കൊച്ചി: കണ്ണൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ദീലീപനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് പ്രതികളെയും വെറുതെവിട്ടു. ഹൈക്കോടതിയുടേതാണ് നടപടി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് തീരുമാനം.
കുറ്റവിമുക്തരായ ഒമ്പത് പേരും പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റായിരുന്ന മുഹമ്മദ് ബഷീര്‍ എന്ന കരാട്ടെ ബഷീര്‍ (36) അടക്കമുള്ളവരെയാണ് കോടതി വെറുതെവിട്ടത്.
മുഴക്കുന്ന് പി.കെ. ലത്തീഫ് (34), ഉളിയില്‍കുന്നേല്‍ യു.കെ. സിദ്ദിഖ് (34), മുഴക്കുന്ന് യു.കെ. ഫൈസല്‍ (36), ചക്കാട്ടെ വി.കെ. ഉനൈസ് (31), പുതിയപുരയില്‍ ഫൈസല്‍ (31), തണലോട്ട് യാക്കൂബ് (40), കീഴൂരിലെ പി.കെ. മുഹമ്മദ് ഫാറൂഖ് (46), പാനേരി അബ്ദുല്‍ ഗഫൂര്‍ (32) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
2019 ഫെബ്രുവരിയില്‍ ഇവരെ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 30,000 രൂപ പിഴയും വിധിച്ചിരുന്നു. ഈ വിധിയാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കര്‍ നമ്പ്യാര്‍, വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്
കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രതികള്‍ ജയിലിലായിരുന്നു. അതേസമയം പയ്യമ്പള്ളി ഹാരിസ്, അരയാക്കല്‍ അബ്ദുല്‍ ഖാദര്‍, പി.വി. മുഹമ്മദ്, പി.കെ. അബൂബക്കര്‍, എ.കെ. സാജിദ്, മുഹമ്മദ് മന്‍സീര്‍, എ.പി. മുഹമ്മദ് എന്നിവരെ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ വെറുതെവിട്ടത്.
2008 ഓഗസ്റ്റ് 24ന് രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന ദിലീപനെ കൊലപ്പെടുത്തിയെന്നാണ് കേസ്.