മലയാളികൾക്ക് പുറത്തും വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ ചിത്രമായിരുന്നു പ്രേമലു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം കേരളത്തിന് പുറത്തും ശ്രദ്ധ നേടിയതോടെ നായികാ-നായകന്മാരായ മമിത ബൈജുവിനും നസ്‌ലെനും കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി.
ചിത്രത്തിന്റെ വിജയാഘോഷ വേദിയിൽ വെച്ചാണ് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് പ്രേമലുവിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനത്തിന് ശേഷം പ്രോജക്ടിനെ കുറിച്ചുള്ള കാര്യമായ അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല.
ഇതിനിടെ പ്രേമലു 2 ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് സംവിധായകൻ ദിലീഷ് പോത്തൻ തന്നെ ചിത്രം ഉപേക്ഷിച്ചു എന്ന തീരുമാനം അറിയിച്ചിരുന്നു.
പ്രേമലു, Photo: IMDb
ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ നസ്‌ലെൻ. ചിത്രം ഉപേക്ഷിക്കപ്പെട്ടതിന് പിന്നിലെ കാരണം തിരക്കഥയുമായി ബന്ധപ്പെട്ടതാണെന്നും ഭാവിയിൽ സിനിമ വീണ്ടും സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും താരം വ്യക്തമാക്കുന്നു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് നസ്‌ലെൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
‘പ്രേമലു 2 ഒഫീഷ്യലി ക്യാൻസൽ ചെയ്തല്ലോ. അത് ദിലീഷേട്ടൻ പറഞ്ഞിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാൽ അത് പെർഫെക്റ്റ് ലാൻഡിങ്ങിൽ എത്തിയില്ല. ഭാവിയിൽ ചിലപ്പോൾ ഉണ്ടാകാം. ഇപ്പോൾ എന്തായാലും ക്യാൻസൽ ചെയ്തു. സ്‌ക്രിപ്റ്റിന്റെ ഒരു പെർഫെക്ഷൻ ലഭിക്കാത്തതുകൊണ്ടാണ് പ്രോജക്ട് അവസാനിപ്പിച്ചത്,’ നസ്‌ലെൻ പറഞ്ഞു.
നസ്‌ലെന്റെ ഈ പ്രതികരണം വന്നതോടെ ഏറെ നാളായി പ്രചരിച്ചിരുന്ന പല അഭ്യൂഹങ്ങൾക്കും വിരാമമായിരിക്കുകയാണ്. പ്രേമലു 2 വൈകുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തതിന്റെ പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്ന തരത്തിൽ നിരവധി പ്രചാരണങ്ങൾ നേരത്തെ ഉയർന്നിരുന്നു.
നസ്‌ലെൻ പ്രതിഫലം വർധിപ്പിച്ച് ആവശ്യപ്പെട്ടതാണ് സിനിമ നീണ്ടുപോകാൻ കാരണമെന്ന വാദങ്ങളും ചിലർ മുന്നോട്ടുവെച്ചിരുന്നു. അതുപോലെ തന്നെ തിരക്കഥ നസ്‌ലെന് ഇഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ടാണ് പ്രോജക്ട് മുന്നോട്ടുപോകാതിരുന്നതെന്നും തരത്തിലുള്ള നരേറ്റീവുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നസ്‌ലെൻ വലിയ വിമർശനങ്ങളും നേരിട്ടിരുന്നു. എന്നാൽ ഇപ്പോഴത്തെ താരത്തിന്റെ വിശദീകരണം പ്രകാരം, പ്രോജക്ട് അവസാനിപ്പിക്കാനുള്ള പ്രധാന കാരണം തിരക്കഥ ആവശ്യമായ നിലവാരത്തിലും പെർഫെക്ഷനിലും എത്താത്തതായിരുന്നു.
അതേസമയം ഭാവിയിൽ മികച്ച ഒരു കഥയും തിരക്കഥയും രൂപപ്പെടുകയാണെങ്കിൽ പ്രേമലു 2 വീണ്ടും സംഭവിക്കാനുള്ള സാധ്യത പൂർണമായും അവസാനിച്ചിട്ടില്ലെന്ന സൂചനയും നസ്‌ലെൻ നൽകുന്നുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.