ന്യൂദല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ട്രംപുമായി സംസാരിച്ചെന്ന് മോദി വെളിപ്പെടുത്തിയെന്നും പ്രധാനമന്ത്രി മറച്ചുവെക്കുന്നത് ട്രംപ് വെളിപ്പെടുത്തുന്നുവെന്നുമാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ നാല് തവണയാണ് ട്രംപ് ഇന്ത്യയുടെ നയം പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസ് പറഞ്ഞു. എ.ഐ.സി.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്സിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്.
The PM has finally acknowledged publicly that President Trump called him up and that the two spoke to each other. But all that the PM has said is that the US President extended Diwali greetings.
‘പ്രസിഡന്റ് ട്രംപ് വിളിച്ചെന്നും ഇരുവരും സംസാരിച്ചെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, യു.എസ് പ്രസിഡന്റ് ദീപാവലി ആശംസകള്‍ അറിയിച്ചുവെന്ന് മാത്രമാണ് മോദി പറഞ്ഞത്. പക്ഷേ, മോദി മറച്ചുവെക്കുന്നത് എന്താണോ അത് ട്രംപ് വെളിപ്പെടുത്തുകയാണ്.
ദീപാവലി ആശംസകള്‍ക്ക് പുറമെ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ച് സംസാരിച്ചതായും ട്രംപ് വെളിപ്പെടുത്തി. ഈ ഇറക്കുമതി നിര്‍ത്തുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതായും യു.എസ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ ഇത് നാലാം തവണയാണ് യു.എസ് പ്രസിഡന്റ് ഇന്ത്യയുടെ നയം പ്രഖ്യാപിക്കുന്നത്,’ ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ഇന്ന് (ബുധനാഴ്ച) മോദി യു.എസ് പ്രസിഡന്റ് തന്നെ വിളിച്ചുവെന്നും ദീപാവലി ആശംസകള്‍ അറിയിച്ചുവെന്ന് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്നും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. അവര്‍ റഷ്യയില്‍ നിന്ന് അധികം എണ്ണ വാങ്ങാന്‍ പോകുന്നില്ലെന്നും അവര്‍ എണ്ണ അളവ് കുറക്കുകയാണെന്നുമാണ് യു.എസ് പ്രസിഡന്റ് പറഞ്ഞത്.
ഇനിയും ഈ അളവ് കുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ വെച്ച് സംസാരിക്കുന്നതിനിടയിലാണ് ട്രംപ് ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
നേരത്തെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടി നിര്‍ത്തലിന് സമ്മതിച്ചത് താന്‍ കാരണമാണെന്ന് ട്രംപ് അവകാശവാദമുന്നയിച്ചിരുന്നു. പഹല്‍ഗാം വിഷയത്തിന് ഇരു രാജ്യങ്ങളുടെയും ബന്ധം വഷളാവുകയും വെടിവെപ്പിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപിന്റെ അവകാശവാദം.
എന്നാല്‍, ഇത് ഇന്ത്യ നിരസിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യ പറഞ്ഞിരുന്നത്.
Content Highlight: Narendra Modi conceals, Donald Trump reveals; Congress criticizes BJP Government on US President repeat Russian oil claims