അസിസ്റ്റന്റ് ഡയറക്ടറായി സിനിമലോകത്തേക്ക് കടന്നുവന്ന്, ഇന്ന് തെലുങ്കിലെ മുന്‍നിര താരമായി മാറിയ നടനാണ് നാനി. രാജമൗലി സംവിധാനം ചെയ്ത ഈഗയിലൂടെയാണ് നാനി ശ്രദ്ധേയനായത്. മികച്ച കഥകള്‍ മാത്രം തെരഞ്ഞെടുത്ത് പ്രേക്ഷകരിലേക്കെത്തിക്കാന്‍ നാനി പലപ്പോഴും ശ്രമിക്കാറുണ്ട്.
2023ലെ ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം നാനി നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയായിരുന്നു. 2023ല്‍ റിലീസായ തന്റെ ചിത്രം ഹായ് നാനയെ അവാര്‍ഡ് കമ്മിറ്റി തീര്‍ത്തും അവഗണിച്ചു. ബാലകൃഷ്ണ നായകനായ മാസ് മസാല ചിത്രം ഭഗവന്ത് കേസരിക്കാണ് മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കിട്ടിയത്.
പിന്നാലെ ‘ഹയ് നാന‘ എന്ന ക്യാപ്ഷനൊപ്പം തകര്‍ന്ന ഹൃദയത്തിന്റെ ഇമോജിയുമുള്ള സ്‌റ്റോറി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നാനി പങ്കുവെച്ചു. ആ വര്‍ഷം തെലുങ്കിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ഹായ് നാനയെ അവഗണിച്ചതിനെതിരെ പലരും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, തന്റെ പ്രതിഷേധത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കുകയാണ് നാനി. താന്‍ അത് ആരെയും വേദനിപ്പിക്കാനോ ആരുടെയും വെറുപ്പ് സമ്പാദിക്കാനോ വേണ്ടിയല്ല അങ്ങനെയൊരു സ്‌റ്റോറി പങ്കുവെച്ചതെന്ന് നാനി പറഞ്ഞു. ചെയ്യണമെന്ന് മനസില്‍ തോന്നിയ കാര്യം ചെയ്യുകയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ജഗപചി ബാബു നടത്തുന്ന ജയമു നിശ്ചയമുറാ വിത് ജഗപതി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നാനി.
‘കുട്ടിക്കാലം മുതല്‍ നമ്മെ പഠിപ്പിച്ച് തന്ന കാര്യമായിരുന്നു ‘നല്ലത് ചെയ്താല്‍ നല്ലത് കിട്ടും, മോശം കാര്യം ചെയ്താല്‍ അതിന്റെ ഫലം കിട്ടും’എന്നത്. എന്നാല്‍ ഇന്ന് അത് മുഴുവന്‍ മാറി. നല്ലത് ചെയ്താല്‍ പോലും നമുക്ക് അതിനനുസരിച്ചുള്ള അംഗീകാരം കിട്ടണമെന്നില്ല. അതേസമയം മോശമായിട്ട് എന്തെങ്കിലും ചെയ്യുമ്പോള്‍ ആളുകള്‍ അതിനെ ആഘോഷിക്കുന്നതും കാണാറുണ്ട്.
ഹായ് നാനയുടെ കാര്യത്തില്‍ ഞാന്‍ എന്തെങ്കിലും പ്രതികരിക്കുമെന്ന് വിചാരിച്ച് ഇരിക്കുന്നവരുണ്ടായിരുന്നു. നമ്മള്‍ എന്തെങ്കിലും പോസ്റ്റ് പങ്കുവെച്ചാല്‍ അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ഡീകോഡ് ചെയ്യാന്‍ ആളുകളുണ്ട്. അവരിലൂടെ നമ്മള്‍ ഉദ്ദേശിച്ച കാര്യം ഒരുപാട് ആള്‍ക്കാരിലേക്കെത്തും.
ഇപ്പോള്‍ മിണ്ടാതിരുന്നിട്ട് പത്തുവര്‍ഷത്തിന് ശേഷം അന്ന് എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് ചിന്തിക്കാന്‍ എനിക്കാകില്ല. അത് വല്ലാത്ത വീര്‍പ്പുമുട്ടല്‍ തരും. എന്ത് ചെയ്യണമെന്നതില്‍ ഏറ്റവും സിമ്പിളായിട്ടുള്ള കാര്യമാണ് ഞാന്‍ ചെയ്തത്. എല്ലാവര്‍ക്കും അത് മനസിലായിട്ടുമുണ്ട്,’ നാനി പറയുന്നു.
Content Highlight: Nani explains his Instagram Story after National Award declaration