എല്ലാ അവതരണവും സ്വയം കുറിച്ചുവെക്കും; പിണറായിയെ പോലെയല്ല വി.ഡി സതീശന്‍: നാസര്‍ ഫൈസി കൂടത്തായി
Kerala
എല്ലാ അവതരണവും സ്വയം കുറിച്ചുവെക്കും; പിണറായിയെ പോലെയല്ല വി.ഡി സതീശന്‍: നാസര്‍ ഫൈസി കൂടത്തായി
അനിത സി
Thursday, 12th February 2026, 5:49 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പോലെയല്ല പ്രതിപക്ഷ നേതാവെന്ന താരതമ്യവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. വി.ഡി സതീശന് നല്ല ഗൃഹപാഠമുണ്ടെന്ന് അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം തന്നെ എഴുതിയെടുക്കുമെന്നും മറ്റാരേയും അതേല്‍പ്പിക്കാറില്ലെന്നും നാസര്‍ ഫൈസി ഫേസ്ബുക്കിലൂടെ പ്രശംസിച്ചു.

മുഖ്യമന്ത്രിക്കൊപ്പം നിരവധി സംവാദ പരിപാടികളിലും പങ്കെടുത്തിരുന്നു. അദ്ദേഹം എല്ലാം കേട്ടിരിക്കും എന്നാല്‍ മുന്നില്‍ ഒരു കടലാസോ പേനയോ പോലുമുണ്ടാകില്ലെന്നും എഴുതുന്നതെല്ലാം സെക്രട്ടറിമാരായിരിക്കുമെന്നും നാസര്‍ ഫൈസി വിമര്‍ശിക്കുന്നു. ഒടുവില്‍ ‘എല്ലാം പഠിക്കട്ടെ ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈകൊള്ളും’ എന്ന് പറയുമെങ്കിലും ഒരു കാര്യത്തിലും തീരുമാനം കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, വി.ഡി സതീശന്‍ എല്ലാവരുടെ അവതരണം സ്വയം കുറിച്ചു വെക്കുകയും അവസാനം ഓരോന്നിന്റേയും കണ്ടന്റ് പറഞ്ഞ് പരിഹാരം കാണുകയും ചെയ്യും. തന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന് ചെറുതും വലുതുമായ എല്ലാ വിഷയവും അറിയാമെന്നതാണ്. ‘പഠിക്കട്ടെ എന്നിട്ടു ഇടപെടാം, പറയാം’ എന്നൊന്നുമില്ല. ഓരോ വിഷയവും അവതരിപ്പിച്ചവരേക്കാന്‍ അക്കാര്യത്തില്‍ വി.ഡിക്ക് ബോധമുണ്ടെന്നും നാസര്‍ ഫൈസി പറയുന്നു.

കോഴിക്കോട് ജില്ലയിലെത്തിയ പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗയാത്രയില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു നാസര്‍ ഫൈസിയുടെ കുറിപ്പ്. കട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് വിരുദ്ധ സമരസമിതിക്ക് വേണ്ടിയാണ് പങ്കെടുത്തതെങ്കിലും വിവിധ ജനകീയ പ്രശ്‌നങ്ങളും പ്രതിപക്ഷ നേതാവിന് മുന്നില്‍ അവതരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി സതീശന്റെ എല്ലാ വിഷയത്തിലുമുള്ള ഗൃഹപാഠം സദസ്സിനെ അത്ഭുതപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ പോലുള്ളവരില്‍ കേരള ഭരണം വന്നു ചേരണമെന്ന് ആരും ആഗ്രഹിച്ചു പോവും. ഈ ആഗ്രഹം രാഷ്ട്രീയ പക്ഷമായല്ല നിഷ്പക്ഷമായി ആര്‍ക്കും ബോധ്യമാവുമെന്നും നാസര്‍ ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു.

നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രതിപക്ഷ നേതാവ് ബഹു. VD സതീശന് നന്നായി ഗൃഹപാഠമുണ്ട്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന നവയുഗ യാത്ര ഇന്ന് കോഴിക്കോട് ജില്ലയിലെത്തി. രാവിലെ കോഴിക്കോട് പൊതുജന പ്രതിനിധീകളോട് അദ്ദേഹം സംവദിച്ചു. കട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് വിരുദ്ധ സമര സമിതിക്ക് വേണ്ടി ഞങ്ങള്‍ പങ്കെടുത്തു കാര്യങ്ങള്‍ അവതരിപ്പിച്ചു.

ജനങ്ങളുടെ എല്ലാ മേഖലയുമായി ബന്ധപ്പെട്ട നിരവധി പേര്‍ ബ്രീഫായി കാര്യങ്ങള്‍ അവതരിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പല സംവേദ വേദികളിലും പങ്കെടുത്തതാണ്. അദ്ദേഹം എല്ലാം കേട്ടിരിക്കും. ഒരു കടലാസോ പേനയോ മുമ്പിലുണ്ടാവില്ല. എഴുതുന്നതൊക്കെ മറ്റു സെക്രട്ടറിമാര്‍. എല്ലാം കഴിഞ്ഞ് ഒറ്റ മറുപടിയുണ്ടാകും ‘എല്ലാം പഠിക്കട്ടെ ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈകൊള്ളും’. പിന്നെ ഒരു കാര്യത്തിലും തീരുമാനം കാണാറില്ല.

എന്നാല്‍ വി.ഡി യാവട്ടെ എല്ലാവരുടെ അവതരണം സ്വയം കുറിച്ചു വെക്കുന്നു. അവസാനം ഓരോന്നിന്റേയും കണ്ടന്റ് പറഞ്ഞ് പരിഹാരം കാണുന്നു. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം: ചെറുതും വലുതുമായ എല്ലാ വിഷയവും അദ്ദേഹത്തിനറിയാം.

ഞങ്ങള്‍ പഠിക്കട്ടെ എന്നിട്ടു ഇടപെടാം, പറയാം…. എന്നൊന്നുമില്ല. ഓരോ വിഷയവും അവതരിപ്പിച്ചവരേക്കാന്‍ അക്കാര്യത്തില്‍ വി.ഡിക്ക് ബോധമുണ്ട്. ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന ദുരിതം മുതല്‍ ലോ കോളേജ് വിദ്യാര്‍ത്ഥികളും കണ്‍സഷന്‍ വര്‍ക്ക്, ആശാ വര്‍ക്കര്‍മാര്‍, PSC വിഷയം, ആരോഗ്യ മേഖല തുടങ്ങി എല്ലാ കാര്യങ്ങളിലും വ്യക്തമായ അറിവും ബോധവും അതത് സംഘടനാ പ്രതിനിധികളേക്കാള്‍ അദ്ദേഹത്തിനുണ്ട്.

എല്ലാ വിഷയത്തിലുമുള്ള ഗൃഹപാഠം സദസിനെ അദ്ദേഹം അത്ഭുതപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തെ പോലുള്ളവരില്‍ കേരള ഭരണം വന്നു ചേരണമെന്ന് ആരും ആഗ്രഹിച്ചു പോവും. ഈ ആഗ്രഹം രാഷ്ട്രീയ പക്ഷമായല്ല നിഷ്പക്ഷമായി ആര്‍ക്കും ബോധ്യമാവും.

Content Highlight: Nasar Faizy Koodathai’s fb post compares Pinarayi Vijayan and VD Satheesan

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍