'തമിഴ് തെരിയാതെ മോദി'; തെരഞ്ഞെടുപ്പില്‍ കത്തി 'തമിഴ്'; കടന്നാക്രമിച്ച് രാഹുലും
national news
'തമിഴ് തെരിയാതെ മോദി'; തെരഞ്ഞെടുപ്പില്‍ കത്തി 'തമിഴ്'; കടന്നാക്രമിച്ച് രാഹുലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st March 2021, 11:58 am

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ തമിഴ് പ്രധാന ചര്‍ച്ചാ വിഷയമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന് തമിഴ് ഭാഷയോട് ബഹുമാനമില്ലെന്നും, മോദി എന്തു പറയുന്നുവോ അതെല്ലാം തലയാട്ടി സമ്മതിക്കുന്ന മുഖ്യമന്ത്രിയാണ് തമിഴ്‌നാടിനുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്ന നയത്തിനെതിരെ തമിഴ്‌നാട്ടില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരുന്നത്. തമിഴ് ഭാഷയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് അനേകം സംഘടനകളും പ്രതിഷേധവുമായി തമിഴ്‌നാട്ടില്‍ നേരത്തെ തന്നെയുണ്ടായിരുന്നു.

ഇതിന്റെ ഭാഗമായി തമിഴ് പല തവണ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയവുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസും ഡി.എം.കെയും ഉള്‍പ്പെടെയുള്ളവര്‍ തമിഴ് ഭാഷയും സംസ്‌കാരവും പ്രധാന ചര്‍ച്ചാ വിഷയമായി ഉയര്‍ത്തിക്കൊണ്ടു വരുന്നത്.

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു എന്ന ആരോപണത്തെ ചെറുക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ് ഭാഷ പഠിക്കാത്തതില്‍ വലിയ ദുഃഖമുണ്ടെന്ന് മന്‍ കീ ബാത്തില്‍ പറഞ്ഞത് എന്ന വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ തമിഴ് പ്രധാനവിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. നേരത്തെ തന്നെ തമിഴ് ഭാഷയുമായി നടക്കുന്ന ചര്‍ച്ചകളില്‍ രാഹുല്‍ സജീവമായി ഇടപെടുന്നുണ്ടായിരുന്നു. രാഹുല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും തമിഴ് ഭാഷയ്ക്ക് മേല്‍ നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ആര്‍.എസ്.എസിനെ തമിഴ് സംസ്‌കാരത്തെ അപമാനിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

”മോദി പറയുന്നു ഒരു രാജ്യം, ഒരു സംസ്‌കാരം, ഒരു ചരിത്രമെന്ന്. തമിഴെന്താ ഇന്ത്യന്‍ ഭാഷയല്ലേ. തമിഴ് ചരിത്രം ഇന്ത്യയുടെ ഭാഗമല്ലേ?. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ തമിഴ് സംസ്‌കാരത്തെ ബഹുമാനിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്,” കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മന്‍ കീ ബാത്തില്‍ മോദി,

‘ചില സാഹചര്യങ്ങളില്‍ വളരെ ചെറിയ ചോദ്യങ്ങള്‍ നിങ്ങളെ വിഷമത്തിലാക്കും. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്തെങ്കിലും നേടാന്‍ സാധിക്കാതെ പോയതില്‍ ദുഃഖമുണ്ടോ എന്ന് എന്നോടൊരാള്‍ ചോദിച്ചു. അപ്പോള്‍ എനിക്ക് സ്വയം തോന്നി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാന്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്ന്,” എന്ന് പറഞ്ഞിരുന്നു.
‘ഞാന്‍ തമിഴ് പഠിച്ചിട്ടില്ല. അത് അത്രമേല്‍ മനോഹരമായ ഭാഷയാണ്. ലോകം മൊത്തം തമിഴ് ഭാഷ പ്രശസ്തവുമാണ്,” എന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ് ഭാഷയെ കടന്നാക്രമിക്കാനുള്ള നീക്കങ്ങള്‍ രാഹുലും തെരഞ്ഞെടുപ്പില്‍ പരാമര്‍ശിച്ചിത്.

തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തമായ പ്രചരണമാണ് ബി.ജെ.പി നടത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമിഴ്നാട്ടിലെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Narendra modi and Rahul Gandhi Make Tamil as a leading topic in Tamil Nadu Assembly Election