കൊല്‍ക്കത്ത: വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷക്കാലത്തെ അഴിമതികള്‍ അക്കമിട്ട് നിരത്തുന്ന ധവളപത്രം പുറത്തിറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും മന്ത്രിമാരും സിന്‍ഡിക്കേറ്റുകളും ഉള്‍പ്പെട്ട അഴിമതികളുടെ പൂര്‍ണചിത്രം ഈ ധവളപത്രത്തിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുമെന്ന് മോദി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍ കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂര്‍ബ ബര്‍ധമാനില്‍ നടന്ന കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ടി.എം.സിയെയും മോദി വിമര്‍ശിച്ചത്.
‘തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍, മന്ത്രിമാര്‍, സിന്‍ഡിക്കേറ്റുകള്‍ എന്നിവരുള്‍പ്പെട്ട അഴിമതിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ബി.ജെ.പി ഒരു ധവളപത്രം കൊണ്ടുവരും. സര്‍ക്കാരിന്റെ 15 വര്‍ഷത്തെ എല്ലാ വിവരങ്ങളും അതില്‍ ഉള്‍പ്പെടുത്തും. പുതുതായി ചുമതലയേല്‍ക്കുന്ന ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ ഇത്തരത്തിലുള്ള എല്ലാ കുറ്റകൃത്യങ്ങളും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും,’ അദ്ദേഹം പറഞ്ഞു.
ബംഗാളിലെ സ്ത്രീകള്‍ക്കായി പ്രതിമാസം 3,000 രൂപ നല്‍കുന്ന ധനസഹായ പദ്ധതിയും തെരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം പ്രഖ്യാപിച്ചു. മമത ബാനര്‍ജിയെ പിന്തുണയ്ക്കുന്ന സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വെച്ചാണ് ഈ നീക്കം.
ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മോദി ആരോപിച്ചു. ബി.ജെ.പി ഒന്നും നിര്‍ത്തലാക്കില്ലെന്നും പകരം അഴിമതിക്കാരുടെ കടകള്‍ പൂട്ടിക്കുകയും കൊള്ളയടി അവസാനിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിന് പുറമെ കേരളത്തിലും ഇത്തവണ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം മികച്ച വിജയം സ്വന്തമാക്കുമെന്ന് മോദി പ്രവചിച്ചു. കേരളത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിജയപ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയാണെന്നും ബംഗാളിലും ബി.ജെ.പി വിജയത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളില്‍ ഏപ്രില്‍ 23, 29 തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണല്‍.
2021ല്‍ ടി.എം.സി 213 സീറ്റുകള്‍ നേടിയപ്പോള്‍, ബി.ജെ.പി മൂന്നില്‍ നിന്നും 77ലേക്ക് നില മെച്ചപ്പെടുത്തി. ഇത്തവണ ഭരണം പിടിച്ചെടുക്കാന്‍ തന്നെയാണ് ബി.ജെ.പി പദ്ധതിയിടുന്നത്.
Content highlight: Narendra Modi says he will release a white paper detailing Trinamool Congress’ corruption if he comes to power in Bengal