മലയാളത്തിലേക്ക് തിരിച്ചുവരാത്തതിന്റെ കാരണമത്: നരേൻ
Malayalam Cinema
മലയാളത്തിലേക്ക് തിരിച്ചുവരാത്തതിന്റെ കാരണമത്: നരേൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th December 2025, 10:42 am

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ് നരേൻ. അച്ചുവിന്റെ ‘അമ്മ’ എന്ന ചിത്രത്തിലാണ് നരേൻ ആദ്യമായി നായകവേഷം ചെയ്തത്. മറ്റനവധി കഥാപാത്രങ്ങൾ തമിഴിലും മലയാളത്തിലും അദ്ദേഹം ചെയ്തിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലാസ്സ്‌മേറ്റ് എന്ന സിനിമയിലെ മുരളി എന്ന കഥാപാത്രം മലയാളത്തിൽ ഏറെ ശ്രദ്ധിക്കപെട്ട ഒരു കഥാപാത്രമാണ്. നീണ്ട ഒരിടവേളയ്ക്ക് ശേഷം സാഹസം എന്ന സിനിമയിലൂടെയായിരുന്നു നരേന്റെ തിരിച്ചു വരവ് ഉണ്ടായിരുന്നത്.

മലയാള സിനിമയിൽ എന്തുകൊണ്ട് കൂടുതൽ സിനിമകൾ തിരഞ്ഞെടുക്കുന്നില്ല എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയാണ് നരേൻ. കൊച്ചിയിൽ നടന്ന മനോരമ ഹോർത്തൂസിൽ എക്കോ ടീമിനൊപ്പം സംസാരിക്കവെയാണ് ഇത്തരമൊരു ചോദ്യത്തോട് നരേൻ പ്രതികരിച്ചത്.

നരേൻ ,Photo: Narain/Facebook

‘മലയാള സിനിമ ഞാൻ തിരഞ്ഞെടുക്കാത്തത് അല്ല. മലയാള സിനിമയും തമിഴ് സിനിമയും ഒരുപോലെ തിരഞ്ഞെടുത്തത് കൊണ്ടാണ് മലയാളത്തിൽ കൂടുതൽ സിനിമകളിൽ ആക്റ്റീവ് ആവാൻ സാധിക്കാതിരുന്നത്. ഇതിനെല്ലാം ഉപരി ഞാൻ മലയാള സിനിമയേക്കാൾ തമിഴ് സിനിമകളാണ് തിരഞ്ഞെടുക്കുക, മലയാളത്തിനേക്കാളും പ്രിയം തമിഴ് സിനിമകളോടാണെന്നുള്ള ഒരു തെറ്റായ വാർത്ത എല്ലാവരിലും പടർന്നത് കൊണ്ടാണ് എനിക്ക് സിനിമകൾ നഷ്ടമായത്. പല സംവിധായകരും എന്നോടുതന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട് പല സിനിമകളിലും എന്നെ കാസ്റ്റ് ചെയ്യാൻ വിചാരിക്കും എന്നാൽ മലയാള സിനിമ അഭിനയിക്കില്ല എന്നറിയുന്നതുകൊണ്ടാണ് വിളിക്കാതിരുന്നത് എന്ന്,’ നരേൻ പറഞ്ഞു.

ഇത്തരം പല വാർത്തകളും പ്രചരിക്കുന്നത് കൊണ്ടാണ് നല്ല കുറെ സിനിമകൾ തനിക്ക് നഷ്ടമാവാൻ കാരണം എന്നും നരേൻ പറഞ്ഞു. ക്ലാസ്സ്‌മേറ്റ് സിനിമയിലെ മുരളി എന്ന കഥാപാത്രം തനിക്ക് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടി തന്നു എന്നും നരേൻ കൂട്ടിച്ചേർത്തു.

നരേൻ ,Photo: Narain/Facebook

ബാഹുൽ രമേശിന്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സന്ദീപ് പ്രദീപ് നായകനായി എത്തിയ സിനിമയിൽ നരേൻ, വിനീത്, ബിയാന മോമിൻ, സൗരഭ് സച്ച്ദേവ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight:  Narain talk about the  reason for not returning Malayalam Filim