ദുല്‍ഖര്‍ ഇപ്പോള്‍ പകുതി തെലുങ്ക് ആക്ടര്‍; പ്രേക്ഷകര്‍ അദ്ദേഹത്തെ അത്രയേറെ ഇഷ്ടപ്പെടുന്നു: നാനി
Indian Cinema
ദുല്‍ഖര്‍ ഇപ്പോള്‍ പകുതി തെലുങ്ക് ആക്ടര്‍; പ്രേക്ഷകര്‍ അദ്ദേഹത്തെ അത്രയേറെ ഇഷ്ടപ്പെടുന്നു: നാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th July 2025, 1:07 pm

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടുതന്നെ മലയാളത്തിലെ യൂത്ത് ഐക്കണായി മാറാന്‍ ദുല്‍ഖറിന് കഴിഞ്ഞു. ഓ കാതല്‍ കണ്മണി, കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രങ്ങളിലൂടെ തമിഴ് സിനിമ പ്രേമികളുടെ ഹൃദയത്തിലേക്കും ദുല്‍ഖര്‍ ചേക്കേറി. സീതാരാമം, മഹാനടി, ലക്കി ഭാസ്‌ക്കര്‍ എന്നീ തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും ദുല്‍ഖര്‍ തന്റെ സാന്നിധ്യമറിയിച്ചു.

ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ നാനി. ദുല്‍ഖര്‍ സല്‍മാനെ ഒരു തെലുങ്ക് ആക്ടര്‍ ആയിട്ടാണ് എല്ലാവരും കാണുന്നതെന്നും മലയാളത്തില്‍ നിന്നാണ് തുടങ്ങിയതെങ്കിലും അദ്ദേഹം ഇപ്പോള്‍ പകുതി തെലുങ്ക് ആക്ടര്‍ ആണെന്നും നാനി പറയുന്നു. ദുല്‍ഖറിനെ തെലുങ്ക് സിനിമ പ്രേക്ഷകര്‍ സ്‌നേഹിക്കുന്നുണ്ടെന്നും ദുല്‍ഖറിനും തെലുങ്ക് സിനിമ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാ ഇന്‍ഡസ്ട്രികളിലും ഉണ്ടാകാം, എന്നാലും തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ ഒരു ശക്തമായ സഹോദരബന്ധമുണ്ട്. അത് അഭിനേതാക്കള്‍ തമ്മിലും മറ്റ് ടെക്നീഷ്യന്‍മാര്‍ തമ്മിലും ഉണ്ട്. ദുല്‍ഖര്‍ സല്‍മാനെ ഒരു തെലുങ്ക് ആക്ടര്‍ ആയിട്ടാണ് ഞങ്ങള്‍ എല്ലാവരും കാണുന്നത്. അദ്ദേഹം മമ്മൂട്ടി സാറിന്റെ മകനായതുകൊണ്ടുള്ള ബഹുമാനമെല്ലാം കിട്ടുന്നുണ്ടാവും. മലയാള സിനിമയല്‍ നിന്നുകൊണ്ടാണ് അദ്ദേഹം തുടങ്ങിയതും. എന്നാലും അദ്ദേഹം ഇപ്പോള്‍ പകുതി തെലുങ്ക് ആക്ടര്‍ ആണ്.

സീതാരാമം ആയാലും ലക്കി ഭാസ്‌ക്കര്‍ ആയാലും പ്രേക്ഷകര്‍ അദ്ദേഹത്തെ അത്രയും ഇഷ്ടപ്പെടുന്നുണ്ട്. ദുല്‍ഖറിനും തെലുങ്ക് സിനിമയെയും പ്രേക്ഷകരെയും അത്രയും ഇഷ്ടമാണ്. ഞങ്ങള്‍ ഈ അടുത്ത് കണ്ടപ്പോള്‍ പോലും ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. തെലുങ്ക് സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത് അദ്ദേഹം എത്രമാത്രം ആസ്വദിക്കുന്നുണ്ടെന്ന് ആ സംഭാഷണത്തില്‍ നിന്നെനിക്ക് മനസിലായി. തെലുങ്ക് സിനിമയില്‍ ഇപ്പോള്‍ ദുല്‍ഖറിന് വളരെ അടുത്ത സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ട്,’ നാനി പറയുന്നു.

Content Highlight: Nani Talks About Dulquer Salmaan