ഗുവാഹത്തി: അസം സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യന്‍ സൈന്യത്തെ പിന്തുണയ്ക്കുന്നതിന് പകരം കോണ്‍ഗ്രസ് പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെയാണ് പിന്തുണച്ചത് എന്നായിരുന്നു മോദിയുടെ ആരോപണം. അസമിലെ ദരാംഗിലെ റാലിയിലാണ് മോദിയുടെ പ്രതികരണം
കാമാഖ്യാ ദേവിയുടെ അനുഗ്രഹത്താല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ പൂര്‍ണവിജയമായിരുന്നുവെന്നും മോദി പറഞ്ഞു.
1962ലെ ഇന്ത്യ – ചൈന യുദ്ധസമയത്ത് ജവഹര്‍ലാല്‍ നെഹ്‌റു അസമിനേല്‍പ്പിച്ച മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തലമുറ ആ മുറിവുകളില്‍ ഉപ്പ് വിതറുകയാണെന്നും മോദി വിമര്‍ശിച്ചു.
#WATCH | Darrang, Assam: Prime Minister Narendra Modi says, “… Yahi mera remote control hai. Mera aur koi remote control nahi hai, 140 crore deshwasi mera remote control hai…”
കോണ്‍ഗ്രസ് പതിറ്റാണ്ടുകളോളം അസം ഭരിച്ചിട്ടും ബ്രഹ്‌മപുത്ര നദിക്ക് കുറുകെ വെറും മൂന്ന് പാലങ്ങള്‍ നിര്‍മിക്കാന്‍ മാത്രമാണ് അവര്‍ക്ക് കഴിഞ്ഞത്. എന്നാല്‍ തങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ ആറ് പുതിയ പാലങ്ങള്‍ നിര്‍മിച്ചെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെ 140 കോടി ജനങ്ങളാണ് തന്നെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോളെന്നും തനിക്ക് വേറെ ഒരു റിമോട്ട് കണ്‍ട്രോളുമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ചീറ്റുന്ന വിഷം ശിവനെ പോലെ വിഴുങ്ങാന്‍ തനിക്കാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.