പറഞ്ഞത് ചരിത്രപരമായ വസ്തുത, ഇ.എം.എസിനെ ആക്ഷേപിച്ചിട്ടില്ല; നദ്‌വിയെ ന്യായീകരിച്ച് നാസര്‍ ഫൈസി
Kerala
പറഞ്ഞത് ചരിത്രപരമായ വസ്തുത, ഇ.എം.എസിനെ ആക്ഷേപിച്ചിട്ടില്ല; നദ്‌വിയെ ന്യായീകരിച്ച് നാസര്‍ ഫൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th September 2025, 8:20 pm

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഇ.എം.എസിന്റെ കുടുംബത്തിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബഹാവുദ്ദീന്‍ നദ്‌വിയെ ന്യായീകരിച്ച് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി.

നദ്‌വി ഇ.എം.എസിനെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിച്ചിട്ടില്ലെന്ന് നാസര്‍ ഫൈസി പറഞ്ഞു. മടവൂരില്‍ സുന്നി മഹല്‍ ഫെഡറേഷന്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു നാസര്‍ ഫൈസി.

ബഹാവുദ്ദീന്‍ പറഞ്ഞത് ചരിത്രപരമായ വസ്തുതയാണെന്നും നാസര്‍ ഫൈസി പറഞ്ഞു. പണ്ഡിതന്മാര്‍ക്കെതിരെ അസംഭ്യം പറഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കാനാകില്ലെന്നും നാസര്‍ ഫൈസി പ്രതികരിച്ചു.

ഇ.എം.സിന്റെ മാതാവിനെ മുഹമ്മദ് നബിയുടെ പങ്കാളി ആയിഷാ ബീവിയോട് ഉപമിച്ച് സി.പി.ഐ.എമ്മിനെ ബഹുമാനിക്കുകയാണ് നദ്‌വി ചെയ്തതെന്നും നാസര്‍ ഫൈസി ന്യായീകരിച്ചു. ഒരു ഘട്ടത്തില്‍ പോലും നദ്‌വി ഇ.എം.എസിനെ അപമാനിച്ചിട്ടില്ല. ഏറ്റവും മാന്യമായ വിമര്‍ശനമാണ് നദ്‌വി നടത്തിയതെന്നുമാണ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്.

ഇ.എം.എസിന്റെ മാതാവിന്റെ വിവാഹം ആദരിക്കപ്പെട്ട വിവാഹമാണ്. അതിനെ മഹത്വവത്ക്കരിക്കുകയാണ് നദ്‌വി ചെയ്തതെന്നും നാസര്‍ ഫൈസി പറഞ്ഞു. നദ്‌വിയുടെ പരാമര്‍ശത്തിന് പിന്നാലെ ഏതെങ്കിലും ഹൈന്ദവ സംഘടനകള്‍ പ്രതികരിച്ചോ, ഏതെങ്കിലും സ്വാമിമാര്‍ പത്രസമ്മേളനം നടത്തിയോയെന്നും നാസര്‍ ഫൈസി ചോദിച്ചു.

ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മിലെ വിവരമുള്ളവര്‍ പ്രതികരിക്കട്ടേയെന്നും നദ്‌വിയുടെ മറുപടി യുക്തിവാദികള്‍ക്കും എക്‌സ് മുസ്‌ലിങ്ങൾക്കും ഉള്ളതാണെന്നും നാസര്‍ ഫൈസി പറഞ്ഞു.

കഴിഞ്ഞ ദിവസം നദ്‌വിയുടെ പരാമര്‍ശത്തിനെതിരെ മടവൂരില്‍ വെച്ച് സി.പി.ഐ.എം പ്രതിഷേധ സംഗമം നടത്തിയിരുന്നു. സംഗമത്തില്‍ നദ്‌വിക്കെതിരെ സി.പി.ഐ.എം നേതാവ് പരനാറി പരാമര്‍ശം നടത്തിയിരുന്നു. അതിന് മറുപടിയെന്നോണമാണ് സുന്നി മഹല്‍ ഫെഡറേഷന്റെ പ്രതിഷേധ സംഗമം.

അതേസമയം ഇന്നലെ (ബുധന്‍) സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങളും ഉമര്‍ ഫൈസി മുക്കവും ബഹാവുദ്ദീന്‍ നദ്‌വിയെ തള്ളി രംഗത്തെത്തിയിരുന്നു. നദ്‌വിയുടെ പരാമര്‍ശം സമസ്തയുടെ നിലപാടോ നയമോ അല്ലെന്നാണ് ഇരുവരും പ്രതികരിച്ചത്.

Content Highlight: Nasar Faizi defends Nadwi in wife incharge statement