നന്ദിത ദാസിന്റെ സ്വിഗാറ്റോ; ആരാധകരെ ഞെട്ടിക്കാന്‍ കപില്‍ ശര്‍മ
Entertainment news
നന്ദിത ദാസിന്റെ സ്വിഗാറ്റോ; ആരാധകരെ ഞെട്ടിക്കാന്‍ കപില്‍ ശര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th February 2023, 5:51 pm

കപില്‍ ശര്‍മയും ഷഹാന ഗോസ്വാമിയും അഭിനയിക്കുന്ന പുതിയ ചിത്രമാണ് സ്വിഗാറ്റോ. നന്ദിത ദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് പ്രമാണിച്ച് കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റും റിലീസ് ഡേറ്റും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

കപില്‍ ശര്‍മയും ഷഹാനയും തങ്ങളുടെ സോഷ്യല്‍ മീഡിയലിലൂടെയാണ് പോസ്റ്ററുകള്‍ പങ്കുവെച്ചത്. മാനസ് എന്ന ഫുഡ് ഡെലിവറി ജീവനക്കാരനായാണ് കപില്‍ ശര്‍മ അഭിനയിക്കുന്നത്.

മാനസ് എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കപില്‍ ശര്‍മ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചത്. ‘മാനസിനെ പരിചയപ്പെടൂ. എത്ര ബുദ്ധിമുട്ടുള്ള വഴികളാണെങ്കിലും നിങ്ങളുടെ ഓര്‍ഡറുകള്‍ സമയത്തിന് മാനസ് എത്തിക്കും,” എന്നാണ് പോസ്റ്ററിന് താഴെ അദ്ദേഹം കുറിച്ചത്.

പ്രതിമ എന്നാണ് ഷഹാനയുടെ കഥാപാത്രത്തിന്റെ പേര്. ടെയ്‌ലറായിട്ടാണ് ഷഹാന ചിത്രത്തിലെത്തുന്നത്. പോസ്റ്ററുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തമാശക്കാരന്റെ പ്രതീക്ഷിക്കാത്ത എന്‍ട്രിയെന്നാണ് ആരാധകരുടെ പ്രതികരണം.

ഇന്ത്യയിലെ ഫുഡ് ഡെലിവറി സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള സോഷ്യല്‍ ആക്ഷേപഹാസ്യരൂപത്തിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം കപില്‍ ശര്‍മ ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സ്വിഗാറ്റോക്കുണ്ട്.

രണ്ട് ഫുഡ് ഡെലിവറി ഭീമന്മാരുടെ പേരുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ സംയോജിപ്പിച്ചാണ് ചിത്രത്തിന് സ്വിഗാറ്റോയെന്ന് പേര് ഇട്ടിരിക്കുന്നത്. 2022 സെപ്റ്റംബറിലെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഐ.എഫ്.എഫ്.കെ എന്നീ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. മാര്‍ച്ച് ഒന്നിനാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യുന്നത്. മാര്‍ച്ച് 17ന് ചിത്രം റിലീസ് ചെയ്യും.

content highlight: nanditha das new movie poster out