പേര് അനര്‍ത്ഥ്വമാക്കി നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ടീസര്‍; റിലീസ് ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍
Film News
പേര് അനര്‍ത്ഥ്വമാക്കി നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ടീസര്‍; റിലീസ് ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th March 2022, 4:26 pm

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ടീസര്‍ പുറത്ത്. ഒരു മിനിട്ടും ആറ് സെക്കന്റും മാത്രം നീണ്ടു നില്‍ക്കുന്ന ടീസറില്‍ ചിത്രത്തിലെ ചില കഥാപാത്രങ്ങള്‍ ഉറങ്ങുന്നതാണ് കാണിക്കുന്നത്.

ടീസറിന്റെ അവസാനം ഒറ്റക്ക് മമ്മൂട്ടി ഉറങ്ങുന്നതും കാണാം. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി തന്നെ കഥയെഴുതിയ നന്‍പകല്‍ നേരത്തിന് മയക്കത്തിന് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മുഖത്ത് കരി പുരണ്ട്, കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. തേനി ഈശ്വറാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ക്യാമറ.

ഭീഷ്മ പര്‍വ്വമാണ് ഒടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഭീഷ്മ പര്‍വ്വം 80 കോടിയും പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്. മാര്‍ച്ച് മൂന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. ‘പുഴു’, ‘ബിലാല്‍’, ‘സി.ബി.ഐ ദി ബ്രെയ്ന്‍’ എന്നീ ചിത്രങ്ങളാണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍


Content Highlight: NANPAKAL NERATHU MAYAKKAM TEASER