ചെറിയ വേഷങ്ങളിലൂടെയെങ്കിലും മലയാളികള്‍ക്ക് എന്നും പരിചിതനായ അഭിനേതവാണ് നന്ദു പൊതുവാള്‍. മിമിക്രിയില്‍ നിന്നും സിനിമയിലെത്തി ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ അദ്ദേഹം പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രൊഡക്ഷന്‍ മാനേജറായും മലയാള സിനിമയുടെ അണിയറയിലും സജീവമാണ്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടത്തിലെ നമസ്‌കാരം പറയുന്ന ട്രെയിന്‍ യാത്രക്കാരനടക്കം മാധ്യമ പ്രവര്‍ത്തകന്‍, വഴിപോക്കന്‍, ഓഫീസ് സ്റ്റാഫ് തുടങ്ങി പഴയകാല സിനിമകളിലെ പല റോളുകളിലും പ്രത്യക്ഷപ്പെട്ട നന്ദു പൊതുവാളിന് കരിയറില്‍ ലഭിച്ച മികച്ച വേഷമായിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യം. ചിത്രത്തില്‍ സൈജു കുറുപ്പ് അവതരിപ്പിച്ച ശശിധരന്‍ നായര്‍ എന്ന കഥാപാത്രത്തിന്റെ സഹോദരി ഭര്‍ത്താവായ അശോകനായിട്ടായിരുന്നു നന്ദു പൊതുവാള്‍ പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ ഭരതനാട്യത്തിന് രണ്ടാം ഭാഗമായി കഴിഞ്ഞ ദിവസം മോഹിനിയാട്ടം പുറത്തെത്തിയതോടെ വീണ്ടും പ്രേക്ഷകരുടെ ചര്‍ച്ചാവിഷയങ്ങളില്‍ സ്ഥാനം കണ്ടെത്തുകയാണ് നന്ദു. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ ചിത്രത്തിലെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഒന്നിച്ചെത്തിയ പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഈ സിനിമ കൊണ്ട് വഴിപോക്കന്‍ എന്ന ചീത്തപ്പേര് മാറിക്കിട്ടി. വര്‍ഷങ്ങളോളം സിനിമയില്‍ നിന്നിട്ടും ഇപ്പോഴാണ് നല്ലൊരു ക്യാരക്ടര്‍ കിട്ടിയത്. ദാസനെ പോലൊരു സംവിധായകന്റെ കീഴില്‍ സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. യാതൊരുവിധ അഹങ്കാരമോ ജാഡയോ ഇല്ലാതെ നമ്മളെ പോലെ പെരുമാറുന്ന സാധാരണ മനുഷ്യനാണദ്ദേഹം. ചിത്രത്തില്‍ നമ്മളെ അഴിഞ്ഞാടാന്‍ വിട്ട് തന്നിരിക്കുകയാണ് എന്നാലും അത്യാവിശ്യത്തിന് അദ്ദേഹത്തിന്റെ കൈയില്‍ കടിഞ്ഞാണുമുണ്ട്. അതുപോലെ തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവായ സൈജു കുറുപ്പിന്റെ മറ്റ് ആര്‍ട്ടിസ്റ്റുകളോടുള്ള പെരുമാറ്റം,’ നന്ദു പൊതുവാള്‍ പറഞ്ഞു.
2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. പിന്നാലെ ഒ.ടി.ടിയില്‍ റിലീസായ ചിത്രത്തിന് വലിയ പ്രശംസ ലഭിക്കുകയും രണ്ടാം ഭാഗം പുറത്തിറക്കുകയുമായിരുന്നു. ആദ്യഭാഗത്തിലെ അഭിനേതാക്കള്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍, ജഗദീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Nandu pothuval who usually gets minor characters plays an important role in Mohiniyattam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.