തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘സൂര്യ 47’. ‘ആവേശം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയായതിനാൽ തന്നെ പ്രഖ്യാപനഘട്ടം മുതൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ.
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂര്യ പൊലീസ് വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നടന്റെ പുതിയ ബാനറായ ‘ഴകരം സ്റ്റുഡിയോസ്’ ആണ് സിനിമ നിർമിക്കുന്നത്. നടിയും നിർമാതാവുമായ ജ്യോതികയാണ് ചിത്രത്തിന്റെ നിർമാണ ചുമതല വഹിക്കുന്നത്.
ചിത്രത്തിൽ മലയാളികളുടെ പ്രിയ യുവതാരമായ നസ്‌ലെൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ നസ്രിയ നസീം നായികയായി എത്തുന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് സുഷിൻ ശ്യാം ആണ്. മലയാള സിനിമയിൽ നിന്ന് നിരവധി പ്രമുഖർ ഒന്നിക്കുന്നതും സിനിമയോടുള്ള ആവേശം വർധിപ്പിക്കുന്ന ഘടകമാണ്.
ഇപ്പോഴിതാ സൂര്യയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നസ്‌ലെൻ നടത്തിയ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ബാല്യകാലം മുതൽ ആരാധിച്ചിരുന്ന ഒരു താരത്തിനൊപ്പം അഭിനയിക്കാനായ സന്തോഷവും അതിശയവും ഇപ്പോഴും മനസിലുണ്ടെന്നാണ് നസ്‌ലെൻ പറയുന്നത്.
പല സമയങ്ങളിലും ‘സ്റ്റക്ക്’ ആയി നിന്നിട്ടുണ്ടെന്നും, താൻ അഭിനയിക്കുന്നത് സൂര്യ സാറിനൊപ്പമാണെന്ന ചിന്ത തന്നെ വലിയ അനുഭവമായിരുന്നുവെന്നും നസ്‌ലെൻ തുറന്നു പറഞ്ഞു.
‘പല സമയത്തും ഇങ്ങനെ സ്റ്റക്ക് ആയി നിന്നിട്ടുണ്ട്. ഞാനിത് ആരുടെ കൂടെയാണ് നിൽക്കുന്നത്, സൂര്യ സാർ ആണല്ലോ എന്നോർത്തിട്ട്. വളരെ ഹമ്പിളായൊരു ഗുഡ് ഹ്യൂമൻ ബീയിങ്ങാണ് അദ്ദേഹം.
നമുക്ക് വളരെ റെസ്‌പെക്ട് തോന്നിപ്പോകും അദ്ദേഹത്തിനോട്. ചെറുപ്പം മുതലേ നമ്മൾ കാണുന്നതാണല്ലോ. അങ്ങനെ ഒരാളുടെ കൂടെ അഭിനയിക്കാനാകുന്നത് വളരെ ഗ്രേറ്റ്ഫുൾ ആയൊരു ഫീലിങ്ങാണ്,’ എന്നാണ് നസ്‌ലെൻ പറഞ്ഞത്. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.