ലോകഃയുടെ ഷൂട്ടിന് ബാംഗ്ലൂരേക്ക് റോഡ് ട്രിപ്പ് പോകാനായിരുന്നു പ്ലാന്‍, അവസാനം എല്ലാവരും തേച്ചു: നസ്‌ലെന്‍
Malayalam Cinema
ലോകഃയുടെ ഷൂട്ടിന് ബാംഗ്ലൂരേക്ക് റോഡ് ട്രിപ്പ് പോകാനായിരുന്നു പ്ലാന്‍, അവസാനം എല്ലാവരും തേച്ചു: നസ്‌ലെന്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 14th July 2026, 7:33 pm

2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് യാത്ര തിരിച്ച അഭിനേതാവാണ് നസ്‌ലെന്‍ കെ. ഗഫൂര്‍. ഗിരീഷ് എ.ഡി അവതരിപ്പിച്ച പുതുമുഖങ്ങളില്‍ ഇന്ന് വലിയ വിജയത്തിലെത്തി നില്‍ക്കുന്ന അഭിനേതാവും നസ്‌ലെന്‍ തന്നെയെന്ന് നിസംശയം പറയാം. ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 2024 ചിത്രം പ്രേമലുവിലൂടെ നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചുരുക്കം ചില മലയാളം അഭിനേതാക്കളില്‍ ഒരാളാകാനും നസ്‌ലെന് സാധിച്ചിരുന്നു.

മോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലും നസ്‌ലെന്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ ലീഡ് ക്യാരക്ടറായ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച ചന്ദ്രയുടെ പെയറായിട്ടായിരുന്നു നസ്‌ലെന്‍ വേഷമിട്ടത്. ലോകഃയില്‍ ചന്തു സലീം കുമാര്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുമായുള്ള നസ്‌ലെന്റെ കോമ്പിനേഷനും പ്രശംസ പിടിച്ച് പറ്റിയിരുന്നു.

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. Photo: X.com

ബാംഗ്ലൂരില്‍ ചിത്രീകരിച്ച ലോകഃയുടെ ഷൂട്ടിനായി ബാംഗ്ലൂരിലേക്ക് റോഡ് ട്രിപ്പിന് പോകാമെന്ന് ഇവരുമായി പ്ലാനിട്ടിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം എല്ലാവരും പദ്ധതിയില്‍ നിന്നും പിന്മാറി എന്നും പറയുകയാണ് നസ്‌ലെന്‍. അവസാനമായി പുറത്തിറങ്ങിയ മോളിവുഡ് ടൈംസ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ലോകഃയുടെ ഷൂട്ടിന് ബാംഗ്ലൂര്‍ പോകുമ്പോള്‍ എല്ലാവരും ഒരുമിച്ച് പ്ലാന്‍ ചെയ്തത് കാറില്‍ റോഡ് ട്രിപ്പ് പോകാമെന്നായിരുന്നു. ഞാന്‍, ചന്തു, അരുണ്‍ കുര്യന്‍, രോഹിത് തുടങ്ങി ഞങ്ങള്‍ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ എല്ലാവരും തേച്ചു. എന്നിട്ട് ഞാന്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് ബാംഗ്ലൂരിലേക്ക് പോകുന്നത്. ഷൂട്ട് കഴിഞ്ഞ് തിരിച്ച് വന്നപ്പോഴും ഈ പ്ലാന്‍ ഉണ്ടായിരുന്നു. പക്ഷേ കുര്യന് വരാന്‍ പറ്റിയില്ല. അവന് യു.കെയിലേക്ക് പോകേണ്ട ആവശ്യമുള്ളത് കൊണ്ട് നേരെ അങ്ങോട്ട് പോയി. ഞാനും ചന്തുവും മാറി മാറി ഡ്രൈവ് ചെയ്ത് വരികയായിരുന്നു. അതൊരു അടിപൊളി ഡ്രൈവായിരുന്നു,’ നസ്‌ലെന്‍ പറഞ്ഞു.

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. Photo: X.com

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മോളിവുഡ് ടൈംസ്. ചിത്രത്തില്‍ സിനിമാക്കാരനാകാന്‍ ആഗ്രഹിക്കുന്ന വിനീത് മാധവന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു നസ്‌ലെന്‍ വേഷമിട്ടത്. ഒ.ടി.ടി റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

Content Highlight: Naslen talks about his experience in lokah movie with Chandhu Salim and Arun Kuriyan

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.