ്യമങ്ങളോട് സംസാരിക്കവെ നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതുബ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി സംഘടനയെ ചലിപ്പിക്കാന്‍ ശ്രമിക്കാതെ മനഃപൂര്‍വ്വം നിര്‍ജീവമാക്കുന്ന അവസ്ഥയാണുള്ളതെന്ന് പ്രമേയത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

സമസ്താ നേതാക്കളെയും പണ്ഡിതരെയും അപമാനിച്ചെന്ന പരാതിയിലാണ് നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത കേരള ജംഇയത്തുല്‍ ഖുതബയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ശുപാര്‍ശയുണ്ടായത്.

നാസര്‍ ഫൈസിക്കെതിരായ പുറത്താക്കല്‍ പ്രമേയം സമസ്ത മുശാവറയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്.

 

Content Highlight: Nasser Faizi on his resignation from Samastha Kerala Jamiatul Qutuba