മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയരാണ് നസ്‌ലെനും ചന്തു സലിം കുമാറും. ഇരുവരും തമ്മിലുള്ള സൗഹൃദവും സ്ക്രീൻ കെമിസ്ട്രിയും പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടാറുമുണ്ട്. ഇരുവരും ഒന്നിച്ചെത്തിയ ലോക: ചാപ്റ്റർ വൺ ചന്ദ്രയിലെ പ്രകടനങ്ങൾ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.
സിനിമയിൽ കോമഡി ടൈമിങ്ങും സ്വാഭാവിക പ്രകടനവുമാണ് ഇരുവരുടെയും കൂട്ടുകെട്ടിനെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കിയത്. പ്രത്യേകിച്ച് ചിത്രത്തിലെ തമാശരംഗങ്ങൾ സോഷ്യൽ മീഡിയയിലും സിനിമാപ്രേമികളിടയിലും വൈറലായിരുന്നു. ഇപ്പോഴിതാ ചന്തുവിനെ കുറിച്ച് നസ്‌ലെൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ചന്തു സലിംകുമാർ, നസ്‌ലെൻ , Photo: X.com
‘ചന്തു എന്റെ നല്ല ഫ്രണ്ടാണ്. അവൻ ഒരു ഫുള്ളി ഫൺ പാക്ക് ആണ്. പല സീനുകളിലും ഇത് സലീമേട്ടൻ അല്ലേ എന്ന് തോന്നിയിട്ടുണ്ട്. അവന്റെ കണ്ണ് ഭയങ്കര അട്രാക്റ്റീവ് ആണ്,’ എന്നാണ് നസ്‌ലെൻ പറഞ്ഞത്.
ചന്തുവിന്റെ പ്രകടനത്തിൽ പലപ്പോഴും അച്ഛനായ സലിം കുമാറിന്റെ സ്വാധീനം കാണാമെന്നും, അതേസമയം സ്വന്തമായൊരു അഭിനയശൈലി ചന്തു രൂപപ്പെടുത്തിയിട്ടുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
മലയാള സിനിമയിലെ പ്രമുഖ ഹാസ്യതാരങ്ങളിൽ ഒരാളായ സലിം കുമാറിന്റെ മകനെന്ന തിരിച്ചറിവിന് പുറത്തേക്ക്, സ്വന്തം കഴിവും പരിശ്രമവും കൊണ്ടാണ് ചന്തു ഇന്ന് സിനിമയിൽ ഇടം നേടിയെടുത്തത്. ഇപ്പോൾ മലയാള സിനിമയിൽ സജീവമാകുന്ന താരം, വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളായി നസ്‌ലെനും മാറിയിരിക്കുകയാണ്. സ്വാഭാവിക അഭിനയശൈലിയും ഹാസ്യരംഗങ്ങളിലെ ടൈമിങ്ങും കൊണ്ടാണ് താരം മലയാളികൾക്ക് പ്രിയങ്കരനായത്. മലയാള സിനിമയ്ക്ക് പുറമെ മറ്റു ഭാഷകളിലെയും പ്രേക്ഷകരുടെ ശ്രദ്ധ നേടാനും നസ്‌ലെന് സാധിച്ചിട്ടുണ്ട്.
ഇരുവരുടെയും കൂട്ടുകെട്ട് ഇനിയും കൂടുതൽ സിനിമകളിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ‘നസ്‌ലെൻ-ചന്തു കോംബോ വേറെ ലെവൽ ആണ്’ എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലായും ആരാധകർ പങ്കു വെക്കുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.