മംഗള്‍യാന്‍: ഇന്ത്യ ചരിത്രം കുറിച്ചെന്ന് നരേന്ദ്രമോദി
Daily News
മംഗള്‍യാന്‍: ഇന്ത്യ ചരിത്രം കുറിച്ചെന്ന് നരേന്ദ്രമോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th September 2014, 7:21 am

modi[] ബംഗളൂരു: ചൊവ്വയില്‍ വിജയക്കൊടി പാറിച്ച മംഗള്‍യാന്‍ ദൗത്യത്തിന് പിന്നിലുള്ള ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാ പര്യവേക്ഷണത്തിനായി ശാസ്ത്രജ്ഞന്മാര്‍ ഏറെ ത്യാഗം അനുഭവിച്ചെന്നും പേടകം ചൊവ്വയിലെത്തിയതിലൂടെ ഇന്ത്യ ചരിത്രം കുറിച്ചെന്നും മോദി പറഞ്ഞു.

മംഗള്‍യാന്റെ യാത്ര മംഗളമായി. അറിയാത്ത ലോകത്തെ കൈയെത്തിപ്പിടിക്കാന്‍ ഇന്ത്യക്കായെന്നും അസാധ്യമായത് നേടാന്‍ കഴിയുമെന്ന് ഐ.എസ.്ആര്‍.ഒ ശാസ്ത്രജ്ഞര്‍ തെളിയിച്ചെന്നും മോദി വ്യക്തമാക്കി. ബംഗളൂരു മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആദ്യ ദൗത്യത്തില്‍ തന്നെ വിജയം നേടുന്ന രാജ്യവുമായി ഇന്ത്യ മാറി. ഒരു ഹോളിവുഡ് സിനിമയേക്കാള്‍ കുറഞ്ഞ ചെലവില്‍ ചൊവ്വാ ദൗത്യം വിജയകരമാക്കിയെന്നും ഈ നേട്ടത്തിലൂടെ ജ്വലിക്കുന്നത് നൂറു കോടിയുടെ അഭിമാനമാണെന്നും മോദി അറിയിച്ചു.

മംഗള്‍യാന്‍ ദൗത്യം ചൊവ്വയില്‍ പ്രവേശിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞാര്‍ക്കൊപ്പം പ്രധാനമന്ത്രിയും ബംഗളുരുവിലെ ഇസ്ട്രാക്കില്‍ എത്തിയിരുന്നു.