കേരള രാഷ്ട്രീയ ചരിത്രത്തില്‍ പലരാലും മറക്കപ്പെട്ട സമരങ്ങളിലൊന്നാണ് 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പും. 22 വര്‍ഷങ്ങള്‍ക്ക് ശേഷം മുത്തങ്ങ സമരത്തിന്റെ കഥ വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ്. ഇഷ്‌ക് എന്ന ചിത്രത്തിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ്.
വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് ഓഫീസറിലൂടെയാണ് നരിവേട്ടയുടെ കഥ പറഞ്ഞുപോകുന്നത്. താത്പര്യമില്ലാതെ പൊലീസ് ജോലിക്ക് പോകേണ്ടി വരുന്ന വര്‍ഗീസിന് മുത്തങ്ങ സമരത്തില്‍ സമരക്കാരെ നിയന്ത്രിക്കാന്‍ ചുമതല ലഭിക്കുന്നിടത്താണ് കഥ ചൂടുപിടിക്കുന്നത്. സമരക്കാര്‍ക്ക് സംരക്ഷണം ഒരുക്കുകയാണോ എന്ന ചിന്ത ആദ്യം തോന്നുന്ന വര്‍ഗീസിന് പിന്നീട് അത് തന്റെയും കൂടി സമരമാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
യഥാര്‍ത്ഥ സംഭവത്തെ സിനിമയാക്കിയതിനോടൊപ്പം അതില്‍ കുറച്ച് സിനിമാറ്റിക് എലമെന്റ് കൂടി അണിയറപ്രവര്‍ത്തകര്‍ ചേര്‍ത്തിട്ടുണ്ട്. അത് കല്ലുകടിയായി തോന്നാത്ത വിധം അവതരിപ്പിക്കാന്‍ എഴുത്തുകാരന്‍ അബിന്‍ ജോസഫിനും സംവിധായകന്‍ അനുരാജ് മനോഹറിനും സാധിച്ചിട്ടുണ്ട്. അവസാനത്തോടടുക്കുമ്പോള്‍ നെഞ്ചില്‍ കല്ലിറക്കിവെച്ചതുപോലൊരു ഭാരം തീര്‍ച്ചയായും അനുഭവപ്പെടും.
സാധാരണക്കാരുടെ അവകാശപ്പോരാട്ടങ്ങളോട് ഭരണകൂടവും അവര്‍ക്ക് ഏറാന്‍ മൂളേണ്ടി വരുന്ന പൊലീസുകാരും കാണിക്കുന്ന അവഗണന ചിത്രം വരച്ചിടുന്നുണ്ട്. ഒരു സമരത്തെ എങ്ങനെയെല്ലാം അടിച്ചമര്‍ത്താമെന്ന് പൊലീസ് കാണിക്കുന്ന ഭാഗങ്ങളെല്ലാം പ്രേക്ഷകരില് കൃത്യമായി വര്‍ക്കൗട്ടായിട്ടുണ്ട്. ഒപ്പം സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത ഭരണകൂടത്തെയും ചിത്രം തുറന്നുകാട്ടുന്നു.
അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് വരുകയാണെങ്കില്‍ വര്‍ഗീസ് പീറ്ററായെത്തിയ ടൊവിനോ ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചിട്ടുള്ളത്. നിരാശ, ദേഷ്യം, സങ്കടം, പക തുടങ്ങിയ വികാരങ്ങളെല്ലാം തന്റെ കണ്ണിലൂടെ പ്രകടിപ്പിക്കാന്‍ ടൊവിനോക്ക് സാധിച്ചു. രണ്ടാം പകുതിയില്‍, പ്രത്യേകിച്ച് അവസാനരംഗങ്ങളില്‍ ടൊവിനോയിലെ നടന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ കാണാന്‍ സാധിച്ചു.
സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച സി.പി.ഓ ബഷീര്‍, താരത്തിന് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണെന്ന് നിസ്സംശയം പറയാം. ടൊവിനോയും സുരാജും തമ്മിലുള്ള സീനുകളെല്ലാം അതിമനോഹരമായിരുന്നു. ഇതിന് മുമ്പ് സുരാജ് ചെയ്തിട്ടുള്ള സീരിയസ് വേഷങ്ങളില്‍ നിന്ന് ബഷീര്‍ വ്യത്യസ്തമായി നില്‍ക്കുന്നുണ്ട്.
ഡി.ഐ.ജി രാഘുറാം കേശവദാസായി എത്തിയ ചേരന്‍, മലയാളത്തിലെ തന്റെ അരങ്ങേറ്റം മോശമാക്കിയില്ല. കഥാപാത്രത്തിന് എന്താണോ ആവശ്യം അത് കൃത്യമായി നല്‍കാന്‍ ചേരന് സാധിച്ചു. തമിഴ് കലര്‍ന്ന മലയാള ഡയലോഗുകള്‍ ഇടക്ക് കല്ലുകടിയായി തോന്നിയെങ്കിലും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് അത് മറികടക്കാന്‍ ചേരന് കഴിഞ്ഞിട്ടുണ്ട്.
സി.കെ. ശാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആര്യ സലിം ആ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. ഡയലോഗുകളും പെര്‍ഫോമന്‍സും കൊണ്ട് തന്റെ സീനുകളെല്ലാം ആര്യ ഗംഭീരമാക്കിയെന്ന് തന്നെ പറയാം. സി.കെ. ജാനു എന്ന രാഷ്ട്രീയപ്രവര്‍ത്തകയുടെ ലുക്കും മാനറിസങ്ങളും ആര്യ സലിമില്‍ ഭദ്രമായിരുന്നു. നായികയായി എത്തിയ പ്രിയംവദ കൃഷ്ണന്‍, ടൊവിനോയുടെ അമ്മയായി വേഷമിട്ട റിനി ഉദയകുമാര്‍ എന്നിവര്‍ അവരവരുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു. രണ്ട് സീനുകളില്‍ മാത്രം വന്ന ശ്രീകാന്ത് മുരളിയും കൈയടി നേടി.
ജേക്‌സ് ബിജോയ്, 2025 ജേക്‌സിന്റേതാണെന്ന് സംശയമില്ലാതെ പറയാം. സിനിമയിലെ സെക്കന്‍ഡ് ഹീറോ ജേക്‌സ് ബിജോയ് ആയിരുന്നു. സീനുകളുടെ ഇമോഷന്‍ എന്താണോ അതിന്റെ ഇംപാക്ട് ഇരട്ടിയാക്കുന്ന തരത്തിലായിരുന്നു ജേക്‌സ് ഒരുക്കിയ സംഗീതം. പാട്ടുകളും ബി.ജി.എമ്മും സിനിമയെ ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
വിജയ്‌യുടെ ക്യാമറ, പ്രത്യേകിച്ച് ചില സീനുകളിലെ അപ്പര്‍ കട്ടും, ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള സിംഗിള്‍ ഷോട്ട് സീനും വേറെ ലെവലായിരുന്നു. ആദ്യ പകുതിയിലെ നോണ്‍ ലീനിയര്‍ രംഗങ്ങള്‍ മടുപ്പില്ലാതെ ആസ്വദിക്കാന്‍ സാധിച്ചതില്‍ ഷമീര്‍ മുഹമ്മദിന്റെ കട്ടുകള്‍ വഹിച്ച പങ്ക് ചെറുതല്ല. ഫീനിക്‌സ് പ്രഭു ഒരുക്കിയ സംഘട്ടന രംഗങ്ങളെല്ലാം പക്കാ റിയലിസ്റ്റിക്കായിരുന്നു.
കേരള ജനത മറന്നുതുടങ്ങിയ ഒരു അവകാശപോരാട്ടത്തെ അതിന്റെ തീ ഒട്ടും ചോരാതെ ചലച്ചിത്ര രൂപത്തിലേക്കെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചതിലാണ് സിനിമയുടെ വിജയം. കാടിന്റെ മക്കള്‍ക്ക് നേരെ ഭരണകൂടവും പൊലീസും നടത്തിയ നരവേട്ടയുടെ അടയാളപ്പെടുത്തലായി നരിവേട്ടയെ കണക്കാക്കാം.