തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം കഠിനതടവും 15 ലക്ഷം പിഴയും. അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ടുകൊണ്ട് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നെങ്കിലും പ്രതിയുടെ പ്രായം ഉൾപ്പടെ കണക്കിലെടുത്തുകൊണ്ട് ജീവപര്യന്തം കഠിന തടവിന് വിധിക്കുകയായിരുന്നു.
നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി കെ. വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.
പ്രതിക്ക് മാനസിക രോഗമുണ്ട്, പ്രതിയുടെ പ്രായം പരിഗണിക്കണം, പ്രതി കൃത്യം നടത്തിയത് പൂര്‍ണ ബോധ്യത്തോടെയല്ല തുടങ്ങിയ വാദങ്ങളായിരുന്നു പ്രതിഭാഗം ഉയർത്തിയത്.
എന്നാല്‍ ആസൂത്രിത കൊലപാതകമാണ് പ്രതി നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി വരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. കൊലപാതകത്തിന് ശേഷം ചെന്നൈക്ക് പോയപ്പോള്‍ പ്രധാന രേഖകളെല്ലാം എടുത്തു. മാനസിക പ്രശ്‌നമുള്ളയാള്‍ക്ക് ഇങ്ങനെ ചെയ്യാനാവില്ല. പ്രതിക്ക് പശ്ചാത്താപം ഇല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കൊലപാതകം നടന്ന് എട്ട് വർഷങ്ങൾ ശേഷമാണ് വിധി വരുന്നത്. 2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ കൂട്ടകൊലപാതകം നടന്നത്. തിരുവനന്തപുരത്ത് ഏറ്റവും പ്രധാനപ്പെട്ട മേഖലയായ നന്ദൻകോടിലായിരുന്നു സംഭവം ഉണ്ടായത്.
മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം,സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ കൊലപ്പെടുത്തിയത്. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ സേവയുടെ ഭാഗമായാണ് കൊലപാതകം എന്നായിരുന്നു കേദലിന്റെ വെളിപ്പെടുത്തൽ. ഓൺലൈൻ വഴി വാങ്ങിയ മഴു ഉപയോഗിച്ചായിരുന്നു കൊലപാതകം.
രണ്ട് തവണ വിധി പറയാന്‍ മാറ്റിവച്ച ശേഷമാണ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. 65 ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. മാതാപിതാക്കളെ ഉള്‍പ്പെടെ പ്രതി കൊലപ്പെടുത്തിയ രീതി അതിക്രൂരമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് കേദല്‍ സ്വീകരിച്ചത്.
ഫോറന്‍സിക് തെളിവുകള്‍ ആയിരുന്നു പ്രോസിക്യൂഷന്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിയത്. കേദല്‍ ജെന്‍സന്‍ രാജ 4 പേരെ കൊലപ്പെടുത്തിയത് എന്തിനെന്ന് ഇപ്പോഴും സംശയങ്ങള്‍ പലതാണ്. ദുര്‍മന്ത്രവാദ കഥകള്‍ കള്ളമെന്നും മാതാപിതാക്കളോടുള്ള പകയാണ് കാരണമെന്നും പോലീസ് ഉറപ്പിക്കുന്നു.
കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയ കേദലിനെ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേദൽ മാനസിക പ്രശ്നം അനുഭവിക്കുന്ന വ്യക്തിയാണ് എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കൊലപാതകത്തിനു പുറമെ തീയും ആയുധങ്ങളും ഉപയോഗിച്ച് വീട് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും കേദലിനെതിരെ ചുമത്തിയിട്ടുണ്ട്. കുറ്റപത്രത്തില്‍ 92 സാക്ഷികളും 159 മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlight: Nandancode massacre; Accused Kedal Jinson Raja sentenced to life imprisonment