എഡിറ്റര്‍
എഡിറ്റര്‍
നദീസംരക്ഷണത്തെ കുറിച്ച് വാചാലനാവുന്ന ജഗ്ഗി വാസുദേവ് എന്ത്‌കൊണ്ട് നര്‍മ്മദയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കുന്നില്ല: വിമര്‍ശനവുമായി നര്‍മ്മദ ബച്ചോവോ ആന്തോളന്‍
എഡിറ്റര്‍
Monday 23rd October 2017 10:21am

ന്യുദല്‍ഹി: നദീ സംരക്ഷണത്തിനായി ആള്‍ ദൈവം സദ്ഗുരു ജഗ്ഗി വാസുദേവ് നടത്തുന്ന ഇന്ത്യന്‍ പര്യടനത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് നര്‍മ്മദ ബച്ചോവോ ആന്തോളന്‍.

നദീ ജലത്തെ കുറിച്ച് പറയുന്ന ജഗ്ഗി അണക്കെട്ടുകളെ കുറിച്ച് സംസാരികാത്തത് കോര്‍പ്പറേറ്റുകളോടും അധികാര കേന്ദ്രങ്ങളോടും കൈകോര്‍ത്തത് കൊണ്ടാണെന്ന് നര്‍മ്മദ ബച്ചോവോ ആന്തോളന്‍ നേതാക്കളായ മേധാ പട്കര്‍, ദേവ് റാം കന്‍ഹര, ദേവി സിങ്ങ് എന്നിവര്‍ പറഞ്ഞു.

നര്‍മ്മദ നദിയെയും നദീതടത്തെയും അവിടെ നടപ്പാക്കുന്ന പദ്ധതിയെയും കുറിച്ചുള്ള നിലപാടെന്താണെന്ന് ജഗ്ഗി വാസുദേവ് വിശദീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പരിസ്ഥിതിക്ക് ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കുന്ന അംബാനിയും അദാനിയുമാണ് ജഗ്ഗിക്ക് പുറകില്‍ അണിനിരക്കുന്നത്. അവരുടെ വ്യാവസായ താല്‍പ്പര്യങ്ങളും നിക്ഷേപ സാധ്യതകളും മുന്‍ നിര്‍ത്തിയാണ് നദി സംയോജനത്തെയും നദീ ജല ഗതാഗതത്തെയും അവര്‍ പിന്തുണക്കുന്നതെന്നും അവര്‍ ആരോപിച്ചു.


Also Read ഞങ്ങളുടെ വികസനത്തെ എതിര്‍ക്കുന്നവര്‍ക്ക് കേന്ദ്രത്തിന്റെ ഒരു രൂപാ പോലും തരില്ല; ഭീഷണിയുമായി മോദി


വനസംരക്ഷണത്തെ കുറിച്ച് നിശ്ശബ്ദനായ ജഗ്ഗി വാസുദേവ് അതെ സമയം വ്യാവസായിക കൃഷിയെ കുറിച്ച് വാചാലനാവുകയാണ്. വന്‍ പരാജയമായ വിള ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ചാണ് അവര്‍ ഇപ്പോഴും വാചാലനാവുന്നത്. കോര്‍പ്പറേറ്റുകളുടെയും മാധ്യമസ്ഥാപനങ്ങളില്‍ നിന്നും വന്‍ തുക സംഭവന വാങ്ങിയ ശേഷമാണ് ജഗ്ഗി വാസുദേവ് യാത്ര നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

ജഗ്ഗിക്ക് മുന്നില്‍ താണ് വണങ്ങുന്നവര്‍ ആശാറാം ബാപ്പുവിന്റെയും ഗുര്‍മീത് റാം റഹിമിന്റെയും കാര്യങ്ങള്‍ കൂടി ഓര്‍ക്കുന്നതു കൂടി നന്നാവുമെന്നും നല്ല വണ്ണം ആലോചിച്ച ശേഷം പിന്തുണയും സംഭാവനയും നല്‍കാവുയെന്നും അന്തോളന്‍ ഓര്‍മ്മപ്പെടുത്തി.

നദികളെ സംരക്ഷിക്കുക, മരങ്ങള്‍ നടുക എന്ന സന്ദേശത്തോടെയാണ് ‘റാലി ഫോര്‍ റിവര്‍’ എന്ന് പേരിട്ടിരിക്കുന്ന പ്രചരണ യാത്ര. കന്യാകുമാരി മുതല്‍ ഹിമാലയം വരെ കാറിലാണ് പരിസ്ഥിതി സന്ദേശമുയര്‍ത്തി സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ഭാരതപര്യടനമായ റാലി ഫോര്‍ റിവര്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ സിനിമാ സാസ്‌കാരിക രംഗത്തുള്ള നിരവധിപേര്‍ റാലി ഫോര്‍ റിവറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.


Also Read ‘പച്ച പെയിന്റടിച്ച കാറില്‍ ഭാരതപര്യടനം നടത്തിയല്ല പ്രകൃതി സംരക്ഷണം വേണ്ടത്’; സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ‘റാലി ഫോര്‍ റിവര്‍’ ഗുരുതര പാരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന് വിദ്ഗദ്ധര്‍


അതേ സമയം ജഗ്ഗി വാസുദേവ് നടത്തുന്ന ഇന്ത്യന്‍ പര്യടനം ഗുരുതര പരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. കന്യാകുമാരി മുതല്‍ ഹിമാലയം വരെ ജഗ്ഗി വാസുദേവ് സഞ്ചരിക്കുന്നത് മെര്‍സിഡേഴ്‌സ് എ.എം.ജി ജി63 എസ്യുവി ജീപ്പിലാണ് .ജഗ്ഗി വാസുദേവിന്റെ വാഹനത്തെ 20 മഹീന്ദ്ര എക്‌സ്.യു.വി കാറുകളും അനുഗമിക്കുന്നുണ്ട്. ഇവയെല്ലാം പുറംതള്ളുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുമെന്നും എട്ട് ലക്ഷം മരങ്ങള്‍ റാലിയുണ്ടാക്കുന്ന മലിനീകരണത്തെ അതിജീവിക്കാന്‍ വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisement