ന്യൂദല്‍ഹി: വിദ്യാഭ്യാസം സ്ത്രീകളെ കൂടുതല്‍ അവകാശബോധമുള്ളവരാക്കുന്നതിന്റെ ഉദാഹരണമാണ് ദല്‍ഹിയും കേരളവുമെന്ന് റിപ്പോര്‍ട്ട്. പിവാല്യു അനലിറ്റിക്‌സ് എന്ന സന്നദ്ധസംഘടനയുടെ സ്ത്രീ സുരക്ഷാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കേരളത്തിലെ പൊലീസ് സംവിധാനം സുരക്ഷിതത്വബോധം നല്‍കുന്നതായാണ് മലയാളി സ്ത്രീകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ വിജയ് കിഷോര്‍ രാഹത്കര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ രാജ്യത്ത് 13ാം സ്ഥാനത്താണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 13 നഗരങ്ങളിലായി 12270 സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
കേരളത്തില്‍ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായതായി അറിയിച്ചിട്ടുള്ളത് മൂന്ന് ശതമാനം സ്ത്രീകള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദ്യാഭ്യാസം സ്ത്രീകളെ കൂടുതല്‍ അവകാശബോധമുള്ളവരാക്കുമെന്നതിന്റെ ഉദാഹരണമാണ് കേരളവും ദല്‍ഹിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോഴും അതിക്രമങ്ങള്‍ക്ക് ഇരയാകുമ്പോഴും നിയമസഹായം തേടുന്നവരുടെ എണ്ണം ഈ സംസ്ഥാനങ്ങളില്‍ കൂടുതലാണ്.
വിശാഖപട്ടണം, ഭുവനേശ്വര്‍, കൊഹിമ, ഐസോള്‍, ഇറ്റാനഗര്‍, ഗാങ്‌ടോക്ക്, മുംബൈ എന്നിവയാണ് സ്ത്രീകള്‍ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്ന നഗരങ്ങള്‍. പട്‌ന, ശ്രീനഗര്‍, ഫരീദാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, ദല്‍ഹി, റാഞ്ചി എന്നിവിടങ്ങളില്‍ സ്ത്രീകള്‍ അരക്ഷിതത്വം അനുഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
22 ശതമാനം സ്ത്രീകള്‍ മാത്രമാണ് പീഡന സംഭവങ്ങള്‍ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതില്‍ വെറും 16 ശതമാനം പരാതികളില്‍ മാത്രമാണ് നടപടിയെടുത്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നയം തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തുണ്ടോ എന്ന കാര്യത്തില്‍ 50 ശതമാനം സ്ത്രീകള്‍ക്കും അറിവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.