സ്വര്‍ണകവര്‍ച്ച : തടിയന്റവിട നസീറിന് നാര്‍കോ പരിശോധന വേണ്ടെന്ന് കോടതി
Kerala
സ്വര്‍ണകവര്‍ച്ച : തടിയന്റവിട നസീറിന് നാര്‍കോ പരിശോധന വേണ്ടെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd July 2012, 10:17 am

എറണാകുളം: കിഴക്കമ്പലത്ത് ജ്വല്ലറി ഉടമ മാത്യു ജോണിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് രണ്ടരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യ പ്രതിയായ തടിയന്റവിട  നസീറിന് നാര്‍കോ പരിശോധന വേണ്ടെന്ന് കോടതി. ജ്വല്ലറി കവര്‍ച്ചക്കേസില്‍ നാര്‍കോ പരിശോധന വേണമെന്നായിരുന്നു വിജിലന്‍സിന്റെ ആവശ്യം. എന്നാല്‍ സി.ജെ.എം കോടതി ഈ ആവശ്യം തള്ളി. നാര്‍കോ പരിശോധനയ്ക്ക് നസീര്‍ വിസമ്മതിച്ചതാണ് പരിശോധന വേണ്ടെന്ന് വെയ്ക്കാനുള്ള കാരണം.

സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യ പ്രതിയായ നസീറിന്റെ നിലപാട് നാര്‍കോ ടെസ്റ്റിലൂടെ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിന് നസീര്‍ വിസമ്മതിച്ചത് വിജിലന്‍സിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നാണ് അറിയുന്നത്. സുപ്രീംകോടതി വിധിയനുസരിച്ച്, ഒരാളെ അയാളുടെ അറിവും സമ്മതവും കൂടാതെ നര്‍കോ പരിശോധയ്ക്ക് വിധേയനാക്കാനാവില്ല.

സ്വര്‍ണം ഏതുരീതിയില്‍ ചെലവഴിച്ചു എന്ന് കണ്ടെത്തേണ്ടത് കേസന്വേഷണത്തില്‍ നിര്‍ണായകമാണ്. സ്വര്‍ണം ആരുടെ കൈകളിലാണ് എത്തിയത്, ഇത് വിറ്റുകിട്ടിയ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് മുഖംതിരിച്ച നസീര്‍ പിന്നീടും അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിരുന്നില്ല.

2006 നു ശേഷമാണ് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്തു നിന്ന് കൂടുതല്‍ പണമൊഴുകിയിരിക്കുന്നത്. അതിനു മുമ്പ് കവര്‍ച്ചമുതലുകളില്‍ നിന്നുള്ള പണം തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. 2002 ലായിരുന്നു ജ്വല്ലറി കവര്‍ച്ച കേസ്.