നസ്‌ലെനെ പ്രധാന കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒ.ടി.ടി റിലീസിന് പിന്നാലെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.
ഒ.ടി.ടിയിലും ചിത്രത്തിന് മിക്‌സഡ് റെസ്‌പോണ്‍സ് തന്നെയാണ് ലഭിക്കുന്നതെങ്കിലും, ചിത്രത്തിലെ നസ്‌ലെന്റെ പ്രകടനത്തിന് വലിയ രീതിയിലുള്ള കയ്യടികളാണ് ലഭിക്കുന്നത്. പ്രത്യേകിച്ചും ചിത്രത്തിലെ ഒരു വൈകാരിക രംഗം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്.
തന്റെ സിനിമയുടെ ഫൈനല്‍ ഔട്ട് കാണാന്‍ വിനീതിനെ സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന അര്‍ജുന്‍ ഹരിദാസ് എന്ന കഥാപാത്രം വിളിക്കുന്നതും, അതിനുശേഷമുള്ള അവരുടെ സംഭാഷണവുമാണ് സിനിമയിലെ ഏറ്റവും മികച്ച സീക്വന്‍സുകളില്‍ ഒന്ന്.
ഒരു സംവിധായകന്റെ ഉള്ളിലെ കണ്‍വിക്ഷനും ക്രിയേറ്റിവിറ്റിയും മോഷ്ടിക്കപ്പെടുമ്പോഴുണ്ടാകുന്ന വേദന നസ്‌ലെന്‍ മനോഹരമായി ആ രംഗത്തില്‍ പ്രതിഫലിപ്പിച്ചിട്ടുണ്ട്.

നസ്‌ലെന്‍, മോളിവുഡ് ടൈംസില്‍ നിന്നുള്ള രംഗം
സിനിമ കണ്ടുകഴിഞ്ഞ വിനീതിനോട് എന്തായി കഴിഞ്ഞോ, എങ്ങനെയുണ്ടെന്ന് അര്‍ജുന്‍ ചോദിക്കുന്നതും അതിന് വിനീത് നല്‍കുന്ന മറുപടിയും ആ രംഗത്തെ നസ്‌ലെന്റെ പ്രകടനവുമാണ് കയ്യടികള്‍ നേടുന്നത്.
ഇത് അര്‍ജുന്റെ സിനിമയാണെന്ന് ആരും പറയില്ലെന്നും, തന്റെ വിഷ്വലൈസേഷന്‍സും കട്ട് പോയിന്റ്‌സും കളര്‍ പാലറ്റും മ്യൂസിക് ഇല്ലാത്ത സൗണ്ട് ട്രീറ്റ്മെന്റും ഉള്‍പ്പെടെ താന്‍ എടുത്തു വെച്ച പോലെ തന്നെയുണ്ടെന്നുമാണ് വിനീതിന്റെ കഥാപാത്രം പറയുന്നത്.
നാളെ അര്‍ജുന്‍ ഹരിദാസിനെ ഇമിറ്റേറ്റ് ചെയ്യുന്ന മറ്റൊരു ഫിലിം മേക്കര്‍ എന്ന ടാഗ് മാത്രമായിരിക്കും തനിക്കിനി ബാക്കിയാവുകയെന്നും ഇനി താന്‍ ഒരു സിനിമ ചെയ്യുന്നതില്‍ല കാര്യമില്ലെന്നും വിനീതിന്റെ കഥാപാത്രം പറയുന്നു.
കോമഡി ഡയലോഗുകളില്‍ മാത്രം കണ്ടിരുന്ന നസ്‌ലെന്റെ ശബ്ദത്തിലെ ഒരു ഇടര്‍ച്ച തികച്ചും വൈകാരികമായ ഒരു രംഗത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ പ്രേക്ഷകനും അതൊരു പുതിയ അനുഭവമായി.
‘നീ എന്നെ ഡിസ്‌ട്രോയ് ചെയ്തു’ എന്ന് നസ്‌ലെന്‍ പറയുമ്പോള്‍, അമിത നാടകീയതയില്ലാതെ തികച്ചും സ്വാഭാവികമായി ആ കഥാപാത്രത്തിന്റെ തകര്‍ച്ച പ്രേക്ഷകന് ഫീല്‍ ചെയ്യിക്കാന്‍ താരത്തിന് സാധിക്കുന്നുണ്ട്.

നസ്‌ലെന്‍, മോളിവുഡ് ടൈംസില്‍ നിന്നുള്ള രംഗം Photo: Mint
ഈ സീനിലെ നസ്‌ലെന്റെ പെര്‍ഫോമന്‍സ് ‘ടോപ്പ് ക്ലാസ്സ്’ ആണെന്നാണ് പ്രേക്ഷക വിലയിരുത്തല്‍. സാധാരണ നസ്‌ലെന്‍ ചിത്രങ്ങളില്‍ കാണാറുള്ള പരിചിതമായ കൊച്ചി സ്ലാങ്ങിലുള്ള സംസാര ശൈലിയില്‍ നിന്നും മാറി, തികച്ചും ഗൗരവമേറിയ, വളരെ മെച്വേര്‍ഡ് ആയ ഡയലോഗ് ഡെലിവറിയാണ് താരം ഇതില്‍ കാഴ്ചവെച്ചിരിക്കുന്നത്.
കഥാപാത്രത്തിന്റെ ഉള്ളിലെ ഇമോഷന്‍സ് കൃത്യമായി കണ്‍വേ ചെയ്യുന്ന അളന്നു മുറിച്ചുള്ള സംഭാഷണ ശൈലിയ്ക്ക് കൈയടി ലഭിക്കുന്നുണ്ട്.
അമിത നാടകീയത ഒട്ടുമില്ലാതെ, തികച്ചും റിയലിസ്റ്റിക് ആയി നിന്നുകൊണ്ട് വിനീതിന്റെ നിരാശയും ദേഷ്യവും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ നസ്‌ലെന് സാധിച്ചിട്ടുണ്ട്.
ചിത്രം വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയില്ലെങ്കില്‍ പോലും, നസ്‌ലെന്റെ കരിയറിലെ എണ്ണം പറഞ്ഞ പെര്‍ഫോമന്‍സുകളില്‍ ഒന്നായി വിനീത് മാധവന്‍ മാറുമെന്നതില്‍ സംശയമില്ല.
Content Highlight: Naslen’s ‘Top-Class’ performance sparks discussion after OTT release
