കേരളത്തിലേക്കാള്‍ 9 രൂപ വിലക്കുറവില്‍ കര്‍ണാടകയില്‍ പാല്‍ ലഭിക്കും
Kerala
കേരളത്തിലേക്കാള്‍ 9 രൂപ വിലക്കുറവില്‍ കര്‍ണാടകയില്‍ പാല്‍ ലഭിക്കും
ന്യൂസ് ഡെസ്‌ക്
Thursday, 18th October 2012, 9:02 am

തിരുവനന്തപുരം: കേരളത്തില്‍ മില്‍മ പാല്‍ വിലയില്‍ വന്‍വര്‍ധനവ് നടത്തിയിട്ട് ദിവസങ്ങള്‍ ആയിട്ടേയുള്ളൂ. എന്നാല്‍ കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ കേരളത്തേക്കാള്‍ 9 രൂപ വിലക്കുറവിലാണ് പാല്‍ വില്‍പ്പന നടത്തുന്നത്.[]

കര്‍ണാടകയിലെ നന്ദിനി പാലിനാണ് കേരളത്തിലെ മില്‍മ പാലിനേക്കാള്‍ 9 രൂപ വിലക്കുറവില്‍ ലഭിക്കുന്നത്.

നമ്മുടെ മില്‍മ പോലെ കര്‍ണാടക മില്‍ക്ക് ഫെഡറേഷനാണ് ഇവിടെ പാല്‍ സംഭരണവും, വിതരണവും നടത്തുന്ന ഔദ്യോഗിക ഏജന്‍സി. 2012 ജനുവരിയിലാണ് കര്‍ണാടകത്തില്‍ അവസാനമായി പാല്‍ വില വര്‍ധിപ്പിച്ചത്.

പല വേരിയന്റിലുള്ള പാലിന് കര്‍ണാടകയില്‍ വില 23 രൂപ മുതല്‍ 31 രൂപവരെയാണ്. ജനുവരിയിലെ വര്‍ധനയ്ക്ക് ശേഷവും ഇവിടെ ഡബിള്‍ ടോണ് ഡ്‌പാലിന് ലിറ്ററിന് 23 രൂപ മാത്രമേയുള്ളു.

എറ്റവും കൊഴുപ്പേറിയ സ്റ്റാന്റേഡൈസ്ഡ് മില്‍ക് വേരിയന്റിനാവട്ടെ 31 രൂപയും. അതായത് മില്‍മയുടെ ഏറ്റവും കൊഴുപ്പു കുറഞ്ഞ ഡബിള്‍ ടോണ് ഡ് പാലിനേക്കാള്‍ ഒരു രൂപ കുറവ്.

കൊഴുപ്പേറിയ ഹോമോജനൈസ്ഡ് പാല്‍ വേരിയന്റുകള്‍ക്ക് കര്‍ണാടകയില്‍ 25രൂപയും, 28 രൂപയും നല്‍കിയാല്‍ മതി. എന്നാല്‍ മില്‍മയുടെ ഹോമോജനൈസ്ഡ് പാല്‍ വൈരിയന്റുകള്‍ക്ക് 35 രൂപയും, 37 രൂപയുമാണ് പുതിയ വില.

ഡബിള്‍ ടോണ്ഡ് മില്‍മ പാലിന് കേരളീയര്‍ 32 രൂപ നല്‍കുമ്പോള്‍ നന്ദിനി പാലിന് 23രൂപ മാത്രം. ടോണ്‍ഡ് നന്ദിനിക്ക് വില 24 രൂപയും മില്‍മയ്ക്ക് 33 രൂപയുമാണ്. ഏറ്റവും കൊഴുപ്പേറിയ സ്റ്റാന്‍ഡഡൈസ്ഡ് നന്ദിനി പാലിന് 30 രൂപയും മില്‍മയ്ക്ക് 36 രൂപയുമായി.